കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധം; ഏപ്രിൽ രണ്ടിന് കേരളത്തിൽ പൊതുപണിമുടക്ക്...
എല്ലാ വ്യവസായ മേഖലകളിലും കരാർ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ച് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രാലയം കഴിഞ്ഞ ദിവസമാണ് വിജ്ഞാപനമിറക്കിയത്.
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് കേരളത്തിൽ പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയൻ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മുഴുവൻ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിൽ സമ്പ്രദായം അട്ടിമറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്.
എല്ലാ വ്യവസായ മേഖലകളിലും കരാർ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ച് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രാലയം കഴിഞ്ഞ ദിവസമാണ് വിജ്ഞാപനമിറക്കിയത്. പുതിയ വിജ്ഞാപന പ്രകാരം വ്യവസായ മേഖലയിൽ ഇനി സ്ഥിരം തൊഴിൽ ഉണ്ടാവുകയില്ല. അതേസമയം, നിലവിലെ സ്ഥിരം തൊഴിലാളികളെ കരാർ തൊഴിലാളികളാക്കി മാറ്റരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.

കരാർ തൊഴിലാളികളാണെങ്കിലും സ്ഥിരം തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും കേന്ദ്ര തൊഴിൽ നിയമത്തിന്റെ ഭേദഗതിയിൽ പറയുന്നു. പുതിയ ഭേദഗതി പ്രകാരം രണ്ടോ മൂന്നോ വർഷം ജോലി ചെയ്താലും അതിന് ആനുപാതികമായ ഗ്രാറ്റുവിറ്റി നൽകാനും നിർദേശമുണ്ട്. മൂന്നു മാസം ജോലി ചെയ്ത കരാർ തൊഴിലാളിയെ പിരിച്ചുവിടാൻ രണ്ടാഴ്ച കാലാവധിയുള്ള നോട്ടീസ് മതിയെന്നും കേന്ദ്ര തൊഴിൽ നിയമത്തിൽ ഭേഗഗതി വരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications