വടകര 'കാഫിർ' സ്ക്രീൻഷോട്ട് വിവാദം: പോലീസിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: ' കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. തിരഞ്ഞെടുപ്പ് സമയത്ത് വടകര ലോക്സഭാ മണ്ഡലത്തിൽ വലിയ വിവാദത്തിന് വഴിയൊരുക്കിയ സംഭവമായിരുന്നു ഇത്. വിഷയത്തിൽ പോലീസ് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ടായി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
സംഭവത്തിൽ ആരോപണവിധേയനായ എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി തിരുവള്ളൂരിലെ പി കെ മുഹമ്മദ് കാസിം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിൽ വാദം കേൾക്കുമ്പോൾ ആണ് പോലീസിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

വിവാദത്തിൽ താനാണ് ആദ്യം പരാതി നൽകിയതെന്നും എന്നാൽ തനിക്കെതിരെ കേസെടുക്കുന്ന സഹാചര്യമുണ്ടായി എന്നും മുഹമ്മദ് കാസിം ഹർജിയിൽ പറയുന്നു. മാത്രമല്ല ആരാണ് ഇത് ഉണ്ടാക്കിയത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഇതിൽ ഇടപെടുകയായിരുന്നു ഹൈക്കോടതി.
വിവാദമായ സ്ക്രീൻഷോട്ട് അന്നുതന്നെ തന്റെ ഫേസ്ബുക്കിലൂടെ മുൻ എം എൽ എയും സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയും സി പി എം സംസ്ഥാന സമിതി അംഗവുമായ കെ കെ ലതിക പങ്കുവെച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ ആരാഞ്ഞ് കഴിഞ്ഞ ദിവസം പോലീസ് കെ കെ ലതികയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്ക്രീൻഷോട്ട് എവിടെ നിന്ന് കിട്ടി എന്നതുൾപ്പെടെ ഉള്ള വിവരങ്ങളാണ് ശേഖരിച്ചത്.
കഴിഞ്ഞ മാസം 25 ന് വൈകീട്ടാണ് തിരുവള്ളൂരിലെ എം എസ് എഫ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിൽ സ്ക്രീൻഷോട്ട് പ്രചരിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമാണ് ഇതിൽ ഉള്ളത്. ഈ സ്ക്രീൻഷോട്ട് സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.
ഈ സന്ദേശത്തിന്റെ പേരിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരാതിയിൽ വടകര പോലീസ് 25 ന രാത്രി കേസെടുത്തിരുന്നു. സന്ദേശം മുഹമ്മദ് കാസിമിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാണിച്ച് യൂത്ത് ലീഗും കാസിമും പരാതി നൽകി.
സംഭവത്തിൽ യൂത്ത് ലീഗ് നൽകിയ പരാതിയിലും അന്നു തന്നെ കേസെടുത്തു. കാസിമിന്റെ ഫോൺ ഉൾപ്പെടെ പോലീസ് പരിശോധിച്ചെങ്കിലും സന്ദേശം മുഹമ്മദ് കാസിം അയച്ചതാണെന്നതിന് പോലീസിന് തെളിവുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല.












Click it and Unblock the Notifications