കഴക്കൂട്ടത്ത് മുരളീധരൻ്റെ പടയോട്ടം; കടകംപള്ളിയെ മലർത്തിയടിച്ച് ബിജെപിക്ക് ചരിത്ര വിജയം!
തിരുവനന്തപുരം ജില്ലയിലെ എൽഡിഎഫ് കോട്ടയായ കഴക്കൂട്ടത്ത് അട്ടിമറി വിജയം നേടി ബിജെപി. ശക്തമായ പോരാട്ടത്തിനൊടുവിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, എൽഡിഎഫ് കരുത്തൻ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി. മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബിജെപി ഇവിടെ വിജയക്കൊടി പാറിക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മാറി മറിഞ്ഞ ലീഡ് നിലക്കൊടുവിലാണ് മുരളീധരൻ വിജയക്കൊടി പാറിച്ചത്. ശബരിമല സ്വർണ്ണ കവർച്ച വിവാദവും, വികസന മുരടിപ്പും എൽഡിഎഫിന് തിരിച്ചടിയായതായാണ് സൂചന.
മുരളീധരന്റെ മാസ് അട്ടിമറി
കടകംപള്ളി സുരേന്ദ്രന്റെ ഹാട്രിക് വിജയപ്രതീക്ഷകൾ തകർത്താണ് വി. മുരളീധരൻ നിയമസഭയിലേക്ക് വരുന്നത്. കഴിഞ്ഞ രണ്ട് തവണയും കൈവിട്ട മണ്ഡലം പിടിക്കാൻ ഇത്തവണ ബിജെപി കൃത്യമായ പ്ലാനിംഗാണ് നടത്തിയത്. യുഡിഎഫിനായി മത്സരിച്ച സ്ഥാനാർത്ഥിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയാതെ പോയതും ബിജെപിക്ക് ഗുണകരമായി. ഐടി മേഖലയിലെ വികസനവും കേന്ദ്ര സർക്കാരിന്റെ പദ്ധതികളും മുൻനിർത്തി മുരളീധരൻ നടത്തിയ പ്രചാരണം വോട്ടർമാർ ഏറ്റെടുത്തു.

നിയമസഭയിൽ ബിജെപിക്ക് കരുത്തുകൂടുന്നു
നേമത്തിനും ചാത്തന്നൂരിനും പിന്നാലെ കഴക്കൂട്ടം കൂടി പിടിച്ചെടുത്തതോടെ കേരള നിയമസഭയിൽ ബിജെപിയുടെ സാന്നിധ്യം ഇത്തവണ ചരിത്രപരമായി മാറി. ഒന്നിലധികം സീറ്റുകൾ നേടി നിയമസഭയിൽ കരുത്തുറ്റ പ്രതിപക്ഷമാകാൻ ബിജെപിക്ക് ഈ വിജയം ഊർജ്ജം നൽകുന്നു. തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ സ്വാധീനവും വി. മുരളീധരൻ്റെ വ്യക്തിപരമായ പ്രതിച്ഛായയുമാണ് ഇടതുകോട്ടയിൽ വിള്ളലുണ്ടാക്കിയത്.
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിൻ്റെ സൂചനയാണ് കഴക്കൂട്ടത്തെ ഫലമെന്ന് വി. മുരളീധരൻ പ്രതികരിച്ചു. അതേസമയം, പരാജയം അപ്രതീക്ഷിതമാണെന്നും വോട്ടുനിലയിലെ കുറവ് പരിശോധിക്കുമെന്നും എൽഡിഎഫ് കേന്ദ്രങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ കേരള നിയമസഭയിൽ വി. മുരളീധരൻ്റെ സാന്നിധ്യം ബിജെപിയുടെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് പുതിയ മുഖം നൽകുമെന്നുറപ്പാണ്.












Click it and Unblock the Notifications