'പിണറായിയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനല്ല കോടതിയില്‍ പോയത്; പരിഹസിക്കരുതെന്ന് സതീശന്‍
കണ്ണൂര്‍: കെ- ഫോണുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലെ ഹൈക്കോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ ദിവസം സതീശന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സതീശന് നേരെ രൂക്ഷ വിമര്‍ശനവും ഹൈക്കോടതി ഉന്നയിച്ചിരുന്നു. പബ്ലിക് ഇന്ററസ്റ്റല്ല, പബ്ലിസിറ്റി ഇന്ററസ്റ്റാണ് ഹര്‍ജിക്കാരന്റേത് എന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ഇതിന് രൂക്ഷമായ ഭാഷയിലാണ് സതീശന്‍ പ്രതികരിച്ചത്. ഹൈക്കോടതി തന്നെ വിമര്‍ശിക്കുകയല്ല, പരിഹസിക്കുകയാണ് ചെയ്തതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പബ്ലിസിറ്റിക്ക് വേണ്ടി കോടതിയില്‍ പോകേണ്ട കാര്യമില്ല എന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. നീതി തേടി കോടതിയില്‍ പോകുന്നവരെ പരിഹസിക്കണോ എന്ന കാര്യം കോടതി തന്നെ പരിശോധിക്കട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.

പബ്ലിസിറ്റിക്ക് വേണ്ടി കോടതിയില്‍ വന്നു എന്നത് വിമര്‍ശനമല്ല പരിഹാസമാണ് എന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കില്‍ മാധ്യമങ്ങളെ കണ്ടാല്‍ പോരേ എന്നും സതീശന്‍ ചോദിച്ചു. രേഖകളില്‍ കുറവുണ്ടെങ്കില്‍ കോടതിക്ക് അത് ചോദിക്കാമായിരുന്നു. ഭരണകൂടത്തില്‍ നിന്നും നീതി കിട്ടാതെ വരുമ്പോഴാണ് ജനങ്ങള്‍ കോടതിയെ സമീപിക്കുന്നത് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ആളുകളുടെ അവസാന പ്രതീക്ഷയും വിശ്വാസവും കോടതിയാണ് എന്നും ഇനി എന്തു പ്രതീക്ഷയെന്ന് സാധാരണക്കാര്‍ വിചാരിച്ചാല്‍ കുറ്റം പറയാനാകില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. താനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് അല്ല കോടതിയിലെത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ' വേലി കെട്ടിയപ്പോള്‍ ഉണ്ടായ തര്‍ക്കമെങ്കില്‍ പൊതുതാല്‍പ്പര്യം ഇല്ല എന്ന് പറയാം. എന്തായാലും എനിക്ക് ഇപ്പോഴും നീതിന്യായ വ്യവസ്ഥയോട് വിശ്വാസവും ബഹുമാനമുണ്ട്,' സതീശന്‍ പറഞ്ഞു.
കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ആരോപണം ഉന്നയിച്ചിരുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണമൊന്നും ഉണ്ടായില്ല എന്നും ഇതേത്തുടര്‍ന്ന് കൂടുതല്‍ രേഖകള്‍ കിട്ടിയപ്പോഴാണ് കോടതിയെ സമീപിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. താനൊരു അഭിഭാഷകനാണ് എന്നും ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ പോയാല്‍ എങ്ങനെയാണ് പബ്ലിസിറ്റി കിട്ടുക എന്ന് തനിക്ക് മനസ്സിലായിട്ടില്ല എന്നും മൂന്നാറിലെ ഭൂമി കൈയേറ്റത്തിനെതിരെ മുമ്പ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നപ്പോള്‍ കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അന്ന് തനിക്ക് കോടതിയില്‍ നിന്ന് അനുകൂല പരാമര്‍ശം ലഭിച്ചിട്ടുണ്ട് എന്നും ാതുതാല്‍പ്പര്യഹര്‍ജി എന്താണെന്ന് തനിക്ക് വ്യക്തമായിട്ടറിയാം എന്നും സതീശന്‍ വ്യക്തമാക്കി.
കെ ഫോണ്‍ പദ്ധതിക്കെതിരായ തന്റെ ഹര്‍ജി തള്ളിയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത് ഒരു നടപടിയാണ്. അത് നടക്കട്ടെ എന്നും അതിനെ ബഹുമാനത്തോടെയാണ് നോക്കി കാണുന്നത് എന്നും വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications