Vandana Das Murder: പോലീസിന്റെ കയ്യില്‍ തോക്കില്ലേ, സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയം, വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി അനില്‍കാന്ത് നാളെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം.
ആശുപത്രികളില്‍ ആവശ്യത്തിന് സുരക്ഷ വേണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷ വേണം. രാജ്യത്ത് ഇതുപോലൊരു സംഭവം വേറെ കേട്ടിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ച് പൂട്ടുന്നതല്ലേ നല്ലതെന്നും ഹൈക്കോടതി ചോദിച്ചു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പോലീസിന്റെ കയ്യില്‍ തോക്കില്ലേ. ജനത്തിന്റെ സുരക്ഷ ഉറപ്പാക്കാനുളള പ്രാഥമിക ചുമതല പോലീസിനില്ലേ. പിന്നെ എന്തിനാണ് പോലീസിന് തോക്ക് കൊടുത്തത്, ഹൈക്കോടതി ചോദിച്ചു. ഒരു യുവ ഡോക്ടര്‍ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. അക്കാര്യം മറക്കരുത്. പ്രതിക്ക് മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞ് കൊടുക്കുകയായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.
22 വയസ്സ് മാത്രം പ്രായമുളള യുവ ഡോക്ടറുടെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് പറഞ്ഞ കോടതി ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്നും ചോദിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായ സംഭവത്തിന് ആരാണ് സമാധാനം പറയേണ്ടത്. മറ്റ് പലരേയും ആക്രമിച്ച ശേഷമാണ് പ്രതി ഡോക്ടറെ ആക്രമിച്ചത്. ആ സമയം അത് തടയാതെ പോലീസ് എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.
അതേസമയം വന്ദന ദാസിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ' കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണ്. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്.
ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ കുടുംബത്തെ ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. അവരുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു'.












Click it and Unblock the Notifications