പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരം ശേഖരിക്കുന്നു: അവസരം ഉറപ്പ് വരുത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അർഹരായ എല്ലാ വിദ്യാർത്ഥികള്‍ക്കും പ്ലസ് വൺ പ്രവേശനം ഉറപ്പ് വരുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതുവരേയും പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ഉള്‍പ്പെടേയുള്ള വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കുകയും ഇവർക്ക് തുടർ പഠനത്തിനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുമെന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ അധ്യയന വർഷം ഇതുവരെ 3,16,772 വിദ്യാർഥികളാണ് സംസ്ഥാനത്തൊട്ടാകെ പ്ലസ് വൺ പ്രവേശനം നേടിയത്. പ്രവേശന സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ജൂലൈ 8 മുതൽ 12 വരെ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെൻറ് നടക്കും. ജൂലൈ 16 ഓടെ സപ്ലിമെൻററി അലോട്ട്‌മെൻറ് നടപടികൾ പൂർത്തിയാകുന്നതോടെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യഘട്ടം കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സപ്ലിമെൻററി അലോട്ട്‌മെൻറ് നടപടി പൂർത്തിയാതിന് ശേഷമായിരിക്കും ഒട്ടേറെ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചില്ല എന്ന് പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കുക. അർഹരായ എല്ലാ വിദ്യാർഥികളുടെയും ഉപരിപഠനം സാധ്യമാക്കാൻ വേണ്ട കാര്യങ്ങൾ സർക്കാർ നിർവഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഈ വർഷം ചരിത്രത്തിൽ ആദ്യമായി പ്ലസ് വൺ അധ്യയനം വളരെ നേരത്തെ തുടങ്ങാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 25 നായിരുന്നു പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയത്. ഇത്തവണ 50 ദിവസങ്ങൾ മുൻപ് ക്ലാസ് ആരംഭിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഇതിലൂടെ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ വിദ്യാർത്ഥികള്‍ക്ക് ലഭിക്കും നിലവിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥികളുടെ പ്ലസ് വൺ ഇംപ്രൂവ്‌മെൻറ് പരീക്ഷ ഈ വർഷം കൂടി പ്രത്യേകമായി സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ തന്നെ നടത്തുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.
നേരത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയ്ക്ക് ഒപ്പം നടത്താനായിരുന്നു തീരുമാനം. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്തുന്നത് രണ്ട് പരീക്ഷകളും എഴുതേണ്ടവർക്ക് സമ്മർദം ഉണ്ടാക്കുമെന്ന പരാതിയെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നും മന്ത്രി നിർദേശിച്ചു.
അതേസമയം സ്‌കൂൾ പരിസരത്തെ മരങ്ങൾ അപകടമുണ്ടാക്കുന്ന നിലയിലാണെങ്കിൽ എത്രയും പെട്ടെന്ന് വെട്ടിമാറ്റണമെന്നും മന്ത്രി നിർദേശിച്ചു. സാങ്കേതിക ന്യായങ്ങൾ പറഞ്ഞു മരങ്ങൾ മുറിച്ചു മാറ്റാതിരിക്കുകയോ നീട്ടി വെക്കുകയോ ചെയ്യരുത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാവും. കാസർകോട് മരം തലയിൽ വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications