കുട്ടികൾ കല്ലേപ്പലകയിൽ പഠിച്ചാൽ മതിയോ? ചെന്നിത്തലയ്ക്ക് മറുപടിയുമായി പിണറായിയും ശിവൻകുട്ടിയും
പുതിയ അധ്യയന വർഷത്തേക്കുളള പാഠപുസ്തകങ്ങൾ നേരത്തെ അച്ചടിച്ചതിനെ വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും. വിദ്യാർത്ഥികൾ അടുത്ത ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് അറിയാതെ ആണോ പാഠപുസ്തകം കൊടുക്കുന്നത് എന്ന് ചോദിച്ച രമേശ് ചെന്നിത്തല ഇതൊക്കെ തുഗ്ലക്ക് പരിഷ്ക്കാരം ആണെന്നും പരിഹസിച്ചു.
പ്രതിപക്ഷ നേതാവ് 'തുഗ്ലക്ക് പരിഷ്കാരം' എന്ന് ആക്ഷേപിച്ചത് പരിഹാസ്യവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. '' അധ്യയന വർഷം ആരംഭിച്ചിട്ടും പഠിക്കാൻ പാഠപുസ്തകങ്ങൾ ലഭിക്കാതെ നമ്മുടെ കുഞ്ഞുങ്ങൾ വലഞ്ഞിരുന്ന കെട്ട കാലം കേരളത്തിനുണ്ടായിരുന്നുവല്ലോ. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം ചെയ്തു ക്ലാസ് നടത്തിയിരുന്ന അക്കാലത്ത് നിന്നും അധ്യയന വർഷം തീരുമ്പോഴേക്ക് അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിലയിലേക്ക് നമ്മുടെ നാട് വളർന്നിരിക്കുന്നു.
ഇതിന്റെ തുടർച്ചയായി 2026-27 അധ്യയന വർഷം ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ, 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാന തല വിതരണത്തിന് ഇന്ന് നാം തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ മൂലം സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണിത്.

ഈ നേട്ടത്തെ മുൻ പ്രതിപക്ഷ നേതാവ് 'തുഗ്ലക്ക് പരിഷ്കാരം' എന്ന് ആക്ഷേപിച്ചത് പരിഹാസ്യവും അപലപനീയവുമാണ്. സ്കൂളുകൾ അടച്ചുപൂട്ടി, കുഞ്ഞുങ്ങൾ തെരുവിലിറങ്ങേണ്ടി വന്ന യുഡിഎഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള നമ്മുടെ വളർച്ചയെ താറടിക്കുന്ന ഏത് പരാമർശവും എതിർക്കപ്പെടേണ്ടതുണ്ട്. അധിക്ഷേപങ്ങൾക്ക് തെല്ലും വില കൽപിക്കാതെ നമുക്ക് മുന്നോട്ട് പോകാം. എല്ലാ വിദ്യാർത്ഥികൾക്കും ശോഭനമായ ഭാവി ആശംസിക്കുന്നു'' എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികൾക്കെതിരെയുള്ള പോർവിളിയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.. '' കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടേത് വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് കേരളത്തിലെ പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് നേരെയുള്ള പോർവിളിയാണ്. സർക്കാർ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുമ്പോൾ അതിനെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിളിക്കാൻ ചെന്നിത്തലയ്ക്ക് എങ്ങനെ സാധിക്കുന്നു? ഇതാണോ ചെന്നിത്തല പറയുന്ന 'തുഗ്ലക്ക് പരിഷ്കാരം'?
പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് കുറ്റമോ?: സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ കൈയിൽ പുസ്തകവും യൂണിഫോമും എത്തിക്കുന്നത് ഭരണപരമായ മികവാണ്. അല്ലാതെ പഴയ യു.ഡി.എഫ് കാലത്തെപ്പോലെ ഓണം കഴിഞ്ഞിട്ടും പുസ്തകത്തിനായി കുട്ടികളെ തെരുവിൽ കാത്തുനിർത്തുന്നതാണോ നിങ്ങളുടെ വികസന മാതൃക?
2000 സ്കൂളുകളിൽ 7000 റോബോട്ടിക് ലാബുകൾ സ്ഥാപിച്ച് പാവപ്പെട്ടവന്റെ മക്കളെ ആധുനിക സാങ്കേതികവിദ്യ പഠിപ്പിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണോ? വരേണ്യവർഗത്തിന് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യങ്ങൾ സാധാരണക്കാരന് ലഭ്യമാക്കുന്നത് കാണുമ്പോഴാണോ നിങ്ങൾക്ക് അസ്വസ്ഥത?
കിഫ്‌ബി വഴി 973 സ്കൂളുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുന്നു. അടച്ചുപൂട്ടാൻ പോയിരുന്ന സർക്കാർ സ്കൂളുകളെ ജനകീയമാക്കി മാറ്റിയതാണോ ചെന്നിത്തല പരിഹസിക്കുന്ന 'തുഗ്ലക്ക്' രീതി? ലോകം മാറുന്നതിനനുസരിച്ച് നമ്മുടെ കുട്ടികളും മാറണം. അതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും 3D മോഡലിംഗും സിലബസിന്റെ ഭാഗമാക്കിയത് തെറ്റാണോ? അതോ നമ്മുടെ കുട്ടികൾ ഇന്നും കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയെന്നാണോ ചെന്നിത്തലയുടെ വാശി?
വിദ്യാർത്ഥികൾക്ക് അപകട/ലൈഫ് ഇൻഷുറൻസ് പരിരക്ഷയും സൗജന്യ ഹെൽത്ത് കാർഡും ഉറപ്പാക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് താങ്ങായി നിൽക്കുന്ന ഈ സുരക്ഷാ പദ്ധതികളാണോ നിങ്ങൾക്ക് പരിഹാസ്യമായി തോന്നുന്നത്? പരീക്ഷാഫലം വരുന്നതിന് മുമ്പേ പുസ്തകം അച്ചടിക്കുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച് നിശ്ചയദാർഢ്യമാണ്. തോൽക്കുമോ ജയിക്കുമോ എന്ന് സംശയിച്ചു നിൽക്കുന്ന ചെന്നിത്തലയുടെ രാഷ്ട്രീയ മന:സ്ഥിതിയല്ല കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനുള്ളത്. പാവപ്പെട്ടവന്റെ മക്കൾ പഠിച്ചുയരുന്നത് കണ്ട് സമനില തെറ്റിയ ചെന്നിത്തല കേരളത്തിലെ വിദ്യാർത്ഥികളോട് മാപ്പു പറയണം''; വി ശിവൻകുട്ടി പ്രതികരിച്ചു.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications