വിഎസ് എത്തി; അരുവിക്കരയില്‍ ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും നാണം കെടുത്തി
തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാറിനുവേണ്ടി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രചരണത്തിനിറങ്ങി. വിജയകുമാറിന്റെ അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ വിഎസ് ഉമ്മന്‍ ചാണ്ടിയെയും സര്‍ക്കാരിനെയും അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
തുട്ടു കിട്ടിയാല്‍ സംസ്ഥാനത്തിന്റെ എന്തും ആര്‍ക്കും വിറ്റു തുലയ്ക്കുന്നയാളാണ് ഉമ്മന്‍ ചാണ്ടിയെന്ന് വിഎസ് പരിഹസിച്ചു. സോളാറും ബാര്‍ കോഴയും എന്നുവേണ്ട എല്ലാ മന്ത്രിമാരും അഴിമതി നടത്തുകയാണ്. മുഖ്യമന്ത്രിയുടെ അതേ ആര്‍ത്തിയോടെയാണ് മറ്റു മന്ത്രിമാരും അഴിമതി നടത്തുന്നത്. ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലും അഴിമതി നടത്താന്‍പോവുകയാണെന്ന് വിഎസ് ആരോപിച്ചു.

വിഴിഞ്ഞത്ത് തീവെട്ടിക്കൊള്ള നടത്താനാണ് നിയമസഭാ സമ്മേളനം വിളിച്ചത്. പ്രതിപക്ഷം എതിര്‍ക്കാന്‍ തുടങ്ങിയതോടെ സമ്മേളനം അവസാനിപ്പിക്കേണ്ടിവന്നിരിക്കുകയാണ്. അദാനിയേയും കൂട്ടുപിടിച്ചാണ് ഇപ്പോള്‍ കൊള്ളയ്ക്ക് ശ്രമം. അദാനിയുമായി സംസാരിച്ചതിന്റെ മിനിറ്റ്‌സ് പുറത്തുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും വിഎസ് ചോദിച്ചു.
എ കെ ആന്റണി കേരളത്തിലെത്തിയപ്പോള്‍ അഴിമതിയുടെ ദുര്‍ഗന്ധം കാരണം മൂക്കു പിടിച്ചാണ് നടന്നത്. ആ ആന്റണിയാണ് ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത്. കല്‍ക്കരി അഴിമതി വന്നപ്പോള്‍ ഉറക്കം തൂങ്ങിയ ആന്റണിയാണ് ഇടതുപക്ഷം ഉറക്കം തൂങ്ങുകയാണെന്ന് വിമര്‍ശിക്കുന്നതെന്നും വിഎസ് പറഞ്ഞു. വിഎസ്സിന്റെ ആവേശകരമായ പ്രസംഗം കേള്‍ക്കാനായി വമ്പിച്ച ജനാവലിയാണ് സ്ഥലത്ത് തടിച്ചു കൂടിയത്.












Click it and Unblock the Notifications