വൈഗ കൊലക്കേസ്: അച്ഛൻ സനു മോഹന് ജീവപര്യന്തം തടവ് വിധിച്ച് കോടതി, പിഴയും..
കൊച്ചി: കൊച്ചി സ്വദേശി വൈഗ എന്ന പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനു മോഹന് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.
ഐ പി സി 302, 328, 201, ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകൾ പ്രാകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകൽ, കൊലപാതക ഉദ്ദേശത്തോടെ മദ്യം നൽകി, തെളിവ് നശിപ്പിക്കൽ, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികൾക്ക് മദ്യം നൽകൽ തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.

കൊലപാതകത്തിന് ജീവപര്യന്തവും, തട്ടിക്കൊണ്ടുപോകൽ, മദ്യം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് വകുപ്പുകളിൽ 28 വർഷം തടവും വിധിച്ചു. എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയോ എന്നത് വ്യക്തമായിട്ടില്ല. 70 വയസ്സുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല.
11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ട ശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂർവ്വത്തിൽ അപൂർവ്വമാണെന്നും വധ ശിക്ഷ നൽകണമെന്നും പ്രോസിക്യൂ ഷൻ ആവശ്യപ്പെട്ടിരുന്നു. 2021 മാർച്ച് 21 നാണ് പത്ത് വയസ്സുള്ള മകളെ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം പ്രതി പുഴയിലേക്ക് എറിഞ്ഞ് കാെലപ്പെടുത്തിയത്.
പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷമാണ് കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്. ഒരു വർഷത്തോളം നീണ്ട് വിചാരണക്കൊടുവിലാണ് വിധി.












Click it and Unblock the Notifications