വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മലയാളികൾ; നിങ്ങൾക്കും പണം നൽകാം, ചെയ്യേണ്ടത് ഇത്രമാത്രം
രണ്ട് ദിവസത്തിനകം ഒരു കോടിയിലധികം രൂപ ഇത്തരത്തിൽ ദുരിതാശ്വാസ നിധിയിലെത്തിയതായി കണക്കുകൾ പറയുന്നു
തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്ന വാക്സിന് വിലയിടുകയും എന്നാൽ കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് വാക്സിൻ ചലഞ്ചിന് തുടക്കമാകുന്നത്. കേന്ദ്ര സർക്കാരിന്രെ വാക്സിൻ നയത്തിനെതിരെയാണ് ചലഞ്ച് ആരംഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ചലഞ്ച് തരംഗമായി കഴിഞ്ഞു. നിരവധി ആളുകളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തത്.
രണ്ട് ദിവസത്തിനകം ഒരു കോടിയിലധികം രൂപ ഇത്തരത്തിൽ ദുരിതാശ്വാസ നിധിയിലെത്തിയതായി കണക്കുകൾ പറയുന്നു. രണ്ട് ദിവസം മുമ്പാണ് വാക്‌സിന്‍ചലഞ്ച് (#VaccineChallenge )എന്ന ഹാഷ്ടാഗുമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരണം ആരംഭിച്ചത്.

നാളെ പൈസ ഇല്ലാത്തത് കൊണ്ട് കേരളത്തിൽ ഒരാൾക്ക് പോലും വാക്‌സിൻ കിട്ടാതെ വരരുതെന്നാണ് സംഭാവന നൽകുന്നവർ പറയുന്നത്. പണം നൽകി വാക്സിൻ വാങ്ങിക്കാൻ ശേഷിയുള്ളവരാണ് സൗജന്യ വാക്സിൻ സ്വീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അതിന്റെ പൈസ സംഭാവനയായി നൽകുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇത്തരത്തിൽ ഏതൊരാൾക്കും ചലഞ്ചിന്റെ ഭാഗമാകാൻ സാധിക്കും. സിഎംഡിആര്‍ഫ് ഡൊണേഷന്‍ പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി donation.cmdrf.kerala.gov.in എന്ന സൈറ്റില്‍ പ്രവേശിക്കുക. തുടർന്ന് Donate എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഒരു ഫോം പ്രത്യക്ഷപ്പെടും. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും നെറ്റ്ബാങ്കിങ്, വാലറ്റുകൾ വഴിയും പണം നൽകാൻ സാധിക്കും. നിങ്ങൾക്ക് സാധിക്കുന്ന മാർഗം തിരഞ്ഞെടുക്കുകയാണ് അടുത്ത പരിപാടി.
ശേഷം പേരും ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും അതാത് കോളങ്ങളില്‍ പൂരിപ്പിക്കുക. തൊട്ടടുത്ത കോളത്തില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന തുകയും രേഖപ്പെടുത്തുക. പിന്നീട് ക്യാപ്ച്ചയും നല്‍കിയ ശേഷം Proceed എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ അതാത് ബാങ്കുകളുടെ പേരുവിവരങ്ങള്‍ പ്രത്യക്ഷപ്പെടും. ഇവിടെ പ്രസ്തുത ബാങ്കിന്റെ പേരിന് നേരേ ക്ലിക്ക് ചെയ്ത ശേഷം കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ മറ്റുവിവരങ്ങള്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കാം. പണം നല്‍കിയശേഷം രസീത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും കഴിയും. ഗൂഗിള്‍ പേയില്‍ Kerala Chief Ministers Distress Relief Fund എന്ന അക്കൗണ്ട് വഴിയും പണം നല്‍കാം.
സെലിബ്രിറ്റികളടക്കം നിരവധി ആളുകൾ ഇതിനോടകം തന്നെ ചലഞ്ചിന്റെ ഭാഗമായി കഴിഞ്ഞു. ഇത്തരത്തിൽ സംഭവന ചെയ്ത ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റുകളടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ആളുകൾ ചലഞ്ചിന്റെ ഭാഗമാകാൻ കൂടുതൽ ആളുകളെ ക്ഷണിക്കുന്നത്. സംസ്ഥാന സർക്കാരിനുള്ള പിന്തുണ മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ മനുഷ്യവിരുദ്ധ സമീപനം കൊണ്ടാണ് നമുക്ക് ഈ വറുതിക്കാലത്ത് ഇങ്ങനെയൊരു പ്രതിഷേധം വേണ്ടി വന്നതെന്നും ഇക്കൂട്ടർ വാദിക്കുന്നു.
അതേസമയം, ക്യാംപെയിന് എതിരേയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സിപിഎം അനുഭാവികളാണ് പണം നൽകുന്നതെന്നും തങ്ങളുടെ വാങ്ങൽ ശേഷി കാണിക്കാനുള്ള മലയാളികളുടെ പ്രഹസനം മാത്രമാണിതെന്നുമാണ് ഒരു വിഭാഗത്തിന്റെ വിമർശനം. സൗജന്യമായി വാക്സിൻ നൽകുമെന്ന് സർക്കാർ പറയുകയും എന്നാൽ പണപ്പിരിവ് നടത്തുകയും ചെയ്യുന്നുവെന്നും വിമർശിക്കുന്നുണ്ട്.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications