'എന്നും ഷേവ് ചെയ്യാറുണ്ട്, വ്രതമെടുക്കുന്നത് എന്റെ സ്വകാര്യത'; ക്ലീന്‍ ഷേവ് ചെയ്ത് മല കയറിയതില്‍ സതീശന്‍
കോട്ടയം: ഭക്തിയും വിശ്വാസവും ശബരിമല കയറാന്‍ വ്രതം നോക്കുന്നതും എല്ലാം സ്വകാര്യതയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ലീന്‍ ഷേവ് ചെയ്ത് മല ചവിട്ടിയെന്ന സൈബര്‍ ആക്രമണത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ 26-ാമത്തെ ശബരിമല ദര്‍ശനമായിരുന്നു ഇത് എന്നും ഇനി ഇടവേളകളില്ലാതെ മല കയറണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
12 വര്‍ഷം മുന്‍പാണ് അവസാനമായി മല കയറിയത്. മുട്ടിന് താഴെ വേദന വന്നതോടെ അത് നിര്‍ത്തേണ്ടി വന്നു. മല ചവിട്ടി ചെന്ന് ദര്‍ശനം നടത്തുന്നത് വേറൊരു അനുഭൂതി തന്നെയാണ് എന്നും സതീശന്‍ പറയുന്നു. വ്രതം നോക്കുന്നതൊക്കെ നമ്മുടെ സ്വകാര്യതയാണ് എന്നും അദ്ദേഹം പറഞ്ഞു. '41 ദിവസം വ്രതമെടുത്തും ഒരാഴ്ച വ്രതമെടുത്തും മൂന്ന് ദിവസം വ്രതമെടുത്തുമൊക്കെ ഞാന്‍ ശബരിമലയ്ക്ക് പോയിട്ടുണ്ട്,' സതീശന്‍ പറയുന്നു.

താടി വളര്‍ത്തിയും വളര്‍ത്താതെയും വ്രതമെടുത്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തി സ്വകാര്യതയാണ് എന്നും ഇതൊന്നും നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ചെയ്യുന്ന കാര്യമല്ല എന്നും സതീശന്‍ പറഞ്ഞു. അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല. എല്ലാവരും താടി വളര്‍ത്തി അല്ലല്ലോ മല കയറുന്നത് എന്നും അദ്ദേഹം ചോദിച്ചു. എല്ലാ ദിവസവും ഷേവ് ചെയ്യുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ദര്‍ശനത്തിന് വി ഐ പി പദവി വേണ്ടെന്ന് താന്‍ പറഞ്ഞിരുന്നു എന്നും ഉച്ചയ്ക്ക് വന്നു കയറിയപ്പോള്‍ തന്നെ തൊഴാനായി എന്നും അദ്ദേഹം പറഞ്ഞു. മൂന്നരയ്ക്ക് നട തുറന്നപ്പോള്‍ വീണ്ടും ദര്‍ശനം നടത്താന്‍ പൊലീസുകാര്‍ പറഞ്ഞിരുന്നെങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ വേണ്ടി താന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും സതീശന്‍ വ്യക്തമാക്കി. ഇത്തവണത്തെ ശബരിമലയിലെ സജ്ജീകരണങ്ങളില്‍ തൃപ്തനാണ് എന്നും അദ്ദേഹം പറഞ്ഞു.
'കുറച്ച് പേര്‍ പമ്പയില്‍ ഒരു സൗകര്യവുമില്ല, പ്രയാസപ്പെടുന്നുവെന്ന് പറഞ്ഞു. അത് മാറ്റിവെച്ചാല്‍ കുറെ മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വളരെ മോശമായിരുന്നു. ഒരുപാടാണ് പേര്‍ക്ക് പന്തളത്തും പമ്പയിലും വന്ന് മാല ഊരി പോകേണ്ടി വന്നിരുന്നല്ലോ. സ്‌പോട് ബുക്കിംഗ് വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഭക്തര്‍ മലയില്‍ വന്ന് സുരക്ഷിതമായി ദര്‍ശനം നടത്തിപോകേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമാണ്,' അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications