മിടുമിടുക്കിയായി ജെ ജം; മിന്നുപ്രകടനവുമായി കേരളം അഭയം നൽകിയ മണിപ്പൂരിലെ കുട്ടി, അഭിനന്ദനവുമായി മന്ത്രി
തിരുവനന്തപുരം: മണിപ്പൂരിലെ വർഗീയ കലാപത്തിനിടെ കേരളത്തിൽ അഭയം തേടി എത്തിയ കൊഹിനെ ജം ( ജെ ജം) വായ്പേ എന്ന കുട്ടിയെ നമ്മൾ മറന്നുകാണില്ല. കേരളത്തിന്റെ കൈകളിൽ ജെ ജം സുരക്ഷിതയാണ്, അവൾ മിടുക്കിയായി വളരുകയാണ്. ജെ ജം ഇപ്പോൾ തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പഠിക്കുകയാണ്.
കണ്ണീരിൽ കുതിർന്ന ജീവിതമൊക്കെ മാറി ഇപ്പോൾ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ജെ ജെമ്മിന് കിട്ടിയിരിക്കുന്നത്. ജില്ല അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ മത്സരങ്ങളിൽ പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ തകർപ്പൻ വിജയമാണ് ജെ ജം സ്വന്തമാക്കിയിരിക്കുന്നത്.

മൂന്നാം ക്ലാസിലാണ് ജം പഠിക്കുന്നത്. ജെ ജെമ്മിൻറെ മിന്നും പ്രകടനങ്ങൾ കേരളം കണ്ടത്. പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടിയിരിക്കുകയാണ്.
മണിപ്പൂരിൽ നിന്ന് ബന്ധുവിന് ഒപ്പം ആണ് ജെ ജം കേരളത്തിലേക്ക് എത്തിയത്. ജെ ജമ്മിൻറെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ആക്രമം ഭയന്ന് പാലായനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജെ ജമ്മിന് മറ്റ് രേഖകളൊന്നും ഹാജരാക്കിയില്ലെങ്കിവും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു.
ഇപ്പോൾ ജെ ജമ്മിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജെ ജമ്മിനെ അഭിനന്ദിച്ച് കൊണ്ട് ശിവൻ കുട്ടി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു
മന്ത്രി ശിവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു ഓട്ടക്കാരന് നമ്മൾ കൈയ്യടി നൽകി.
ഇനി ഒരു ഓട്ടക്കാരിയെ കാണാം.
കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂരുകാരി
ജെ ജം. ജില്ല അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ മത്സരങ്ങളിൽ പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടി തൈക്കാട് ഗവണ്മെന്റ് മോഡൽ എൽ പി സ്കൂളിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊഹിനെ ജം വായ്പേയ് എന്ന ജെ ജം.
ജെ ജെമ്മിനും മത്സരിച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ... ❤️..












Click it and Unblock the Notifications