'വി മുരളീധരൻ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ച് ജയിച്ചിട്ടില്ലാത്ത ആളാണ്';പരിഹസിച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കേന്ദ്ര സഹമന്ത്രി വി മുരളീധരനും തമ്മിലുള്ള സോഷ്യൽ മീഡിയ വാക്ക് പോര് കൊഴുക്കുന്നു. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമര്‍ശിക്കുക എന്നത് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ശീലമാക്കിയിരിക്കുകയാണെന്ന വി ശിവൻകുട്ടിയുടെ വിമർശനത്തിനെതിരെ വി മുരളീധരൻ രംഗത്തെത്തിയിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ ചൂണ്ടിക്കാട്ടിയായിരുന്നു വി ശിവൻകുട്ടിയുടെ വിമർശനം.
എന്നാൽ മാറി മാറി ഭരിച്ചവർ കേരളത്തിൻ്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചുവെന്നായിരുന്നു മുരളീധരൻ വി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടി നൽകിയത്. കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മികച്ചതെങ്കില്‍ ദേശീയ പ്രവേശന പരീക്ഷകളില്‍ മലയാളികള്‍ പിന്നാക്കം പോകുന്നതെന്തുകൊണ്ടെന്നടക്കമുള്ള ചോദ്യങ്ങളും മുരളീധരൻ ഉന്നയിച്ചു.ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നല്‍കിയാല്‍ സര്‍ക്കാരിന്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു. ഇപ്പോഴിതാ മുരളീധരന് മറുപടി നൽകുകയാണ് വി ശിവൻകുട്ടി.

കേന്ദ്രമന്ത്രി വി മുരളീധരൻ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ച് ജയിച്ചിട്ടില്ലെന്നും അതിനാൽ നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പരിഹസിച്ചു. വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങൾ തെളിയിക്കാം. ഇക്കാര്യത്തിൽ വി മുരളീധരനെ വെല്ലുവിളിക്കുന്നു. സ്കൂളുകൾ നേരിട്ട് സന്ദർശിച്ചാൽ കാര്യം മനസിലാകുമെന്നും ശിവൻകുട്ടി പറഞ്ഞു.
നീതി ആയോഗിന്റെ സ്കൂൾ എജുക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ കേരളം ഒന്നാമതാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിലും കേരളം പ്രഥമ ശ്രേണിയിലാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുുറിപ്പിൽ ശിവൻകുട്ടി പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം- കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇകഴ്ത്തുക വഴി ഫലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തേയും നീതി ആയോഗിനേയും തള്ളിപ്പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രി ശ്രീ.വി.മുരളീധരൻ. രാഷ്ട്രീയ അന്ധത ബാധിച്ച് പിറന്ന നാടിനെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ കേന്ദ്രസർക്കാരിന്റെ പഠനങ്ങളും സൂചികകളും എങ്കിലും പഠിക്കുന്നത് നന്നായിരിക്കും.
നീതി ആയോഗിന്റെ സ്കൂൾ എജുക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ കേരളം ഒന്നാമതാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിലും കേരളം പ്രഥമ ശ്രേണിയിലാണ്.
ഈ സൂചികകളുടെ ദേശീയ ശരാശരിയും വി മുരളീധരൻ പുകഴ്ത്തുന്ന ഉത്തർപ്രദേശിന്റെ നിലയും ഇടയ്ക്ക് പരിശോധിക്കുന്നത് നന്നായിരിക്കും.
ഇടയ്ക്കൊക്കെ കേന്ദ്ര സർക്കാരിന്റെ കണക്കുകൾ നോക്കൂന്നേ..!












Click it and Unblock the Notifications