വക്കം പുരുഷോത്തമന്‍ അന്തരിച്ചു: വിട പറയുന്നത് തലമുതിർന്ന കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96-ാം വയസ്സിലാണ് അന്ത്യം. നിരവധി തവണ മന്ത്രി സ്ഥാനത്ത് എത്തിയ അദ്ദേഹം മിസോറാം, ത്രിപുര സംസ്ഥാനങ്ങളില്‍ ഗവർണ്ണറുമായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർധക്യ സഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ചികിത്സകള്‍ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ നേതാവായിരുന്നു വക്കം പുരുഷോത്തമന്‍.

ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും അഞ്ച് തവണ വിജയിച്ച അദ്ദേഹം മൂന്ന് തവണ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തിൽ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു. രണ്ട് തവണ മന്ത്രിയുമായി. ത്രിപുര, മിസോറാം സംസ്ഥാനങ്ങളുടെ ഗവർണ്ണർ പദവിക്ക് പുറമെ ആൻഡമാനിൽ ലഫ്. ഗവർണറുമായിരുന്നു.
ആറ്റിങ്ങലിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12 ന് ജനിച്ച വക്കം പുരുഷോത്തമന്‍ അഭിഭാഷക ജോലിയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വരുന്നത്. 1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർത്ഥി സംഘടനയുടെ ഭാഗമായി. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായതോടെ സജീവ രാഷ്ട്രീയ പ്രവർത്തന രംഗത്തേക്ക് കടന്നു. പിന്നീട് ദീർഘകാലം തിരുവനന്തപുരം ഡി സി സി പ്രസിഡൻറ്, കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ പദവികളും വഹിച്ചു.
1970 ലാണ് ആറ്റിങ്ങലില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നത്. 1977, 1980,1982, 2001 എന്നീ വർഷങ്ങളിലും നിയമസഭയിലേക്ക് എത്തി. നിയമസഭാംഗമായ അദ്യതവണ തന്നെ അദ്ദേഹത്തെ തേടി മന്ത്രി പദവിയുമെത്തി. 1971-77 കാലത്തെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ വക്കം കൃഷി, തൊഴില്‍ വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചത്. തുടര്‍ന്ന് വന്ന നായനാര്‍ സര്‍ക്കാരില്‍ (1980-1981) ആരോഗ്യ, ടൂറിസം മന്ത്രിയായി.
1982-84 കാലത്തും പിന്നീട് 2001 മുതല്‍ 2004 വരെയും അദ്ദേഹം സ്പീക്കര്‍ സ്ഥാനം വഹിച്ചു. 1984ല്‍ ആലപ്പുഴയില്‍ നിന്നാണ് ആദ്യമായി പാർലമെന്റിലേക്ക് മത്സരിച്ച് വിജയിക്കുന്നത്. 1989 ലും അദ്ദേഹം വിജയം തുടർന്നു. 1993-96 കാലത്ത് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്ന വക്കം പുരുഷോത്തമന്‍ 2004-ലില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രിയായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി.
2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു. ഈ കാലയളവില്‍ തന്നെയാണ് ത്രിപുര ഗവർണ്ണറുടെ അധിക ചുമതലയും വഹിക്കുന്നത്. ഡോ. ലില്ലിയാണ് വക്കം പുരുഷോത്തമന്റെ ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.












Click it and Unblock the Notifications