നടന്നത് രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന സംഭവം;പരാതി ആര് തന്നാലും അന്വേഷിക്കുമെന്ന് വി മുരളീധരൻ
കൊച്ചി: ഷാർജ ഷെയ്ഖിനെ വിദേശകാര്യ മന്ത്രാലയം അറിയാതെ ക്ലിഫ് ഹൗസിൽ എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഇക്കാര്യം പോലീസ് അന്വേഷിക്കണം.പ്രതിപക്ഷ നേതാവാടക്കം ആര് പരാതി നൽകിയാലും വിഷയം വിദേശകാര്യ വകുപ്പ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരന് ഡിപ്ലോമാറ്റിക് ഐഡി നല്‍കി. മുഖ്യമന്ത്രിയുടെ ബാഗ് എത്തിക്കാൻ ഇയാളുടെ സഹായം തേടിയത് രാജ്യത്തിന് തന്നെ നാണക്കേടാണ്.വിദേശരാജ്യത്തെ പൗരനോടും കോണ്‍സുലേറ്റിനോടും സഹായം തേടുക എന്നത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുള്ള സ്ഥാനത്തിനടക്കം മങ്ങലേല്‍പ്പിക്കുന്നതാണ്. ലൈഫ് മിഷനിലെ കൈക്കൂലി, സ്വർണക്കടത്ത്, ഡിപ്ലോമാറ്റിന്റെ ഐഡി, ശിവശങ്കറിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്. എല്ലാം പുറത്ത് വരണമെങ്കിൽ സിബിഐ അന്വേഷണം ആവശ്യമാണെന്നും വി മുരളീധരൻ പറഞ്ഞു.

'യുഎഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരനായ ആൾക്ക് കേരള സർക്കാർ എല്ലാ നിയമങ്ങളും ലംഘിച്ച് കൊണ്ട് വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ ഡിപ്ലോമാറ്റിക് ഐഡി നൽകി.ആ ഐഡി ഉപയോഗിച്ചാണ് കറൻസി ഇന്ത്യക്ക് പുറത്ത് കൊണ്ട് പോയി എന്ന ആരോപണം ഉയർന്നത്. ആ കറന്‍സിയാണ് അയാളുടെ ഐഡി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ മറന്നുവെച്ച ബാഗ് എന്ന പേരില്‍ കൊണ്ടുപോയതെന്നാണ് ആരോപണം.ഇത്തരത്തിലുള്ള ഐഡി നല്‍കാന്‍ കേരള സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വിഭാഗത്തിന് ആര് അധികാരം നല്‍കി?'

'അതിന് ശേഷം അവിടെ നടന്ന തീപിടുത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ എല്ലാവർക്കുമറിയാവുന്നതാണ്. അതുമാത്രമല്ല ഇതൊരു ആസൂത്രിതമായി നടന്ന വലിയ രാജ്യവിരുദ്ധ പ്രവർത്തനമാണ്. വിദേശ രാജ്യത്തെ ഒരു പൗരനെ ഉപയോഗിച്ച് കൊണ്ടാണ് ഇത് നടത്തിയത്. ബാഗ് കൊണ്ടുപോയത് ഈജീപ്ഷ്യന്‍ പൗരനായ ഖാലിദാണ്. അയാൾ ഡിപ്ലോമാറ്റല്ല, അയാൾ കരാർ ജീവിനക്കാരാണ്. ഇത്തരത്തിൽ ഡിപ്ലോമാറ്റ് അല്ലാത്ത കരാർ ജീവനക്കാരനമായ ഒരാൾക്കാണ് കേരള സർക്കാർ നയതന്ത്ര പരിരക്ഷ നൽകിയത്. കേരള സര്‍ക്കാരിലെ ഉന്നതരായ ആര്‍ക്കൊക്കെയോ വേണ്ടി രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാനായിട്ടായിരുന്നു ഇത്. നാളെ ഒരു പ്രശ്നം ഉണ്ടായാൽ വിദേശ പൗരനായ അയാളിലേക്ക് എത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കടക്കം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ് കൊണ്ടാണ് വിദേശ പൗരനെ ഉപയോഗിച്ചത്'.

'മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് കോൺസുൽ ജനറൽ പല തവണ തന്റെ വീട്ടിലും ഓഫീസിലും വന്നിട്ടുണ്ടെന്ന്.വിദേശ കോണ്‍സുലേറ്റുകള്‍ ഒരു സംസ്ഥാന സര്‍ക്കാരുമായും നേരിട്ട് ഇടപെടാന്‍ പാടില്ലെന്ന് ഡിപ്ലൊമാറ്റിക് ഹാന്‍ബുക്കിൽ പറഞ്ഞിട്ടുണ്ട്. ആ നിർദ്ദേശങ്ങൾ മറികടന്നുകൊണ്ട് ഏതെങ്കിലും വിദേശ കോൺസുലേറ്റ് കേരള സർക്കാരിനേയോ മുഖ്യമന്ത്രിയേയോ സമീപിച്ച് കഴിഞ്ഞാൽ കേന്ദ്ര വിദേശകാര്യ വകുപ്പിനെ ബന്ധപ്പെട്ട് തന്നെ സമീപിക്കൂ എന്ന് മുഖ്യമന്ത്രിയാണ് പറയേണ്ടത്.എന്തുകൊണ്ട് അത് ചെയ്തില്ല? അതിനർത്ഥം കോൺസുലേറ്റ് ഇത്തരത്തിൽ വരുന്നതിൽ സർക്കാരിനും താത്പര്യം ഉണ്ടായിരുന്നുവെന്നാണ്. അവിടുത്ത കരാർ ജോലിക്കാരായ വിദേശ പൗരൻമാരെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനം നടത്തുകയെന്നതാണ് ലക്ഷ്യം. ഇതിനെ കുറിച്ച് എന്ത് കൊണ്ടാണ് മുഖ്യമന്ത്രി മൗനം തുടരുന്നത് എന്നാണ് അറിയേണ്ടത്'.

'കേരള മുഖ്യമന്ത്രി ബാഗ് മറന്നു പോയിട്ടുണ്ടെങ്കിൽ ആ ബാഗുമായി ഒരാളെ കേരള സർക്കാരിന് അയക്കാമായിരുന്നു.പക്ഷേ അയാളെ പരിശോധിക്കും. പരിശോധന ഇല്ലാതെ ബാഗ് പുറത്ത് കൊണ്ടുപോകണമെങ്കിൽ വിദേശ നയതന്ത്ര പ്രതിനിധിയുടെ മേൽ വിലാസം ഉപയോഗിക്കണം. അതിന് വേണ്ടി ബോധപൂർവ്വം ഉപയോഗിച്ചതാണ്.ഇവിടെ ഒരു പ്രോട്ടോക്കോൾ ഘംഘനം മാത്രമല്ല, നാണക്കേട് കൂടിയാണ്. വിദേശരാജ്യത്തെ പൗരനോടും കോണ്‍സുലേറ്റിനോടും സഹായം തേടുക എന്നത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുള്ള സ്ഥാനത്തിനടക്കം മങ്ങലേല്‍പ്പിക്കുന്നതാണ്. ഒരു കാരണവശാലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എന്തെങ്കിലും തടസം ഉണ്ടായിരുന്നെങ്കിൽ കേന്ദ്ര വിദേശകാര്യ വകുപ്പിനെയായിരുന്നു അവർ ബന്ധപ്പെടേണ്ടിയിരുന്നത്. ഇതൊന്നും ചെയ്യാതെ അവർ വിദേശ പൗരനെ ഉപയോഗിച്ചെങ്കിൽ നിയമവിരുദ്ധമായ വസ്തു കൊണ്ട് പോകേണ്ടിയിരുന്നത് കൊണ്ട് തന്നെയാണെന്ന് വ്യക്തമാണ്'

'കേന്ദ്രസർക്കാരിന് മുന്നിൽ ഈ വിഷയങ്ങൾ ഔദ്യോഗികമായി എത്തിയാൽ തീർച്ചയായും ഈ വിഷയത്തിൽ അന്വേഷണം ഉണ്ടാകും.പ്രതിപക്ഷ നേതാവോ പൊതുപ്രവർത്തകരോ ആര് കത്തെഴുതിയാലും പരിശോധിക്കും. ലൈഫ് മിഷനിലെ കൈക്കൂലി, സ്വർണക്കടത്ത്, ഡിപ്ലോമാറ്റിക് ഐഡി, ശിവശങ്കറിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്. എല്ലാം പുറത്ത് വരണമെങ്കിൽ സിബിഐ അന്വേഷണം ആവശ്യമാണ്',മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications