'മന്ത്രിമാരോട് വിദേശത്ത് പോകാന്‍ പറഞ്ഞത് ഞാന്‍, സ്വകാര്യ വിമാനത്തില്‍ ഇനിയും പോകു'മെന്ന് മുഖ്യമന്ത്രി
യുഡിഎഫ് സര്‍ക്കാര്‍ നേരിടുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. സ്വകാര്യ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് യാത്ര ചെയ്തതില്‍ സര്‍ക്കാരിന് നഷ്ടം വന്നിട്ടില്ലെന്നും വിമാന യാത്രയില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ആവശ്യമാണെങ്കില്‍ ഇനിയും പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎം ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബര കാര്‍ ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ കാര്‍ കേടായതിനാലാണ് മറ്റൊരു കാര്‍ ഉപയോഗിച്ചത്. ഇത്തരം കാര്യങ്ങളൊന്നും വിവാദമാക്കരുത് എന്നും മുഖ്യമന്ത്രി പറയുന്നു. മന്ത്രിമാരോട് വിദേശത്ത് പോകാന്‍ ആവശ്യപ്പെട്ടത് താനാണെന്നും അവര്‍ ലോകം കണ്ട് വരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ വ്യക്തി തന്ന വിമാനത്തിലാണ് താന്‍ മലപ്പുറത്തേക്ക് പോയത്. ആ വ്യക്തി മലയാളിയാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി പേര് വെളിപ്പെടുത്തിയില്ല. എന്തിനാണ് വെറുതെ അവരുടെ പേര് പറയുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. നാളെ എന്തേലും ആവശ്യത്തിന് അവര്‍ വരുമെന്ന് കരുതുന്നില്ലെന്നും അത്തരം വ്യാഖ്യാനം ശരിയല്ലെന്നമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇനിയും ഇത്തരത്തില്‍ വിമാന യാത്ര നടത്തും. അതിലെന്താണ് തെറ്റ്. പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും സ്വകാര്യ വ്യക്തികള്‍ നല്‍കിയ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നഷ്ടമായി എന്നാണ് ആദ്യം വാര്‍ത്ത വന്നത്. ഖജനാവില്‍ നിന്ന് പണം എടുത്തില്ല എന്ന് വ്യക്തമായതോടെ സ്വകാര്യ വ്യക്തിയുടെ വിമാനത്തില്‍ യാത്ര ചെയ്തു എന്നാക്കി. അത്തരം യാത്രകളില്‍ എന്താണ് തെറ്റ്. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും ഇത്തരത്തില്‍ യാത്ര ചെയ്യുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണ്. സര്‍ക്കാര്‍ ധൂര്‍ത്ത് ചെയ്യാന്‍ പാടില്ല. ചെലവ് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഴയ വാഹനങ്ങളാണ് മന്ത്രിമാര്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. പത്ത് വര്‍ഷം പഴക്കമുള്ള വണ്ടികള്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്നുണ്ട്. പലതും വഴിയില്‍ നിന്നുപോകുന്നു. ഷാജി ഉപയോഗിച്ച വാഹനം 2017 മുതലുള്ളതാണ്. ഇടയ്ക്ക് കേടാകുന്നുണ്ട്. ഈ വേളയില്‍ സുഹൃത്തിന്റെ വണ്ടി ഉപയോഗിച്ചു. അതിലെന്ത് തെറ്റാണുള്ളത്. അനുവദിച്ച സമയത്തേക്കാള്‍ കുറച്ച് അധികം ഉപയോഗിച്ചതൊന്നും പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരോട് വിദേശത്ത് പോകാന്‍ പറഞ്ഞത് ഞാനാണ്. ലോക രാജ്യങ്ങളില്‍ നടക്കുന്നത് അവര്‍ കണ്ടുവരട്ടെ. ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ട്. വിദേശ യാത്രയുടെ അപേക്ഷ വരുമ്പോള്‍ ചെലവുണ്ടോ എന്നാണ് താന്‍ നോക്കുന്നത്. ചെലവില്ലാത്തതിനാല്‍ പോകാന്‍ അനുവദിക്കും. നിരവധി പ്രവാസി സംഘടനകളുണ്ട്. അവര്‍ ക്ഷണിക്കുമ്പോള്‍ പോകുന്നതില്‍ എന്താണ് തെറ്റ് എന്നും വിഡി സതീശന്‍ ചോദിക്കുന്നു.


Click it and Unblock the Notifications
