ഫൈവ്സ്റ്റാര്‍ ഹോട്ടലാണെന്ന് കരുതി റൂം അന്വേഷിച്ച് ആളുകള്‍ സ്‌കൂളില്‍ കയറിച്ചെല്ലുന്നു: ശിവന്‍കുട്ടി
തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നേട്ടം ഉയര്‍ത്തി കാട്ടി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആണോ എന്ന് കരുതി ആളുകള്‍ സ്‌കൂളുകളിലേക്ക് കയറി ചെല്ലുകയാണ് എന്ന് ശിവന്‍കുട്ടി അവകാശപ്പെട്ടു. തൃശൂര്‍ ജില്ലയിലെ ചേലക്കരയിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ് അടുത്ത ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണ് എന്നും ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ എയ്ഡഡ് മേഖലയിലും ഗവണ്‍മെന്റ് മേഖലയിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ കേരളത്തിന്റെ മക്കളാണ് എന്ന മനോഭാവമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. അണ്‍ എയ്ഡഡ് മേഖലയില്‍ എന്‍ ഒ സി കൊടുക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ് എന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ശമ്പളം കൊടുക്കുന്നതും മറ്റു കാര്യങ്ങളും നമ്മളല്ല എന്നും ഫീസ് നിശ്ചയിക്കുന്നതും മറ്റും അവരാണ് എന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. അതേസമയം വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. അണ്‍ എയ്ഡഡ് മേഖലയിലെ അവസാനിപ്പിച്ച വിദ്യാഭ്യാസ കച്ചവടം വീണ്ടും കൊണ്ടുവരാന്‍ പരിശ്രമിക്കരുത് എന്നും ശിവന്‍കുട്ട പറഞ്ഞു.
അങ്ങനെ ഉണ്ടായാല്‍ കര്‍ശന നിലപാട് സ്വീകരിക്കും എന്ന മുന്നറിയിപ്പും വിദ്യാഭ്യാസ മന്ത്രി നല്‍കി. അനാവശ്യമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിക്കുവാനും അവര്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നതിനും ഇടയാകരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാലയങ്ങള്‍ക്ക് വേണ്ടി സംസ്ഥാനം 5000 കോടി രൂപയാണ് മുടക്കിയത് എന്നും ശിവന്‍കുട്ടി അവകാശപ്പെട്ടു.
'ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവര്‍ക്ക് ഒന്നുകൂടി സ്‌കൂളില്‍ പോയി പഠിച്ചാലോ എന്ന് തോന്നുന്നുണ്ട്. പലരും, കുടുംബശ്രീയുടെ ആള്‍ക്കാര്‍ പോലും സ്‌കൂളില്‍ പോകുന്നുണ്ട് എന്നാണ് മന്ത്രി രാധാകൃഷ്ണന്‍ പറയുന്നത്. പലരും റോഡ് സൈഡില്‍ ഇരിക്കുന്ന കെട്ടിടങ്ങള്‍ കണ്ട് ഇത് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ആണോ എയന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോയെന്ന് അന്വേഷിച്ച് കയറിച്ചെല്ലുന്നു,' ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് എന്നും നമ്മുടെ കുട്ടികള്‍ ഏത് പരീക്ഷ എഴുതാന്‍ പോയാലും ഒന്നാം സ്ഥാനത്ത് എത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications