വന്ദേഭാരത് കോഴിക്കോടേക്കല്ല, ബെംഗളൂരിലേക്ക് നീട്ടുന്നു..മലയാളികളുടെ കാത്തിരിപ്പ് വെറുതെയായി
മംഗളൂരു - മഡ്ഗാവ് വന്ദേഭാരത് സർവ്വീസ് ബെംഗളൂരിലേക്ക് നീട്ടുന്നു. ട്രെയിൻ യശ്വന്ത്പൂരിലേക്ക് നീട്ടാൻ റെയിൽവെ തീരുമാനിച്ചതായി ഉത്തര കന്നഡ എംപി വിശ്വേശ്വർ ഹെഗ്ഡേ കഗേരി പറഞ്ഞു. റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി കത്തിലൂടെയാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്ന് എംപി വ്യക്തമാക്കി.
ബെംഗളുരിനും തീരദേശ ഗോവയ്ക്കും ഇടിയിൽ റെയിൽ കണക്ടിവിറ്റി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ റെയിൽവെ മന്ത്രിക്ക് വിശ്വേശ്വർ ഹെഗ്ഡെ കത്ത് സമർപ്പിച്ചിരുന്നു. പുതിയ തീരുമാനം കർണാടകയുടെ തീരദേശ മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ്. 26655/26656 യശ്വന്ത്പൂർ-മംഗളൂു-മഡ്ഗാവ് എന്ന നമ്പറിലായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക. മുരുഡേശ്വർ , ഗോകർണ, കർവാർ വഴി യശ്വന്ത്പൂരിൽ എത്തുന്ന തരത്തിലാണ് ട്രെയിനിൻ്റെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.ട്രെയിനിൻ്റെ പുതുക്കിയ സമയക്രമം ഉടൻ പുറത്തുവിടുമെന്നും എംപി പറഞ്ഞു.

രാജ്യത്തെ 40-ാമത് വന്ദേ ഭാരത് ട്രെയിനായിട്ടാണ് മംഗളൂരു - മഡ്ഗാവ് സർവീസ് ആരംഭിച്ചത്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും രാവിലെ 8.30-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.45-ന് മഡ്ഗാവിലെത്തുന്ന രീതിയിലാണ് ഇതിന്റെ സമയം. ദക്ഷിണേന്ത്യയിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിൽ ഏറ്റവും കുറവ് ഒക്യുപെൻസി റേറ്റുള്ള ട്രെയിനുകളിൽ ഒന്നുകൂടിയാണിത്. അതേസമയം പുതിയ നീക്കം മലയാളികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
മഡ്ഗാവ്-മംഗളൂരു വന്ദേഭാരത് കേരളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ഏറെ നാളായി യാത്രക്കാർ ഉയർത്തുന്നുണ്ട്. ഒക്യുപെൻസി റേറ്റ് കുറഞ്ഞ ട്രെയിൻ കേരളത്തിലേക്ക് നീട്ടുന്നത് റെയിൽവെയ്ക്ക് ഗുണകരമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. മംഗളൂരു-തിരുവനന്തപുരം, കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുള്ളപ്പോൾ ഇപ്പോഴും മഡ്ഗാവ്-മംഗളൂരു വന്ദേഭാരതിൽ 30 മുതൽ 35 ശതമാനം വരെ മാത്രമാണ് ബുക്കിങ്. അതുകൊണ്ട് തന്നെ സർവ്വീസ് ലാഭകരമാക്കാൻ ട്രെയിൻ കോഴിക്കോടേക്ക് നീട്ടണം എന്നായിരുന്നു പ്രധാന ആവശ്യം. എംകെ രാഘവൻ എംപിയും പിടി ഉഷയും അടക്കമുള്ള എംപിമാർ നിരവധി തവണ ഇക്കാര്യം പാർലമെൻ്റിൽ ഉയർത്തിയിരുന്നു. സർവ്വീസ് നീട്ടുന്നത് ഗോവയ്ക്കും കേരളത്തിനും ഇടയിൽ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്കും വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ആശ്വാസമാകുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്തായാലും പുതിയ തീരുമാനത്തോടെ കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് സർവ്വീസ് എന്ന പ്രതീക്ഷയാണ് അസ്തമിച്ചത്.


Click it and Unblock the Notifications
