'ഞങ്ങളുടെ അണ്ണൻ, സഖാവ് വി ശിവൻകുട്ടി നേമം വിട്ടുകൊടുക്കില്ല മതവർഗ്ഗീയവാദിക്ക്', കുറിപ്പുമായി മുഹമ്മദ് റിയാസ്
നേമം മണ്ഡലം വി ശിവൻകുട്ടി ഇക്കുറിയും ബിജെപിക്ക് വിട്ടുകൊടുക്കില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വി ശിവൻകുട്ടിയുമായുളള സൌഹൃദത്തെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഹമ്മദ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് കഴിഞ്ഞ തവണ ഞങ്ങൾ പൂട്ടിക്കുമെന്ന് പ്രഖ്യാപിക്കുകയും ജനം അത് നടപ്പിലാക്കുകയും ചെയ്തുവെന്നും മുഹമ്മദ് റിയാസ് കുറിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബിജെപി ഒരു നിയമസഭാ സീറ്റിൽ വിജയിക്കുന്നത് നേമത്താണ്. 2016ൽ ഒ രാജഗോപാലാണ് നേമത്ത് നിന്ന് വിജയിച്ചത്. എന്നാൽ 2021ലെ തിരഞ്ഞെടുപ്പിൽ വി ശിവൻകുട്ടിയിലൂടെ ഇടതുപക്ഷം നേമം തിരിച്ച് പിടിച്ചു.
പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ഒരുമിച്ചുള്ള എല്ലാവരും ചങ്ങായിമാരാണ്. എന്നാൽ ഒരു ബെഞ്ചിൽ അടുത്തിരിക്കുന്നവൻ കാര്യമായ ചങ്ങായിയായിരിക്കും. നിയമസഭയിലും അങ്ങനെ തന്നെയാ. സാമാജികർ എല്ലാവരും സുഹൃത്തുക്കൾ. പക്ഷേ അടുത്തിരിക്കുന്ന ഒരാളുണ്ട് നമ്മുടെ അണ്ണൻ സഖാവ് വി.ശിവൻകുട്ടി... കാര്യമായിട്ടുള്ള ചങ്ങായിയാ...

കോഴിക്കോട്ട് സംസ്ഥാന സ്‌ക്കൂൾ കലോത്സവവും തിരുവനന്തപുരത്ത് ഓണാഘോഷങ്ങളും ഞങ്ങൾ നേതൃത്വം കൊടുത്ത് സംഘടിപ്പിച്ചതൊക്കെയും ഒരു മനസ്സും ശരീരവുമായിട്ടാണ്.
2021ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ശിവൻകുട്ടിയിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ഞങ്ങൾ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചു. അത് ജനങ്ങൾ നടപ്പിലാക്കി.
നേമം വഴി ബിജെപി നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കില്ല എന്ന് സഖാവ് പിണറായി വിജയനും എൽ ഡി എഫും ഈ തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചിരുന്നു. വോട്ടെണ്ണൽ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുമ്പോൾ എനിക്ക് ഉറപ്പാണ്. ഞങ്ങളുടെ അണ്ണൻ, സഖാവ് വി. ശിവൻകുട്ടി നേമം വിട്ടുകൊടുക്കില്ല മതവർഗ്ഗീയവാദിക്ക്''.














Click it and Unblock the Notifications