എൽഡിഎഫിനെ പഴിചാരാൻ വിഡി സതീശൻ നുണ പറയുന്നു; വൈദ്യുതി പ്രതിസന്ധിയിൽ ജോണ്‍ ബ്രിട്ടാസ്
വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ജോണ്‍ ബ്രിട്ടാസ്. എൽഡിഎഫിനെ പഴിചാരാൻ മുഖ്യമന്ത്രി നുണ പറയുകയാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. ഒരു പ്രതിസന്ധി വരുമ്പോൾ അതിനെ എങ്ങനെ തരണം ചെയ്യണമെന്ന് നോക്കുന്നതിനു പകരം മുൻ സർക്കാരിനെ പഴിചാരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ ദീർഘകാല കരാർ റെഗുലേറ്ററി അതോറിറ്റിയാണ് റദ്ദാക്കിയതെന്നിരിക്കെ വിഷയത്തിൽ അസത്യങ്ങൾ പറയുകയുമാണ് മുഖ്യമന്ത്രിയെന്ന് ബ്രിട്ടാസ് വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണുള്ളത്; കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണിത്. ഇതിന് നിരവധി കാരണങ്ങളുമുണ്ട്. എന്നാൽ ഒരു പ്രതിസന്ധി വരുമ്പോൾ അതിനെ എങ്ങനെ തരണം ചെയ്യണമെന്ന് നോക്കുന്നതിനു പകരം മുൻ സർക്കാരിനെ പഴിചാരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിനോ നരേന്ദ്ര മോദിക്കോ എന്തെങ്കിലും പ്രതിസന്ധിയോ പ്രശ്നമോ ഉണ്ടായാൽ നെഹ്‌റുവിനെ പഴിചാരുന്നതുപോലെ, ഇവിടെ യു.ഡി.എഫും വി.ഡി. സതീശനും മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷത്തെയുമാണ് പഴിക്കാൻ ശ്രമിക്കുന്നത്.
ഇവിടെ വി.ഡി. സതീശൻ പഴിചാരാൻ വേണ്ടി നുണ പറയുന്നതാണ് വിഷയത്തെ കൂടുതൽ വഷളാക്കുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ ദീർഘകാല കരാർ ഒരു കാരണം പോലും പറയാതെ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കി എന്ന് കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറയുകയുണ്ടായി. എന്നാൽ രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ സമയത്ത്, 14-09-2023-ൽ നടന്ന ചോദ്യോത്തര വേളയിൽ, ദീർഘകാല കരാർ റദ്ദാക്കുന്നതിനെക്കുറിച്ച് സഭയിൽ വൈദ്യുതി മന്ത്രി മറുപടി നൽകുന്നുണ്ട്. അന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവും ഇതിൽ പങ്കെടുക്കുന്നുണ്ട്. റെഗുലേറ്ററി അതോറിറ്റിയാണ് കരാർ റദ്ദാക്കിയത് എന്ന് അതിൽ വ്യക്തമാക്കുന്നുമുണ്ട്. അതായത്, മൂന്നുവർഷം മുൻപ് നടന്ന കാര്യങ്ങൾ വി.ഡി. സതീശൻ സൗകര്യപൂർവം മറക്കുകയും വിഷയത്തിൽ അസത്യങ്ങൾ പറയുകയുമാണ് ചെയ്തത്. ഒരു മുഖ്യമന്ത്രിക്ക് ചേർന്നതാണോ ഈ നിലപാട്?
മറ്റൊരു കാര്യം കൂടി; ആ ചോദ്യോത്തര വേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുമ്പോൾ 'ഓംബുഡ്‌സ്മാനും' 'റെഗുലേറ്ററി അതോറിറ്റിയും' തമ്മിൽ മാറിപ്പോകുന്നുണ്ട്. അപ്പോൾ സഭയിലുള്ള ഒരാൾ 'റെഗുലേറ്ററി അതോറിറ്റി' എന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട്. പ്രേക്ഷകർ ശ്രദ്ധിച്ചു കേട്ടാൽ ആ ശബ്ദം ആരുടേതാണെന്ന് മനസ്സിലാകും.


Click it and Unblock the Notifications
