ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആർടിഎഫിന്റെ പ്രവർത്തനം ചട്ട വിരുദ്ധം, എവി ജോർജിനെ സസ്പെന്റ് ചെയ്തു!
കൊച്ചി: മുൻ റൂറൽ എസ്പി രൂപീകരിച്ച ആർടിഎഫിന്റെ പ്രവർത്തനം ചട്ടവിരുദ്ധമെന്ന് ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. എ.വി. ജോര്‍ജിന് സംഭവത്തില്‍ വീഴ്ച പറ്റിയെന്നും നടപടി വേണമെന്നും ആവശ്യപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എവി ജോർജിനെ സസ്പെൻഡ് ചെയ്തത്.
ആർടിഎഫിനെ രൂപീകരിച്ച് ക്രിമിനൽ കേസുകളിൽ ഇടപെട്ടത് ശരിയായില്ലെന്ന നിലപാടാണ് അന്വേണസംഘത്തിനുള്ളത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. സംഘത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. പല കേസുകളിലും ആര്‍ടിഎഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

പോലീസിന് വീഴ്ച പറ്റി
നാല് മണിക്കൂറായിരുന്നു എവി ജോർജിനെ ചോദ്യം ചെയ്തത്. നേരത്തെ ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി റജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് പരിഗണിച്ചില്ലെന്ന റൂറല്‍എസ്പിയുടെ പരാതിയിലായിരുന്നു അന്വേഷണം . വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ മജിസ്‌ട്രേറ്റിനെതിരേ പൊലീസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമെന്ന് ഹൈക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിായാഴ്ച പുറത്ത് വന്നിരുന്നു.

കസ്റ്റഡിയിലെടുത്തത് ആർടിഎഫ്
വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആറാം തീയതിയാണ് ശ്രീജിത്തിനെ ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തിരുന്നത്. ശ്രീജിത്തിനെ പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നെന്നും എന്നാല്‍ മജിസ്ട്രേറ്റ് തങ്ങളെ കാണാന്‍ വിസമ്മതിച്ചെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അതേസമയം പൊലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എസ്.പി എ.വി ജോര്‍ജിന് കൈമാറിയിരുന്നു. അദ്ദേഹം ഇത് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിജിലന്‍സ്‌രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് കോടതി കണ്ടെത്തിയത്.

കീഴുദ്യോഗസ്ഥരുടെ മൊഴി
അതേസമയം വരാപ്പുഴ സ്റ്റേഷനിലെ എസ്ഐ ജിഎസ്. ദീപക്, അന്വേഷണച്ചുമതല വഹിച്ചിരുന്ന പറവൂർ ഇൻസ്പെക്ടർ ക്രിസ്പിൻ സാം, റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളായ പിപി സന്തോഷ്കുമാർ, ജിതിൻരാജ്, എംഎസ് സുമേഷ് എന്നിവരെ കേസിൽ കഴിഞ്ഞ ദിവസം പ്രതി ചേർത്തിരുന്നു. ഇവരിൽ ക്രിസ്പിൻ സാമിന് ഒഴികെയുള്ളവർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴികളുടെ വെളിച്ചത്തിലായിരുന്നു ആലുവ മുൻ റൂറൽ എസ്പിയെ അന്വേഷണ സംഘം നാല് മണിക്കൂർ ചോദ്യം ചെയ്തത്.

എല്ലാവരുടെയും എതിർപ്പ്
വാരാപ്പുഴയിലെ പോലീസ് ഭീകരതയ്ക്ക് കാരണക്കാരൻ ആലുവ മുൻ റൂറൽ എസ്പിയാണെന്ന് ജില്ലാ പോലീസ് അസോസിയേഷന്റെ ഭാഗത്തു നിന്നും രൂക്ഷ വിമർശനവും നേരത്തെ ഉയർന്നിരുന്നു. കീഴുദ്യോഗസ്ഥരെ ബലിയാടാക്കി എസ്പി തിരശീലയ്ക്ക് പിറകിൽ മറഞ്ഞിരിക്കുകയാണെന്നും അസോസിയേഷനിൽ ആരോപണം ഉയർന്നിരുന്നു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസെടുത്ത വിനീഷിന്റെ മൊഴിയില്‍ കൃത്രിമം നടന്നനിരുന്നെന്നും അതിന് കൂട്ടുനിന്നത് എസ്പിയാണെന്നും നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ആറാം തീയതി മൊഴി രേഖപ്പെടുത്തിയതെന്നും ഏഴാം തീയതി വിനീഷ് മൊഴിയില്‍ ഒപ്പുവെച്ചവെന്നുമാണ് പോലീസ് രേഖകള്‍. എന്നാല്‍ ഏഴാം തീയതി സറ്റേഷനില്‍ താന്‍ പോയിട്ടേ ഇല്ലെന്നാണ് വിനീഷ് പറഞ്ഞിരുന്നു. ഇതോടെയാണ് പോലീസ് കുടുങ്ങിയത്.












Click it and Unblock the Notifications