Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുഞ്ഞുങ്ങള്‍ക്ക് ബിരിയാണി നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നു'; അടുത്ത വര്‍ഷം വിളമ്പുമെന്ന് മന്ത്രി

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരളാ സ്‌കൂള്‍ കലോത്സവം ഇന്നു കൊടിയിറങ്ങിയപ്പോള്‍ ഏറെ അഭിമാനമാണ് തോന്നുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അത്രകണ്ട് മനോഹരമായിരുന്നു ഈ കലോത്സവം. കോവിഡ് മഹാമാരി നമ്മെ തളച്ചിട്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കലോത്സവം ഏറെ മികവോടെ സംഘടിപ്പിക്കാന്‍ നമുക്കായി. ഏറ്റവും അധികം നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഈ നാടിനോടാണ്, കോഴിക്കോട്ടുകാരോടാണ്. ഹലുവ പോലെ മധുരമുള്ളതാണ് കോഴിക്കോടിന്റെ സ്‌നേഹം. അതുകൊണ്ട് തന്നെ എക്കാലവും ഓര്‍മിക്കുന്നതാവും ഈ കലോത്സവം. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഈ മേള ഏറെ ശ്രദ്ധേയമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

v

അക്കാര്യത്തില്‍ സംഘാടക സമിതി ഏറ്റവും മികച്ച രീതിയില്‍ ആണ് പ്രവര്‍ത്തിച്ചത്. സംഘാടക സമിതി ചെയര്‍മാനും ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനോടും അദ്ദേഹത്തിന്റെ ഓഫീസിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സ്‌കൂള്‍ കലോത്സവത്തെയും ടൂറിസത്തെയും പണ്ടെങ്ങുമില്ലാത്തവണ്ണം പരസ്പരം ബന്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എടുത്തു പറയേണ്ടിയിരിക്കുന്നു.

മാനാഞ്ചിറയിലെ വൈദ്യത അലങ്കാരം, മഹാനായ കഥാകരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് പ്രതിഭകള്‍ നടത്തിയ യാത്ര, കാരവനില്‍ ബഹു.മേയറൊടൊപ്പം പ്രതിഭകള്‍ കോഴിക്കോട് നഗരം ചുറ്റിക്കണ്ടത് എന്നിവയൊക്കെ പുതുമ നിറഞ്ഞതായിരുന്നു. കോഴിക്കോട് ജില്ലയിലെ എം എല്‍ എ മാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ഈ മേളയുടെ വിജയത്തിനായി അഹോരാത്രം പണിയെടുത്തു. അവരെയും നന്ദി അറിയിക്കുന്നു.

കലോത്സവത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റികള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഒരു വേര്‍തിരിവും ഇല്ലാതെ ഒരുമിച്ച് നിന്നു എന്നതാണ് സംഘാടനത്തിന്റെ പ്രത്യേകത. അതിനായി ഓരോ അധ്യാപക സംഘടനകളും ആത്മാര്‍ത്ഥമായ പരിശ്രമം നടത്തി.

റിസപ്ഷന്‍, രജിസ്‌ട്രേഷന്‍, താമസം , ഭക്ഷണം, പബ്ലിസിറ്റി, പ്രോഗ്രാം, ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്റ്റേജ് ആന്‍ഡ് പന്തല്‍, ഗതാഗതം, വെല്‍ഫയര്‍, ലോ ആന്‍ഡ് ഓര്‍ഡര്‍, ട്രോഫി, ദൃശ്യ വിസ്മയം, ധനകാര്യം, സുവനീര്‍, സംസ്‌കൃതോത്സവം, അറബിക് കലോത്സവം, സാംസ്‌കാരിക പരിപാടികള്‍, എക്‌സിബിഷന്‍, മീഡിയ, ഗ്രീന്‍ പ്രോട്ടോകോള്‍ തുടങ്ങി എല്ലാ കമ്മിറ്റികളോടും എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.
പോലീസിന്റെയും ശുചിത്വ സേനയുടെയും വിദ്യാര്‍ഥികളുടെ സന്നദ്ധ സംഘടനകളുടെയും ഗതാഗതത്തിനായി സംഘാടകസമിതിയോട് സഹകരിച്ച ഓട്ടോ തൊഴിലാളികള്‍ അടക്കമുള്ളവരുടെയും മാധ്യമപ്രവര്‍ത്തകരുടെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും ടൂറിസം ക്ലബ് വളണ്ടിയേഴ്‌സിന്റെയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും കലോത്സവ സംഘാടന സംഭാവനകള്‍ വളരെ വലുതാണ് .

പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐ. എ. എസും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. ജീവന്‍ ബാബു കെ.ഐ.എ. എസും പ്രശംസ അര്‍ഹിക്കുന്നു. മികച്ച മാതൃകകളാണ് ഇവരെല്ലാം സൃഷ്ടിച്ചത്. പതിനായിരക്കണക്കിന് പേരാണ് ഈ ദിവസങ്ങളില്‍ ഊട്ടുപുരയില്‍ നിന്ന് ഭക്ഷണം കഴിച്ചത്.

ഒരുപക്ഷേ ഇത്രയും ദിവസം ഇത്രയും വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സമൂഹത്തെ ഊട്ടുന്നത് ചരിത്രമാകാം. അടുത്ത തവണ വേള്‍ഡ് റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്നാണ് കരുതുന്നത്. ഭക്ഷണത്തിലെ വൈവിധ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. ആ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കും വിധമുള്ള നടപടികള്‍ അടുത്ത കലോത്സവം മുതല്‍ ഉണ്ടാകും എന്ന് ഞാന്‍ ഉറപ്പു പറയുന്നു.

എന്റെ കുഞ്ഞുങ്ങള്‍ക്ക് കോഴിക്കോടന്‍ ബിരിയാണി നല്‍കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തില്‍ നോണ്‍വെജ് വിളമ്പുന്ന കാര്യം പരിഗണനയിലുണ്ട്. വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് നോണ്‍ വെജിറ്റേറിയനും കഴിക്കാം. എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടും. കൃത്യസമയം പാലിച്ച് മേള നടത്താനായി എന്നത് വലിയ നേട്ടമായി ഞാന്‍ കരുതുന്നു. അത് മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘാടകര്‍ക്കും ഏറെ ആശ്വാസം നല്‍കി.
കൂട്ടായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് പിന്നില്‍. ലോട്ട് ഇടുന്നവര്‍ തൊട്ട് കര്‍ട്ടന്‍ വലിക്കുന്നവര്‍ വരെ ഒരേ മനസ്സോടെ നിന്നാണ് ഈ നേട്ടമുണ്ടാക്കിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അപ്പീലുകള്‍ വളരെ കുറവായിരുന്നു.

അപ്പീലുകള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്നുണ്ടായ നിര്‍ദ്ദേശങ്ങള്‍ കാലിക പ്രാധാന്യമുള്ളതാണ് എന്ന് എടുത്തു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും കലോത്സവമാണ് ഇത്. അതുകൊണ്ടുതന്നെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം പരിപാടികള്‍. ഗോത്രവര്‍ഗ്ഗ കലകളെ എങ്ങനെ കലോത്സവവുമായി ഉള്‍ച്ചേര്‍ക്കാം എന്ന കാര്യം വളരെ ഗൗരവമായിത്തന്നെ പരിഗണിക്കുന്നുണ്ട്. അടുത്ത കലോത്സവത്തിന് മുമ്പായി ഇക്കാര്യത്തില്‍ ഒരു പൂര്‍ണ്ണ തീരുമാനം കൈക്കൊള്ളാന്‍ ആകുമെന്നാണ് എന്റെ പ്രതീക്ഷ.
അതിന് ആവശ്യമുള്ള എല്ലാ നടപടികളും കൈക്കൊള്ളും.

കലോത്സവത്തിന്റെ പ്രധാന വേദിയെ ഉള്‍ക്കൊള്ളാന്‍ ക്യാപ്റ്റന്‍ വിക്രം മൈതാനം വിട്ടു തന്ന സേന അധികൃതര്‍ക്കും നന്ദി അറിയിക്കുന്നു.
ആ ധീര രക്തസാക്ഷിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. എല്ലാറ്റിനുമുപരി കലോത്സവം ഉദ്ഘാടനം ചെയ്യുകയും ഞങ്ങള്‍ക്കെല്ലാം വഴികാട്ടുകയും ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നന്ദി അറിയിക്കുന്നു.
വേണ്ട സമയത്ത് കൃത്യമായ ഇടപെടലുകളും മാര്‍ഗ്ഗനിര്‍ദ്ദേശവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. കലോത്സവ മാനുവല്‍ പരിഷ്‌കരണം പരിഗണനയിലാണ്.

കാലാനുസൃതമായി മാനുവല്‍ പുതുക്കപ്പെടേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ താമസിയാതെ ആരംഭിക്കും. സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന പ്രതിഭകള്‍ പിന്നീട് എങ്ങോട്ട് പോകുന്നു എന്നതിനെ കുറിച്ചൊരു അന്വേഷണം ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ മലയാളത്തിന് പല പ്രതിഭകളെയും കൈമോശം വരുന്നുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ എന്ത് മാറ്റം കൊണ്ടുവരാന്‍ ആകും എന്നത് പരിശോധിക്കും.

കലോത്സവ മാനുവല്‍ പുതുക്കുന്നതോടൊപ്പം ജഡ്ജസിനെ തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. കലോത്സവങ്ങളെ കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തണം. കാണികളുടെ എണ്ണക്കൂടുതല്‍ മാത്രം ലക്ഷ്യംവച്ച് ആകരുത് ആ ജനകീയവല്‍ക്കരണം എന്നതാണ് എനിക്ക് പറയാനുള്ളത്. അടിസ്ഥാന തലംതൊട്ട് പ്രതിഭകളെ കണ്ടെത്തി അവരെ വളര്‍ത്തിയെടുക്കാനുള്ള സംവിധാനം ഉണ്ടാകും. ഇതൊന്നും ഒരു ദിവസം കൊണ്ട് ഉണ്ടാകും എന്നതല്ല പറയുന്നത്. എന്നാല്‍ അതിനുള്ള നിരന്തരശ്രമം ഉണ്ടാകും എന്ന് ഉറപ്പു പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കൂടുതല്‍ പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ കോഴിക്കോട് ജില്ലയ്ക്കും രണ്ടാം സ്ഥാനം പങ്കിട്ട കണ്ണൂര്‍ ജില്ലയ്ക്കും പാലക്കാട് ജില്ലയ്ക്കും അഭിനന്ദനങ്ങള്‍- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+