വൈസ് ചെയര്‍മാന്‍ തിരിച്ചെത്തി; പട്ടാമ്പി ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്, മറുതന്ത്രവുമായി സിപിഎം
വി ഫോര്‍ പട്ടാമ്പി ഇനിയില്ലെന്ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ടിപി ഷാജി. 2020ല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായ നീക്കമായിരുന്നു ഷാജിയും കൂട്ടരും നടത്തിയത്. ആറ് സീറ്റാണ് വി ഫോര്‍ പട്ടാമ്പി എന്ന കൂട്ടായ്മ നേടിയത്. ഇതോടെ ഭരണത്തിലേറാമെന്ന കോണ്‍ഗ്രസിന്റെ മോഹം നടന്നില്ല. ഇടതുപക്ഷത്തിനൊപ്പം ഷാജി ചേര്‍ന്നതോടെ അദ്ദേഹം വൈസ് ചെയര്‍മനാകുകയും ചെയ്തു.
ഷാജിയും കൂട്ടരും നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. അവര്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് വന്നിരിക്കുകയാണ്. ഇനി പട്ടാമ്പി മുന്‍സിപ്പാലിറ്റി മാത്രമല്ല, പട്ടാമ്പി മണ്ഡലം കൂടി കോണ്‍ഗ്രസ് പിടിക്കുമെന്ന് സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ അണിയറയില്‍ സിപിഎമ്മും സിപിഐയും പണി തുടങ്ങി എന്നാണ് മറ്റൊരു വിവരം.

മല്‍സരിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഷാജിയും കൂട്ടരും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതും വി ഫോര്‍ പട്ടാമ്പി രൂപീകരിച്ചതും. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ ഭരണത്തില്‍ മാറ്റം വന്നു. കോണ്‍ഗ്രസ് നാല് സീറ്റില്‍ ഒതുങ്ങി. മുസ്ലിം ലീഗിന് ഏഴ് സീറ്റ് ലഭിച്ചു. ഇടതുപക്ഷത്തിന് 10 സീറ്റും. ആറ് സീറ്റ് നേടിയ വി ഫോര്‍ പട്ടാമ്പിക്കൊപ്പം ചേര്‍ന്ന് ഇടതുപക്ഷം ഭരണം നടത്തി.
പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ നടത്തിയ നീക്കങ്ങളാണ് വി ഫോര്‍ പട്ടാമ്പിയിലെ പ്രധാന നേതാവ് ടിപി ഷാജിയെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിച്ചത്. അദ്ദേഹത്തിനൊപ്പം നിരവധി പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഷാജി കഴിഞ്ഞ ദിവസം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പദവിയും കൗണ്‍സിലര്‍ പദവിയും രാജിവച്ചിരുന്നു. എന്നാല്‍ മറ്റു അഞ്ച് അംഗങ്ങള്‍ രാജിവച്ചിട്ടില്ല.
മറ്റുള്ളവര്‍ വന്നില്ലെങ്കില്‍ പാരയാകും
ഇവര്‍ക്ക് മല്‍സരിക്കാന്‍ സീറ്റ് കിട്ടുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജി ആലോചിച്ച ശേഷമേ ഉണ്ടാകൂ എന്നാണ് വിവരം. വി ഫോര്‍ പട്ടാമ്പിയെല ഒരു അംഗം വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധമുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഷാജിയുടെ നിലപാടാണ് എന്ന് പറയാന്‍ സാധിക്കില്ല. ഷാജി മാത്രമാണ് കോണ്‍ഗ്രസിലേക്ക് പോയത് എന്ന് ചില കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു.
അതേസമയം, മറ്റു കൗണ്‍സിലര്‍മാരുമായി എല്‍ഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നു എന്നാണ് വിവരം. അവരെ കൂടെ നിര്‍ത്താനുള്ള നീക്കമാണ് ഇടതുപക്ഷം നടത്തുന്നത്. ഇത്തവണയും ഭരണം പിടിക്കാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ ആത്മവിശ്വാസം. അതേസമയം, ഷാജിയും കൂട്ടരുമില്ലെങ്കില്‍ എങ്ങനെ എല്‍ഡിഎഫ് ഭരിക്കുമെന്ന ചോദ്യമാണ് ബാക്കി.
ഷാജിക്കൊപ്പം മറ്റു കൗണ്‍സിലര്‍മാരും കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വി ഫോര്‍ പട്ടാമ്പി പൂര്‍ണമായും ഇല്ലാതാകുമെന്നും അവര്‍ കരുതുന്നു. ബാക്കി കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസ് ബന്ധപ്പെടുന്നുണ്ട്. നഗരസഭയിലെ നേതാക്കള്‍ക്കിടയില്‍ ഐക്യം വന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications