'അന്ന് കേരളത്തിന് ലഭിച്ചത് 19 ട്രെയിൻ,യുപിഎ രാജ്യം ഭരിച്ചിരുന്ന സമയം ഓർത്ത് പോവുകയാണ്'; പികെ ഫിറോസ്
തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് ട്രെയിൻ ലഭിച്ചത് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. കേരളത്തിന് നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടം എന്ന നിലയ്ക്കായിരുന്നു ബിജെപി ഇത് പ്രചരിപ്പിച്ചത്. വലിയ വരവേൽപ്പ് തന്നെ ട്രെയിനിന് ബിജെപി പ്രവർത്തകർ ഒരുക്കുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ വന്ദേ ഭാരതിന്റെ പേരിലുള്ള ബിജെപിയുടെ ആഘോഷത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. യു.പി.എ രാജ്യം ഭരിച്ചിരുന്ന സമയം ഓര്‍ത്ത് പോവുകയാണെന്നും ഇ അഹമ്മദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് കേരളത്തിലേക്ക് മാത്രം പുതിയ 19 ട്രെയിനുകള്‍ അനുവദിച്ചിരുന്നെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർരൂപം വായിക്കാം

യു.പി.എ രാജ്യം ഭരിച്ചിരുന്ന സമയം ഓർത്ത് പോവുകയാണ്. റെയിൽവേയിൽ തന്നെ എന്ത് മാത്രം വികസനമായിരുന്നു. ഉദാഹരണത്തിന് അഹമ്മദ് സാഹിബ് റെയിൽവേ മന്ത്രിയായ 19 മാസക്കാലയളവ് മാത്രമെടുത്ത് നോക്കൂ. കേരളത്തിലേക്ക് മാത്രം പുതിയ 19 ട്രെയിൻ! ഇപ്പോ ഒരു ട്രെയിൻ വരുമ്പോഴുള്ള ആഘോഷം കാണുമ്പോൾ നമ്മൾ പ്രചരണ രംഗത്ത് എവിടെയായിരുന്നു നിന്നിരുന്നത് എന്ന് ഓർത്ത് പോവുകയാണ്.
അവിടെയും തീരുന്നില്ല. മറ്റൊന്ന് തൊഴിലുറപ്പ് പദ്ധതിയാണ്. ഗ്രാമങ്ങളിലെ വീട്ടമ്മമാർക്ക് നേരിട്ട് പണമെത്തിച്ച പദ്ധതി. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യമനുഭവിച്ചപ്പോഴും ഇന്ത്യ തകരാതെ പിടിച്ചു നിന്നതിന്റെ പിന്നിൽ മൻമോഹൻസിംഗിന്റെ ഈ മാന്ത്രിക വിദ്യയായിരുന്നു. എന്നാലീ പദ്ധതി യു.പി.എയുടേതായിരുന്നെന്ന് എത്ര പേർക്കറിയാം. വന്ന് വന്ന് ഗോവിന്ദൻ മാഷ് വരെ ഇത് സി.പി.എമ്മിന്റെ പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കാലം വന്നില്ലേ!!
വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവുമടക്കം എത്രയെത്ര കാര്യങ്ങൾ! നെഹ്റുവിന്റെ ആദ്യ മന്ത്രിസഭ മുതൽ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നടത്തിയ എന്തെല്ലാം പരിശ്രമങ്ങൾ. അണക്കെട്ടുകൾ, പഞ്ചവൽസര പദ്ധതികൾ, ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾ...
പക്ഷേ ഇന്ത്യയിലെ എത്ര ശതമാനം ജനങ്ങൾക്ക് ഇതൊക്കെ അറിയാം?
2000 രൂപ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്ന ഒരു ജനതയാക്കി അവരെ മാറ്റിയിരിക്കുന്നു. 2014 ന് ശേഷമാണ് ഇന്ത്യയുണ്ടായതെന്ന് അവർ വിശ്വസിക്കുന്നു. അത് കൊണ്ട് ഇന്ത്യയെ വീണ്ടെടുക്കാൻ, സവർക്കർ മാപ്പെഴുതിക്കൊണ്ടിരുന്നപ്പോൾ സ്വാതന്ത്ര്യം നേടാൻ പടപൊരുതിയവരുടെ ചരിത്രം മാത്രം പഠിപ്പിച്ചാൽ പോരാ;
ബ്രിട്ടീഷുകാർ ചവച്ചു തുപ്പിയ ഇന്ത്യയെ ഇന്നീ കാണുന്ന നിലയിൽ കെട്ടിപ്പടുത്തതെങ്ങിനെയെന്ന് കൂടി അവരെ പഠിപ്പിക്കാൻ കഴിയണം.












Click it and Unblock the Notifications