മലപ്പുറത്തിനില്ല വന്ദേഭാരത്: ലീഗ് പ്രത്യക്ഷ സമരത്തിലേക്ക്, ഉദ്ധേശുദ്ധി വഴിമാറുന്നുവെന്ന് പിഎംഎ സലാം
കോഴിക്കോട്: വന്ദേഭാരത് ട്രെയിനിന്റെ തിരൂർ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമാവുന്നു. മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണ് ഇതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആരോപിക്കുന്നത്. വന്ദേ ഭാരത് കടന്ന് പോകുന്ന മറ്റ് എല്ലാ ജില്ലകളിലും സ്റ്റോപ്പുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ അനുവദിച്ച തിരൂർ സ്റ്റോപ്പ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നു. തിരൂരില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സമര രംഗത്തേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ചാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെങ്കില്‍ പദ്ധതിയുടെ ഉദ്ദേശശുദ്ധി വഴിമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരൂർ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ ഇടി മുഹമ്മദ് ബഷീർ എംപിയും മുന്നോട്ട് വന്നിട്ടുണ്ട്. രണ്ടാമത്തെ പരീക്ഷ ഓട്ടത്തില്‍ തിരൂർ ഒഴിവാക്കിയപ്പോള്‍ തന്നെ ഇത്തരമൊരു സൂചന ലഭിച്ചിരുന്നുവെന്നും എംപി വ്യക്തമാക്കുന്നു.

'തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരത്തിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുയാണ് , ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണ് ഇത് .
രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു , അന്ന് തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ബന്ധപ്പെടുത്തകുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നു.'- ഇടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും എംപി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ തലത്തില്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ലീഗിന്റെ നീക്കം. വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവും കോണ്‍ഗ്രസ് നേതാവുമായ എകെ നസീർ ദക്ഷിണ റെയില്‍ വേ ബോർഡിന് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്.
തിരൂർ സ്റ്റേഷന്റെ സ്റ്റോപ്പ് നീക്കം ചെയ്യുമ്പോൾ, സാധാരണഗതിയിൽ കൂടുതൽ പേർ യാത്രക്കാരായുള്ള മലപ്പുറം ജില്ലയെ അവഗണിച്ചാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ധേശിക്കുന്നത്. മലപ്പുറം ജില്ലയിൽ നിന്നുള്ള യാത്രക്കാർ ട്രെയിനിൽ കയറുന്നതിനോ ഇറങ്ങുന്നതിനോ കോഴിക്കോട്ടേക്ക് പോകേണ്ടതായി വരുന്നു. ഇത് വന്ദേ ഭാരതിന്റെ പ്രയോജനം മലപ്പുറം ജില്ലയ്ക്ക് തീരെ ലഭ്യമല്ലാത്ത സ്ഥിതി വരുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തിരൂർ സ്റ്റേഷന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി പാർലമെന്ററി റെയിൽവേ കമ്മിറ്റി അംഗമായ കൊടിക്കുന്നിൽ സുരേഷ് എംപി മുഖേനെ റെയിൽവേ അധികൃതർക്ക് നിവേദനം നൽകി. ഈ വിഷയത്തിൽ അനിവാര്യമായ എല്ലാ പിന്തുണയും എംപി വാഗ്ദാനം ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നിന്നുള്ള യാത്രക്കാരെ പരിഗണിച്ച് തിരൂർ സ്റ്റേഷനിലേക്ക് ഏറ്റവും മുൻഗണന നൽകി സ്റ്റോപ്പ് അനുവദിക്കുന്നതിന് വിഷയം അവലോകനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും നസീർ കത്തില്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications