വടക്കനാട് വന്യമൃഗ ശല്യം: വിഷയത്തില്‍ ശാശ്വത പരിഹാരത്തിന് അവസരമൊരുങ്ങുന്നു
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ഗ്രാമസംരക്ഷണസമിതി നടത്തിയ നിരാഹാരസമരത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് അവസരമൊരുങ്ങുന്നു. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് ഉന്നതതല സംഘം വടക്കനാട്, ഓടപ്പള്ളം, കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. സോളാര്‍ ഫെന്‍സിംഗിനോടുകൂടിയ കല്‍മതില്‍ നിര്‍മിക്കേണ്ട സ്ഥലങ്ങളാണ് നേരത്തേ തിരുവനന്തപുരത്ത് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരം സന്ദര്‍ശിച്ചത്.
ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വടക്കനാട് ഗ്രാമസംരക്ഷണ സമിതി ഭാരവാഹികളും, ജനപ്രതിനിധികളും, കര്‍ഷകപ്രതിനിധികളും, വനം ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. 31.9 കിലോമീറ്റര്‍ കല്‍മതില്‍ നിര്‍മിക്കണമെന്നാണ് ഗ്രാമ സംരക്ഷണസമിതി ആവശ്യപ്പെടുന്നത്. ഈ സ്ഥലങ്ങളുമായി ബന്ധപ്പെട്ട മാപ്പും സമിതി തയാറാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴ് പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വള്ളുവാടി-താഴെ ഓടപ്പള്ളം- അഞ്ച് കിലോമീറ്റര്‍, നിരപ്പത്തുകുന്ന് കവല-വടക്കനാട്-2.2 കിലോമീറ്റര്‍, മാടക്കുണ്ട്-മുന്നു കിലോമീറ്റര്‍, താഴെ ഓടപ്പള്ളം-കരിപ്പൂര്-ആറു കിലോമീറ്റര്‍, കരിപ്പൂര്-പച്ചാടി-താവക്കൊല്ലി-2.4 കിലോമീറ്റര്‍, മാടക്കുണ്ട്-പച്ചാടി-ഏഴ് കിലോമീറ്റര്‍ എന്നീ പ്രദേശങ്ങളാണ് സംഘം പ്രത്യേകമായി സന്ദര്‍ശിച്ചത്. സംഘം പോകുന്നവഴി പച്ചാടി താമരക്കുളത്തിനടത്ത് ജനവാസ കേന്ദ്രത്തിന് സമീപം ആനയെ കണ്ടതു വന്യമൃഗ ശല്യത്തിന്റെ രൂക്ഷത ബോധ്യപ്പെടുന്നതിനു ഉതകി.
വടക്കനാട് പള്ളിയുടെ തോട്ടത്തിലെ കൃഷി ആന നശിപ്പിച്ചതും സംഘം കണ്ടു. കാടും നാടും യാതൊരു വേര്‍തിരിവുമില്ലാതെ ഒന്നിച്ചുകിടക്കുന്ന അവസ്ഥ സംഘത്തിന് ബോധ്യപ്പെട്ടു. ഒരു കിലോമീറ്റര്‍ ദൂരം കല്‍മതില്‍ കെട്ടാന്‍ ഏകദേശം 1.5 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് 32 കിലോമീറ്റര്‍ ദൂരം കല്‍മതില്‍ കെട്ടുന്നതിനായി 50 കോടിയോളം രൂപ വേണം.
ഓരോ പ്രദേശത്തിന്റെയും പ്രത്യേകത അനുസരിച്ച് റെയില്‍വേ പാളത്തിന്റെ വേലിയും, കല്‍മതിലുമാണ് സംഘത്തിലുള്ള ജനപ്രതിനിധികളും കര്‍ഷകരും ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതേസമയം സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനെതിരെ കര്‍ഷകര്‍ രംഗത്ത് വരികയും ചെയ്തു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് 20ന് മുന്പ് റിപ്പോര്‍ട്ട് നല്‍കുമെന്നും ഓഗസ്റ്റ് 30ന് മുമ്പ് കല്‍മതില്‍ നിര്‍മാണം ആരംഭിക്കുമെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു.












Click it and Unblock the Notifications