ബെംഗളൂരു എത്തുക രാവിലെ 6.25ന്; വന്ദേഭാരത് പോലെ ആലപ്പുഴ ആഡംബര ബസ്, റൂട്ട്, സമയം അറിയാം
ആലപ്പുഴയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവില്‍ അവസാനിക്കുന്ന ആഡംബര ബസ് സര്‍വീസ് കെഎസ്ആര്‍ടിസി തുടങ്ങി. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ കടന്ന് തമിഴ്‌നാട്ടിലൂടെ ബെംഗളൂരുവിലെത്തും. ആലപ്പുഴയില്‍ നിന്ന് വൈകീട്ട് ആറ് മണിക്കാണ് ബസ് പുറപ്പെടുക. മടക്ക സര്‍വീസ് ആലപ്പുഴയില്‍ തിരിച്ചെത്തുന്നത് രാവിലെ എട്ട് മണിക്കാണ്.
ഓണത്തിന് നാട്ടിലേക്കും തിരിച്ചും മടങ്ങുന്നവര്‍ക്ക് ആഡംബര യാത്ര സമ്മാനിക്കുന്നതാണ് പുതിയ ബസ്. വന്ദേഭാരത് ട്രെയിനിന് സമാനമായ സൗകര്യങ്ങളാണ് ബസില്‍ ഒരുക്കിയത് എന്ന് കെസി വേണുഗോപാല്‍ എംപി അറിയിച്ചു. ബസ് പുറപ്പെടുത്തുന്നതും ഓരോ സ്‌റ്റോപ്പ് കടന്നുപോകുന്നതുമായ സമയം അദ്ദേഹം വിശദീകരിച്ചു. ഒന്നിടവിട്ട ദിവസങ്ങളാണ് സര്‍വീസ്.

കെസി വേണുഗോപാല്‍ എംപി പുതിയ ബസ് സര്‍വീസ് സംബന്ധിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം: ആലപ്പുഴയില്‍ നിന്ന് ബംഗലൂരുവിലേക്ക് കേരളാ ആര്‍.ടി.സിയുടെ ആഡംബര 'എക്സിക്യൂട്ടീവ് ക്ലാസ്' ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ തന്നെ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുനരാരംഭിച്ച ബസ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് ഇന്നലെ വൈകുന്നേരം നിര്‍വഹിക്കുകയുണ്ടായി. പ്രിയപ്പെട്ട ആലപ്പുഴക്കാര്‍ക്കുള്ള ഓണസമ്മാനം കൂടിയാണിത്.
കൂടാതെ, നേരത്തെ ഉണ്ടായിരുന്ന ആലപ്പുഴ-തേനി, ആലപ്പുഴ -സുല്‍ത്താന്‍ ബത്തേരി സര്‍വീസുകള്‍കൂടി പുനരാരംഭിക്കുമെന്ന വിവരവും പ്രിയപ്പെട്ടവരെ അറിയിക്കുന്നു. കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി ഇക്കാര്യം സംസാരിക്കുകയും അദ്ദേഹം മന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വേണ്ട ഉറപ്പുനല്‍കി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലെ അന്വേഷണ കൗണ്ടര്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയിരുന്നു. ഇത് നെഹ്റു ട്രോഫി വള്ളംകളിയുടെ മുന്നോടിയായി തുറന്ന് പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശം കൂടി നല്‍കിയിട്ടുണ്ട്.
എന്റെ എം.പി ഫണ്ടിന് പുറമെ, രാജ്യസഭാ എം.പിമാരുടെ ഫണ്ടും എം.എല്‍.എമാരായ ജി സുധാകരന്‍, എ.ഡി തോമസ് എന്നിവരുടെ ഫണ്ടും കെ.എസ്.ആര്‍.ടി.സിയുടെ ഫണ്ടും വിനിയോഗിച്ച് ജീര്‍ണ്ണിച്ച ബസ്സ്റ്റാന്‍ഡ് കെട്ടിടവും പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കുമെന്ന വിവരവും അറിയിക്കുകയാണ്. അതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വന്ദേഭാരത് ട്രെയിനുകള്‍ക്ക് സമാനമായി ശുചിമുറി, ഭക്ഷണം, കഫ്തീരിയ, പാന്‍ട്രി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ആലപ്പുഴ- ബംഗലൂരു സര്‍വീസ് നടത്തുന്ന ബസില്‍ സജ്ജീകരിച്ചിരിക്കുന്നത്. മണ്ണുത്തി ബൈപാസ്, പാലക്കാട് ചന്ദ്രനഗര്‍, എല്‍ ആന്‍ഡ് ടി ബൈപ്പാസ് (കോയമ്പത്തൂര്‍), സേലം വഴിയാണ് സര്‍വീസ് നടപ്പാക്കുന്നത്.
വൈകുന്നേരം 6 മണിക്ക് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് എക്സിക്യൂട്ടീവ് ക്ലാസ് എ.സി ബസ് രാത്രി 7.25ന് വൈറ്റിലയിലും, 9.15ന് തൃശ്ശൂര്‍ മണ്ണുത്തി ബൈപ്പാസ്, രാത്രി 11.05ന് പാലക്കാട് ചന്ദ്രനഗര്‍, പുലര്‍ച്ചെ 12.10ന് കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപാസ്, 3ന് സേലം, രാവിലെ 6.25-ന് ബംഗലൂരുവിലെത്തി സര്‍വീസ് അവസാനിപ്പിക്കും.
തിരികെ രാത്രി 8 മണിക്ക് ബംഗലൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.25ന് സേലത്തും പുലര്‍ച്ചെ 2.15-ന് കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപാസിലും 3.20ന് പാലക്കാട് ചന്ദ്രനഗറിലും 4.55ന് മണ്ണുത്തി ബൈപാസിലും 6.35ന് വൈറ്റിലയിലുമെത്തി രാവിലെ 8 മണിക്ക് ആലപ്പുഴയില്‍ എത്തിച്ചേരും. ആദ്യഘട്ടത്തില്‍ ഒരു ദിവസം ഇടവിട്ടായിരിക്കും സര്‍വീസ്.





Click it and Unblock the Notifications