വന്ദേഭാരതില്‍ ജ്യോതി മല്‍ഹോത്രയുടെ വീഡിയോയില്‍ വി മുരളീധരനും; എന്തേ മൗനം എന്ന് പികെ ഫിറോസ്
ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് എക്‌സ്പ്രസില്‍ വച്ച് തയ്യാറാക്കിയ വീഡിയോയില്‍ ബിജെപി നേതാക്കളായ വി മുരളീധരനും കെ സുരേന്ദ്രനും പികെ കൃഷ്ണദാസും. കേരളത്തിലേക്ക് ടൂറിസം വകുപ്പ് ക്ഷണിച്ചുവരിത്തി എന്ന് ബിജെപി നേതാക്കള്‍ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പഴയ വീഡിയോ വൈറലായിരിക്കുന്നത്.
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയിയെന്ന് ആരോപിച്ച് ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്തത് പഹല്‍ഗാം ആക്രമണത്തിന് ശേഷമാണ്. ടൂറിസം വകുപ്പിന്റെ പ്രൊമോഷന് വേണ്ടി ജ്യോതി മല്‍ഹോത്ര കണ്ണൂരില്‍ വന്നിരുന്നു എന്ന് ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്ന് അവര്‍ ചാരവൃത്തി നടത്തുന്നത് സംബന്ധിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല എന്നാണ് ഇക്കാര്യത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. മന്ത്രിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി.

ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ സ്‌പോര്‍ണര്‍ഷിപ്പില്‍ കണ്ണൂരില്‍ വന്നിരുന്നുവെന്ന് നേരത്തെ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അടുത്തിടെ വിവാദം ശക്തമായപ്പോള്‍ താന്‍ ഒരു മാസം മുമ്പേ ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രചാരണവുമായി ബിജെപി മുന്നോട്ട് പോകവെയാണ് ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ജ്യോതിയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേളയിലാണ് ജ്യോതി ട്രെയിനില്‍ വച്ച് വീഡിയോ തയ്യാറാക്കിയതും വി മുരളീധരന്‍ ജ്യോതിയോട് പ്രതികരിക്കുന്നതും. ഈ വീഡിയോ പുറത്തുവന്നതോടെ ബിജെപിയും പ്രതിരോധത്തിലായി. ഇക്കാര്യത്തില്‍ മെയ് മാസത്തില്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. വന്ദേഭാരത് യാത്രയില്‍ നിരവധി പേര്‍ തന്റെ പ്രതികരണം എടുത്തിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, ബിജെപി നേതാക്കളെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ: ''പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരനോടൊപ്പം പങ്കെടുത്തു എന്നത് അതീവ ഗൗരവമുള്ളതാണ്.
കേന്ദ്രറെയില്‍വേ മന്ത്രിയായിരുന്ന അഹമ്മദ് സാഹിബ് പത്തൊമ്പത് ട്രെയിന്‍ കേരളത്തിന് അനുവദിച്ച കാലത്തോ മറ്റേതെങ്കിലും മന്ത്രിമാരുടെ കാലത്തോ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ ബി.ജെ.പി നേരിട്ട് സംഘടിപ്പിച്ച ഉദ്ഘാടനമായിരുന്നു വന്ദേഭാരതിന്റേത്.കന്നി യാത്രയില്‍ പങ്കെടുക്കേണ്ടവരെ പോലും ക്ഷണിച്ച് നടത്തിയ പരിപാടിയായിരുന്നു ഉദ്ഘാടനം.
അങ്ങിനെയെങ്കില്‍ രാജ്യദ്രോഹ പ്രവര്‍ത്തി നടത്തിയ ജ്യോതി മല്‍ഹോത്ര എങ്ങിനെ ഉദ്ഘാടനത്തിനെത്തി? വി.മുരളീവരന് എന്താണ് മറുപടിയുള്ളത്? ജ്യോതിമല്‍ഹോത്രക്ക് പകരം വല്ല ജ്യോതി മാഹിനോ ജ്യോതി മഹബൂബോ ആയിരുന്നെങ്കില്‍ ഉറഞ്ഞ് തുള്ളുമായിരുന്ന കെ.സുരേന്ദ്രന്‍ എന്താണ് വായ തുറക്കാത്തത്? അദ്ദേഹമിപ്പോഴും തുപ്പല്‍ ജിഹാദിനെ കുറിച്ചുള്ള ഗവേഷണത്തില്‍ മുഴുകിയിരിക്കുകയാണോ??''












Click it and Unblock the Notifications