12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാർച്ചില്‍ വാക്സിന്‍ വിതരണം ആരംഭിക്കും: എൻടിഎജിഐ ചീഫ്
ദില്ലി: മാർച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ രാജ്യത്തെ 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതെന്ന് എൻടിഎജിഐ ചീഫ് ഡോ. എന് കെ അറോറ. '12-14 പ്രായക്കാർക്കുള്ള കോവിഡ് വാക്‌സിനേഷൻ 2022 മാർച്ചിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു' - എന്നാണ്. നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻടിഎജിഐ) ഇന്ത്യയുടെ കൊവിഡ് വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ എൻ കെ അറോറ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ വാക്സിനേഷൻ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 12-14 പ്രായത്തിലുള്ള 7.5 കോടി ജനസംഖ്യയാണ് രാജ്യത്തുള്ളത്. മാർച്ചോടെ ഇവർ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍ യോഗ്യരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന്റെ ഭാഗമായി, 15 നും 18 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ കോവിഡ് വാക്സിൻ ലഭിക്കാൻ അർഹതയുള്ളൂ.

"15-18 വയസ്സിനിടയിലുള്ള 7.4 കോടി (7,40,57,000) ജനസംഖ്യയിൽ 3.45 കോടിയിലധികം പേർക്ക് ആദ്യ ഡോസ് ലഭിച്ചു. അവയുടെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിനുള്ളിൽ നൽകേണ്ടിവരും. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയായതിനെ പിന്നാലെ 12 മുതൽ 14 വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെ കുട്ടികൾക്കായി വാക്സിനേഷൻ വിതരണം ആരംഭിക്കും'' - അറോറ കൂട്ടിച്ചേർത്തു. കോവിഡ് കേസുകള്‍ വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും വീണ്ടും സ്കൂളുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വൈറസ് വ്യാപനം ഉണ്ടാവാതിരിക്കുകയെന്ന മുന്‍കരുതലോടെ കൂടുതല്‍ കുട്ടികളിലേക്ക് വാക്സിന്‍ എത്തിക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നീങ്ങുന്നത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ 39 ലക്ഷത്തിലധികം (39,46,348) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 157.20 കോടി (1,57,20,41,825) കടന്നു. 1,68,75,217 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,740 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,52,37,461 ആയി. ദേശീയ രോഗമുക്തി നിരക്ക് 94.27%. 2,58,089 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 16,56,341 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.43 ശതമാനമാണ്.


Click it and Unblock the Notifications