വിശ്രമത്തിന് വേഷം വാവ സുരേഷ് വീണ്ടുമെത്തി; പിടികൂടിയത് കുഞ്ഞന്‍ മൂര്‍ഖനെ
ആലപ്പുഴ: പാമ്പ് കടിയേറ്റ് വിശ്രമത്തിലായിരുന്ന വാവ സുരേഷ് വീണ്ടും പാമ്പ് പിടുത്തത്തില്‍ സജീവമാകുന്നു. ആലപ്പുഴ ചാരുംമൂട്ടിലാണ് വിശ്രമത്തിന് ശേഷം വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ വീണ്ടുമെത്തിയത്. ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന മൂര്‍ഖനെയാണ് വാവ സുരേഷ് പിടികൂടിയത്. വീട്ട് മുറ്റത്ത് രണ്ട് ബൈക്കുകള്‍ ഉണ്ടായിരുന്നു. മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് പത്തി വിടര്‍ത്തിയ മൂര്‍ഖനെ കണ്ടത്.
പേടിച്ച് ഉടന്‍ തന്നെ അഖില്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്കു കയറി. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ഉടന്‍ എത്താമെന്ന് വാവ സുരേഷ് അറിയിച്ചു. വാവ സുരേഷ് എത്തുമെന്ന് അറിഞ്ഞതോടെ നാട്ടുകാരും തടിച്ചുകൂടി. രാത്രി എട്ടരയോടെയാണ് സുരേഷ് ചാരുംമൂട്ടില്‍ എത്തിയത്. ബൈക്ക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിന്നിലാക്കി.

രണ്ട് വയസുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ട ശേഷം പുറത്തു പോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും വാവ സുരേഷ് പറഞ്ഞു. വാവ സുരേഷിന് നാട്ടുകാര്‍ സ്വീകരണം നല്‍കി. ജനുവരി 31 നാണ് വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്. കുറിച്ചി പാട്ടശ്ശേരിയില്‍ വെച്ചായിരുന്നു സംഭവം. കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയില്‍ ഉണ്ടായിരുന്ന മൂര്‍ഖനെ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ആറടിയിലേറെ നീളമുള്ള മൂര്‍ഖനായിരുന്നു വാവ സുരേഷിനെ കടിച്ചത്. കാല്‍ മുട്ടിന് മുകളിലായി പാമ്പ് കടിയേറ്റ വാവ സുരേഷിനെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.

എന്നാല്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടായതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയാണ് വാവയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. ഇനിയും പാമ്പിനെ പിടിക്കാനുള്ള നിയോഗത്തിനായിട്ടാണ് ദൈവം ആയുസ് നീട്ടിത്തന്നതെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു വാവ സുരേഷ് ആശുപത്രി വിട്ട ശേഷം പറഞ്ഞത്. നേരത്തെയും പല തവണ പാമ്പിനെ പിടിക്കുന്നതിനിടെ വാവ സുരേഷിന് കടിയേറ്റിരുന്നു.

അതേസമയം ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നതെന്ന് വാവ സുരേഷ് പറഞ്ഞിരുന്നു. വാഹനാപകടത്തില്‍ വാരിയെല്ലിന് പൊട്ടല്‍ ഉണ്ടായിരുന്നുവെന്നും അതിന്റെ വേദന ഉണ്ടായിരിക്കെയാണ് കുറിച്ചിയില്‍ പാമ്പിനെ പിടിക്കാന്‍ പോയതെന്നും വാവ സുരേഷ് പറഞ്ഞിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം ചാക്കിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ വേദന അനുഭവപ്പെട്ടെന്നും അതില്‍ ശ്രദ്ധ മാറിയതാണ് പാമ്പ് കടിയേല്‍ക്കാന്‍ കാരണമെന്നും വാവ സുരേഷ് ആശുപത്രി വിട്ട ശേഷം പറഞ്ഞിരുന്നു.
Recommended Video


പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായതെന്ന് വാവ സുരേഷ് പറഞ്ഞിരുന്നു. രക്ഷപ്പെടില്ലെന്ന സംശയം കാര്‍ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു. യാത്രയ്ക്കിടെ ബോധം മറഞ്ഞു. വാവയെ കൊണ്ടുവരുമ്പോള്‍ ഹൃദയമിടിപ്പ് കുറവായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ബ്രെയിന്‍ ഡെത്ത് സംഭവിച്ചു എന്നത് തനിക്ക് തന്നെ ബോധ്യമുള്ള കാര്യമാണ്. തലയ്ക്കുള്ളില്‍ പെരുപ്പ് കയറി വരുന്നതും തലയ്ക്ക് വണ്ണം വെക്കുന്നുവെന്ന തോന്നലുമൊക്കെ ആ സമയം തനിക്കുണ്ടായിരുന്നുവെന്നും വാവ സുരേഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിലെ അശാസ്ത്രീയതയും ഇക്കാലത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications