വന്ദേമാതരം വിവാദം: കോൺഗ്രസ് ആർഎസ്എസിന്റെ ബി-ടീമായതിനുളള പുതിയ തെളിവ്, വിമർശിച്ച് പിണറായി
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന കർണാടക അടക്കമുളള സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായും ആലപിച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് ഇത് തുറന്ന് കാട്ടുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
വന്ദേമാതരം പൂർണമായി പാടുക വഴി കോൺഗ്രസ് സ്വന്തം മതേതര പാരമ്പര്യത്തെയാണ് ഇന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത് എന്നും പിണറായി വിമർശിച്ചു. ആർഎസ്എസിന്റെ ബി-ടീമായി കോൺഗ്രസ് മാറിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇതെന്നും പിണറായി വിജയൻ പ്രതികരിച്ചു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്: എഐസിസി ആസ്ഥാനത്തെയും കോൺഗ്രസ്സ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച നടപടി കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നത്. കേരളത്തിൽ വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാനമായ സംഭവമുണ്ടായത് അതീവ ഗൗരവതരമാണ്.

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചിരിക്കുകയാണ്. നേരത്തെ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം പൂർണ്ണമായും ആലപിച്ചിരുന്നു.
ഗാനത്തിലെ മതപരമായ ബിംബങ്ങൾ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതിനാൽ, വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്റെ വേദികളിൽ പാടാവൂ എന്ന് 1937 ൽ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി തന്നെ തീരുമാനിച്ചതാണ്.1950 ൽ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന് ദേശീയ ഗീതം എന്ന പദവി നൽകിയപ്പോഴും ആദ്യ രണ്ടു ചരണങ്ങളെയാണ് ഉദ്ദേശിച്ചത്. തങ്ങളുടെ തന്നെ ആ മതേതര പാരമ്പര്യത്തെയാണ് ഗാനം പൂർണ്ണമായി ആലപിക്കുക വഴി കോൺഗ്രസ്സ് ഇന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്.
എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി പാടി; വെട്ടിലായി കോണ്‍ഗ്രസ്, വീഡിയോ കാണാം
സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം പാടുന്നത് ഒരു കാരണവശാലും നിർബന്ധമല്ല എന്ന് മുഹമ്മദ് സയീദ് നൂറി കേസിൽ 2026 മാർച്ചിലാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിയമപ്രകാരവും ഇത് പാടാതിരിക്കുന്നത് യാതൊരുവിധത്തിലും ശിക്ഷാർഹമായ കുറ്റമല്ല. നിയമപരമായ യാതൊരു ബാധ്യതയുമില്ലാതിരുന്നിട്ടും ആർഎസ്എസ് തിട്ടൂരങ്ങൾക്ക് കീഴ്പ്പെട്ട് ഗാനം മുഴുവനായും ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണ്. ഭൂരിപക്ഷ വർഗീയതയുമായി മത്സരിക്കാൻ സംഘപരിവാർ അജണ്ടകൾ അതേപടി പകർത്തുന്ന കോൺഗ്രസ്സ് നിലപാട് അവർ ആർഎസ്എസിന്റെ ബി-ടീമായി മാറി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്.


Click it and Unblock the Notifications