വിഡി സതീശൻ യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി പൊലീസിന് കൊടുക്കണം: ബിജെപി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആദ്യം പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി പൊലീസിന് കൈമാറണമെന്ന് ബി ജെ പി സംസ്ഥാന ജനറഷസെക്രട്ടറി പി.സുധീർ. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസുകൊടുക്കുമെന്ന സതീശന്റെ പ്രസ്താവന സി പി എമ്മിന്റെ പ്രീതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് വി ഡി സതീശൻ കാണിക്കുന്നത്. ഭരണപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഇത്രയും തരംതാണ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല. അഴിമതിയുടെ പങ്കുപറ്റുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഭരണപക്ഷത്തിന്റെ വക്കാലത്തെടുക്കുന്നത്. കെ സുരേന്ദ്രൻ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണ്.

കേരളത്തിലെ ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ തുറന്നു കാണിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്ത്രീകൾക്കെതിരായ ഒരു പാരാമർശവും അതിലില്ലാത്തതു കൊണ്ടാണ് സി പി എം പ്രതികരിക്കാത്തത്. എന്നാൽ രാഹുൽ ഗാന്ധി വിഷയത്തിൽ തങ്ങളെ സഹായിച്ച സി പി എമ്മിനെ തിരിച്ചു സഹായിക്കാനുള്ള വെപ്രാളമാണ് സതീശന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സി പി എമ്മിന്റെ അച്ചാരം വാങ്ങി ബി ജെ പിക്കെതിരെ എന്തും പറയാമെന്ന് വി ഡി സതീശൻ വിചാരിക്കരുതെന്നും പി സുധീർ പറഞ്ഞു.
സ്ത്രീകൾക്കെതിരെ സോഷ്യൽ മീഡീയയിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്ത വ്യക്തിയാണ് വി ഡി സതീശൻ എന്ന് എല്ലാവർക്കും അറിയാം. അദ്ദേഹം ബി ജെ പിയെ സ്ത്രീവിരുദ്ധത പഠിപ്പിക്കാൻ വരണ്ട. സ്വാഭാവിക നീതി കിട്ടാത്തതിന് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച പാർട്ടിയാണ് കോൺഗ്രസ് എന്ന് സതീശൻ ഓർക്കണം. പല രഹസ്യ ഇടപാടുകളിൽ നിന്നും പിണറായി വിജയൻ രക്ഷിച്ചതിലുള്ള പ്രത്യുപകാരമാണ് സതീശൻ തിരിച്ചു ചെയ്യുന്നതെന്നും പി സുധീർ പറഞ്ഞു.
കെ സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ യൂത്ത് കോണഅഗ്രസ് നേതാവ് വീണ എസ് നായരാണ് പരാതി നൽകിയത്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈടെക് സെല്ലിനാണ് അന്വേഷണ ചുമതല. അതേസമയം സുരേന്ദ്രനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും അറിയിച്ചു.












Click it and Unblock the Notifications