വന്ദേഭാരത് ട്രെയിനുകളുടെ സമയത്തിൽ മാറ്റം; ബെംഗളൂരു സർവ്വീസിൻ്റെ സമയവും മാറ്റി, പുതിയ സമയം ഇങ്ങനെ
നാല് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിൽ സുപ്രധാനമായ മാറ്റങ്ങൾ വരുത്തി റെയിൽവെ. ബെംഗളൂരിലേക്ക് പോകുന്ന സർവ്വീസുകളുടെ സമയക്രമത്തിൽ ഉൾപ്പെടെയാണ് മാറ്റം വരുത്തിയത്. ഈ പുതിയ മാറ്റങ്ങൾ 2026 മാർച്ച് 15 മുതൽ പ്രാബല്യത്തിൽ വരും. ട്രെയിനുകളുടെ റൂട്ടും സമയവും വിശദമായി നോക്കാം.
കാച്ചേഗുഡ-യശ്വന്ത്പൂർ വന്ദേ ഭാരത് എക്സ്പ്രസ്
വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഓടുന്ന ഈ സർവ്വീസ് 2023 സെപ്റ്റംബർ 25 നാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഹിന്ദ്പൂർ റെയിൽവേ സ്റ്റേഷനിലെ ട്രെയിനിന്റെ സമയക്രമമാണ് ഇപ്പോൾ പുതുക്കിയത്. ട്രെയിൻ മുൻപ് എത്തിയിരുന്ന 15:48-ന് പകരം ഇനി 15:55-ന് ആയിരിക്കും ഇവിടെ എത്തിച്ചേരുക. അതുപോലെ യശ്വന്ത്പൂർ-കാച്ചേഗുഡ വന്ദേ ഭാരത് എക്സ്പ്രസ് 12:08-ന് പകരം 12:17-ന് ആയിരിക്കും അവിടെ എത്തുക.

കലബുറഗി-എസ്എംവിടി ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്
വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്ന ട്രെയിനാണിത്. 550 കിലോമീറ്റർ ദൂരം 08:45 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന ഈ ട്രെയിനിന്റെ സമയക്രമം രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ പുതുക്കിയിട്ടുണ്ട്. ശ്രീ സത്യസായി പ്രശാന്തി നിലയത്തിൽ 11:00-ന് പകരം 11:13-നും, യെലഹങ്കയിൽ 12:28-ന് പകരം 12:58-നും ആയിരിക്കും ട്രെയിൻ എത്തുക. എസ്എംവിടി ബെംഗളൂരു-കലബുറഗി വന്ദേ ഭാരത് എക്സ്പ്രസ് യെലഹങ്കയിൽ 15:05-ന് പകരം 15:09-നും, ശ്രീ സത്യസായി പ്രശാന്തി നിലയത്തിൽ 16:23-ന് പകരം 16:45-നും ട്രെയിൻ എത്തിച്ചേരും.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അർദ്ധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സപ്രസിന് വലിയ സ്വീകാര്യതയാണ് രാജ്യത്ത് ലഭിക്കുന്നത്. 80 ലധികം റൂട്ടുകളിലായി 164 സർവീസുകളാണ് വന്ദേ ഭാരത് നടത്തുന്നത്. മണിക്കൂറിൽ 160 കിമി വരെയാണ് ഇവയുടെ വേഗത. കറങ്ങുന്നതും സുഖപ്രദവുമായ സീറ്റുകൾ, വലിയ ജനലുകൾ, ഓൺബോർഡ് വൈഫൈ, ചാർജിംഗ് പോയിന്റുകൾ, വൃത്തിയുള്ള ബയോ ടോയ്‌ലറ്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ എന്നിവയെല്ലാമാണ് ട്രെയിനിൻ്റെ പ്രധാന പ്രത്യേകതകൾ. വേഗത, ശുചിത്വം, വിശ്വാസ്യത, കൂടാതെ വിമാനയാത്രയുടെ പ്രതീതി നൽകുന്ന പ്രീമിയം അനുഭവം എന്നിവയെല്ലാമാണ് യാത്രക്കാർക്ക് ഇത് പ്രിയങ്കരമാക്കുന്നത്.
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഇപ്പോൾ രാജ്യത്ത് സർവ്വീസ് നടത്തുന്നുണ്ട്. നിലവിൽ അസം-ബാംഗാൾ റൂട്ടിലാണ് ട്രെയിൻ ഓടുന്നത്. ഈ വർഷം തന്നെ കൂടുതൽ സ്ലീപ്പർ സർവ്വീസുകൾ എത്തിക്കാനുള്ള പരിശ്രമത്തിലാണ് റെയിൽവെ.












Click it and Unblock the Notifications