'വരാഹരൂപം ഗാനത്തിന് കോടതി വിലക്ക്'; തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ല
കോഴിക്കോട്: കന്നട ചിത്രം കാന്താരയിലെ 'വരാഹരൂപം...' എന്ന ഗാനത്തിന്റെ കോപ്പിയടി ആരോപണത്തിൽ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. കന്താരയിലെ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. 'വരാഹരൂപം' എന്ന ഗാനം കോപ്പിയടി ആണെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി. വരാഹരൂപം ഗാനം ഉപയോഗിക്കുന്നതിന് നിർമാതാവ്, സംവിധായകൻ, സംഗീത സംവിധായകൻ എന്നിവരെ കോടതി വിലക്കി.
'വരാഹരൂപം' ഗാനം യൂട്യൂബ്, ആമസോൺ, സ്പോട്ടിഫൈ, വിങ്ക്, മ്യൂസിക്, ജിയോ സാവൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്നതിനും കോടതി വിലക്കുണ്ട്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയാണ് ഗാനം വിലക്കി ഉത്തരവിട്ടത്. തൈക്കുടം ബ്രിഡ്ജിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകനും മ്യൂസിക് അറ്റോർണിയുമായ സതീഷ് മൂർത്തിയാണ് ഹാജരായത്. വിധിയിൽ സന്തോഷം പങ്കുവെച്ച തൈക്കുടം ബ്രിഡ്ജ് തുടർന്നും പിന്തുണ ആവശ്യപ്പെട്ടു.

കാന്താര സിനിമയിലെ 'വരാഹരൂപം' ഗാനത്തിന് ബി അജനീഷ് ലോക്നാഥ് ആണ് സംഗീതം നൽകിയത്. 2016ൽ തൈക്കുടം ബ്രിഡ്ജ് പുറത്തിറക്കിയ ഒമ്പത് പാട്ടുകളുള്ള ആൽബത്തിൻറെ ടൈറ്റിൽ ട്രാക്കായിരുന്നു 'നവരസം'. കഥകളിയുടെ പശ്ചാത്തലവുമായി ചേർത്താണ് പാട്ട് ഒരുക്കിയിരിക്കുന്നത്. രണ്ടുഗാനങ്ങളും തമ്മിൽ വലിയ സാമ്യതകൾ ആണുള്ളത്.. പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച് ഉത്തരവാദികൾക്കെതിരെ നിയമ വഴിക്ക് നീങ്ങുമെന്ന് തൈക്കുടം ബ്രിഡ്ജ് നേരത്തെ വിശദീകരണം നൽകിയിരുന്നു.
ആരെയും കോപ്പിയടിച്ചല്ല പാട്ട് ചെയ്തതെന്നാണ് റിഷബ് ഷെട്ടി പറഞ്ഞത്. കൊച്ചിയില്‍ വെച്ച് നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം വിവാദത്തില്‍ മറുപടി പറഞ്ഞത്. ആരുടേയും കോപ്പിയടിച്ചിട്ടില്ലെന്നും അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ടുള്ള മറുപടി കൊടുത്തെന്നും പ്രസ്മീറ്റില്‍ റിഷബ് പറഞ്ഞു.
"ബേസിക്കലി ക്ലാസിക്ക് സ്റ്റെലിലാണ് ഞങ്ങള്‍ അത് ചെയ്തത്. അവര്‍ക്ക് ഞങ്ങള്‍ മറുപടി കൊടുത്തു കഴിഞ്ഞു. അതിനെക്കുറിച്ച് വീണ്ടും ഇവിടെ വന്ന് പറയേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു. പ്രൊഡക്ഷന്‍ ഹൗസ് അവര്‍ക്ക് മറുപടി കൊടുത്തതാണ്. ഞങ്ങള്‍ ഒരിക്കലും കോപ്പിയടിച്ചതല്ല," റിഷബ് ഷെട്ടി പറഞ്ഞു.












Click it and Unblock the Notifications