വന്ദേഭാരത് കയറ്റം കഠിനം..ട്രെയിനിൻ്റെ ഫ്ലോറും പ്ലാറ്റ്ഫോമും തമ്മിലുള്ള ഉയരവ്യത്യാസം,പരാതി പ്രളയം
റെയിൽ യാത്രയിൽ പുതിയ മാനം നൽകിയ ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ് എന്ന കാര്യത്തിൽ തർക്കമില്ല. ആകർഷകമായ രൂപകൽപ്പനയും വേഗതയും ആധുനിക സൗകര്യങ്ങളും കൊണ്ട് വളരെ വേഗത്തിൽ തന്നെ സർവ്വീസ് സ്വീകാര്യത നേടി. എന്നാൽ, ഈ ഹൈ-സ്പീഡ് ട്രെയിനിലെ ഉയർന്ന ഫ്ലോറും ചില റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം നിലയും തമ്മിലുള്ള ഉയരവ്യത്യാസം യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലയറല്ല. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും ചലനശേഷി കുറഞ്ഞവർക്കും .
പുതിയ കോച്ചുകളിൽ സ്വയമേവ പ്രവർത്തിക്കുന്ന വാതിലുകളും ഉള്ളിലേക്ക് വലിഞ്ഞുപോവുന്ന പടികളും പോലുള്ള സംവിധാനങ്ങളുണ്ടെങ്കിലും, പല സ്റ്റേഷനുകളിലെയും പ്ലാറ്റ്‌ഫോം ഉയരവ്യത്യാസം ഈ സൗകര്യങ്ങളെ ഫലപ്രദമല്ലാതാക്കുകയാണ്.. എറണാകുളം സൗത്തിലെ കാര്യമെടുത്താൽ ഇവിടെ പ്ലാറ്റ്‌ഫോമുകളുടെ ഉയരം വ്യത്യാസപ്പെടുന്നതിനാൽ ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും വെല്ലുവിളിയാണെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഭാരമുള്ള ലഗേജ് കൊണ്ടുപോകുന്നവർക്കും ഈ ഉയരവ്യത്യാസം വലിയ പ്രശ്നമാണ്. ട്രെയിൻ വാഗ്ദാനം ചെയ്യുന്ന ആഡംബര യാത്രയ്ക്ക് ഇതൊരു തടസം തന്നെയാണെന്നാണ് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിയ മുതിർന്ന പൗരയായ സതി ദേവി പറയുന്നത്. ട്രെയിനുകൾക്ക് മിനിറ്റുകൾ മാത്രം നിർത്താനുള്ള സമയമുള്ളതിനാൽ വേഗത്തിൽ ഇറങ്ങുന്നത് മുതിർന്ന പൗരന്മാർക്ക് ഒരു വെല്ലുവിളിയാകുന്നുണ്ടെന്ന് സതി ദേവി ചൂണ്ടിക്കാട്ടി. എറണാകുളം സൗത്തിൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് മാത്രമാണ് സാധാരണ ഉയരമുള്ളത്. മറ്റ് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഈ ഉയരം പ്രശ്നമായി നിലനിൽക്കുന്നുവെന്ന് അവർ പറഞ്ഞു.
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ (സൗത്ത്) സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒന്നാണെന്നും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഉയരക്കുറവ് പ്രശ്നമാണെന്നും ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം പി. കൃഷ്ണകുമാറും ചൂണ്ടിക്കാട്ടി. കൂടാതെ, 22 LHB അല്ലെങ്കിൽ 24 ICF കോച്ച് ട്രെയിനുകൾക്ക് ആവശ്യമായ നീളമുള്ള രണ്ട് പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഇവിടെയുള്ളൂ എന്ന ദീർഘകാല പ്രശ്നവും അദ്ദേഹം ഉന്നയിച്ചു. അധികാരികൾ ഈ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണ റെയിൽവേ പ്ലാറ്റ്‌ഫോമുകളുടെ ഉയരം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഒരു ഉന്നത റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. രണ്ടാം നമ്പർ, മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമുകളുടെ ഉയരം കൂട്ടുന്നതിനുള്ള പ്രവൃത്തിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇത് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കി. ഒരേസമയം എല്ലാ പ്ലാറ്റ്‌ഫോമുകളും ഉയർത്തുന്നത് നിരവധി ട്രെയിനുകളുടെ വഴിതിരിച്ചുവിടലിനും കാലതാമസത്തിനും ഇടയാക്കുമെന്നും, മറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഉയരം പിന്നീട് വർദ്ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications