വട്ടിയൂര്‍ക്കാവ്: ഇടത് കോട്ട പൊളിച്ച 2011ലെ മണ്ഡല പുനഃനിര്‍ണ്ണയം, നിര്‍ണ്ണായക ശക്തിയായി എന്‍എസ്എസ്
തിരുവനന്തപുരം: ഒക്ടോബര്‍ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനത്തെ 5 നിമയസഭാ മണ്ഡലങ്ങളില്‍ ഏറ്റവും ശക്തമായ മത്സരം നടക്കാന്‍ പോവുന്നത് വട്ടിയൂര്‍ക്കാവിലാണെന്ന് വ്യക്തമായി കഴിഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം മണ്ഡലം പിടിക്കാനുറച്ച് കോര്‍പ്പറേഷന്‍ മേയര്‍ വികെ പ്രശാന്തിനെ രംഗത്ത് ഇറക്കിയോതോടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ പോരാട്ടമായി വട്ടിയൂര്‍ക്കാവിലെ മത്സരം മാറുമെന്ന് ഉറപ്പായി.
ഇടത് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായെങ്കിലും യുഡിഎഫിലും ബിജെപിയിലും ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. പീതാംബരകുറുപ്പിനാണ് യുഡിഎഫ് ചര്‍ച്ചകളില്‍ മുന്‍തൂക്കം. എന്നാല്‍ കുറുപ്പിനെതിരെ പ്രാദേശിക നേതാക്കള്‍ പരസ്യമായി രംഗത്ത് എത്തിയത് കോണ്‍ഗ്രസിന് തലവേദനായായി. ബിജെപിയില്‍ ഇപ്പോഴും കുമ്മനം രാജശേഖരനെ ചുറ്റിപറ്റിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം വട്ടിയൂര്‍ക്കാവായി മാറുന്നത് 2011 ലാണ്. തിരുവനന്തപുരം നോര്‍ത്തായിരുന്നപ്പോള്‍ എല്‍ഡിഎഫിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലം വട്ടിയൂര്‍ക്കാവായി മാറിയപ്പോള്‍ യുഡിഎഫ് ശക്തികേന്ദ്രമായി മാറുന്നതാണ് കണ്ടത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തെക്കുറിച്ചുള്ളു കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

5 തവണ ഇടത്
1977 ലാണ് തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം നിലവില്‍ വരുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച കെ രവീന്ദ്രന്‍ നായരായിരുന്നു മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അതിന് ശേഷം 2006 വരെ നടന്ന ഏഴ് തിരഞ്ഞെടുപ്പുകളില്‍ 5 ഇലും വിജയം കരസ്ഥമാക്കിയത് സിപിഎമ്മായിരുന്നു. 1980 ല്‍ കെ അനിരുദ്ധന്‍, 1987 ലും 1991 ലും 1996 2006 ലും എം വിജയകുമാര്‍ എന്നിവരിലൂടെയായിരുന്നു മണ്ഡലത്തില്‍ സിപിഎം വിജയക്കൊടി പാറിച്ചത്.

2001 ല്‍ അഡ്വ കെ മോഹന്‍കുമാര്‍
1980 ല്‍ ജി കാര്‍ത്തികേയന്‍ 2001 ല്‍ അഡ്വ കെ മോഹന്‍കുമാര്‍ എന്നിവരിലൂടെയാണ് നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ 2011 ല്‍ മണ്ഡലം പുനഃനിര്‍ണ്ണയത്തിലൂടെ തിരുവനന്തപുരം നോര്‍ത്ത് വട്ടിയൂര്‍ക്കാവായി മാറിയപ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മേധാവിത്വം ലഭിച്ച. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും (2011,2016) മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. രണ്ട് തവണയും വിജയിച്ചത് കെ മുരളീധരന്‍.

നേട്ടം ബിജെപിക്കും
പുനഃനിര്‍ണ്ണയത്തിലൂടെ സിപിഎമ്മിന് വലിയ നഷ്ടംസഭവിച്ചപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നേട്ടം ഉണ്ടായത് ബിജെപിക്കാണ്. നോര്‍ത്ത് മണ്ഡലം എന്ന നിലയില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്ന 2006 ല്‍ 5611 വോട്ടുകള്‍ മാത്രം നേടിയ ബിജെപി മണ്ഡലം വട്ടിയൂര്‍ക്കാവായതിന് ശേഷം 2011 ല്‍ വോട്ടുനില 13494 ആയി ഉയര്‍ത്തി. 2011 ല്‍ എവരേയും ഞെട്ടിച്ച പ്രകടനമായിരുന്നു ബിജെപി കാഴ്ച്ച വെച്ചത്. 43700 വോട്ട് നേടിയ ബിജെപി യുഡിഎഫിന് പിറകിലായി രണ്ടാംസ്ഥാനത്ത് എത്തിയപ്പോള്‍ സിപിഎം മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മുന്നേറ്റം
ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് 53,545 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടുപിറകിലായി 50,709 വോട്ടുകള്‍ പിടിക്കാന്‍ കുമ്മനം രാജശേഖരന് സാധിച്ചു. അപ്പോഴും വലിയ തിരച്ചടി നേരിട്ടത് ഇടതുമുന്നണിക്ക് തന്നെ. 29414 വോട്ടുകള്‍ മാത്രമായിരുന്നു ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച സി ദിവാകരന് ലഭിച്ചത്. ഈ തിരിച്ചടി മറികടക്കാനാണ് ജനകീയനായ മേയര്‍ വികെ പ്രശാന്തിനെ സിപിഎം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

നഗരസഭാ വാര്‍ഡുകളില്‍ സിപിഎം
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 24 നഗരസഭാ വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം. 2015 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 24 ല്‍ പത്ത് കോര്‍പ്പറേഷന്‍ വാര്‍ഡുകളും ഇടതുപക്ഷം സ്വന്തമാക്കിയപ്പോള്‍ ബിജെപി 9 ഇടത്തും യുഡിഎഫ് 5 ഇടത്തുമാണ് വിജയിച്ചത്.

എന്‍എസ്എസ് സ്വാധീനം
നായര്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്. 1991 ല്‍ എന്‍സ്എസിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിക്ക് മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് എത്താന്‍ സാധിച്ചിരുന്നു. 340 വോട്ടുകള്‍ക്ക് മാത്രമായിരുന്നു എന്‍ഡിപിക്ക് വേണ്ടി മത്സരിച്ച രവീന്ദ്രന്‍ തമ്പി എല്‍ഡിഎഫിലെ വിജയകുമാറിനോട് അന്ന് പരാജയപ്പെട്ടത്. എന്‍ഡിപി പിന്നീട് കേരള രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും വട്ടിയൂര്‍ക്കാവിലെ വിജയ പരാജയങ്ങള്‍ എന്‍എസ്എസിന്‍റെ നിലപാട് ഇന്നും ഏറെ നിര്‍ണ്ണായകമാണ്.

പ്രതീക്ഷകള്‍
മണ്ഡലത്തിലെ ജാതിസമവാക്യങ്ങളെ അപ്രസക്തമാക്കുന്ന വിജയം ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ഉണ്ടാവുമെന്നാണ് ഇടതുമുന്നിയുടെ അവകാശവാദം. ഈഴവ വിഭാഗത്തില്‍ നിന്നുള്ള വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ മണ്ഡലത്തിലെ ജാതിസമവാക്യങ്ങള്‍ കൂടി തിരുത്തിയെഴുതാനാണ് സിപിഎം ശ്രമം. അതേസമയം കോണ്‍ഗ്രസ് ഇത്തവണയും നായര്‍ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള സ്ഥാനാര്‍ത്ഥിയെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. എന്‍എസ്എസിനെ പിണക്കാതെയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനാണ് ബിജെപിയുടേയും നീക്കം.












Click it and Unblock the Notifications