വിവാദങ്ങൾക്കൊടുവിൽ വയലാർ പുരസ്കാരം പ്രഖ്യാപിച്ചു, വിജെ ജെയിംസിന്റെ നിരീശ്വരന് പുരസ്കാരം
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ വയലാര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. വിജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിനാണ് ഈ വര്‍ഷത്തെ വയലാര്‍ രാമവവര്‍മ ട്രസ്റ്റിന്റെ വയലാര്‍ അവാര്‍ഡ്. പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ നിര്‍ണയിച്ചത്. ഏകകണ്ഠമായാണ് വിജെ ജെയിംസിന്റെ നോവലിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത് എന്ന് പെരുമ്പടവം ശ്രീധരന്‍ പ്രതികരിച്ചു.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌ക്കാരം. ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പിലെ വജ്രദാഹം എന്ന കവിതയും പുരസ്‌ക്കാരത്തിന് അവസാന റൗണ്ടില്‍ പരിഗണിക്കപ്പെട്ടിരുന്നു. വയലാറിന്റെ ചരമ ദിനമായ ഒക്ടോബര്‍ 27നാണ് പുരസ്‌ക്കാരം സമ്മാനിക്കുക.

വയലാര്‍ പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് എംകെ സാനു രാജി വെച്ചതോടെ അവാര്‍ഡ് വിവാദത്തിലായിരുന്നു. പുരസ്‌കാര നിര്‍ണയത്തിന്മേലുളള ബാഹ്യ ഇടപെടലുകളില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിയുന്നതെന്ന് എംകെ സാനു രാജിക്കത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏഴാച്ചേരി രാമചന്ദ്രന്റെയും വിജെ ജെയിംസിന്റെയും പുസ്തകങ്ങളെ മറികടന്ന് മറ്റൊരു പുസ്തകത്തിന് പുരസ്ക്കാരം നൽകാൻ ജൂറിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും അതിന് കൂട്ട് നിൽക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി.
ഇടത് സഹയാത്രികനും പ്രമുഖ കവിയും അധ്യാപകനും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയെ ചൊല്ലിയാണ് എംകെ സാനു കലാപമുയര്‍ത്തിയത് എന്നാണ് സൂചന. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ 'തിളച്ച മണ്ണില്‍ കാല്‍നടയായി' എന്ന പുസ്തകത്തിന് വയലാർ പുരസ്കാരം നൽകാൻ സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് ആരോപിക്കപ്പെടുന്നത്.












Click it and Unblock the Notifications