ഐഎന്‍ടിയുസി-സതീശന്‍ പോര് തണുപ്പിക്കാന്‍ കെപിസിസി; സുധാകരന്‍ ഇടപെടുന്നു
തിരുവനന്തപുരം: ഐ എന്‍ ടി യു സി - പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പോരില്‍ കെ പി സി സി നേതൃത്വം ഇടപെടുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐ എന്‍ ടി യു സി പരസ്യ പ്രതിഷേധത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ കെ പി സി സി പ്രസിഡന്റ് തന്നെ മുന്‍കൈയെടുക്കുന്നത്.
വിവാദവും വി ഡി സതീശനെതിരായ പ്രതിഷേധവും അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍ ആര്‍ ചന്ദ്രശേഖരനോട് ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ട്. ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദ്വിദിന പണിമുടക്കില്‍ ജനങ്ങള്‍ വലഞ്ഞതും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതുമാണ് പണിമുടക്കിനേയും ഐ എന്‍ ടി യു സിയേയും തള്ളി പറയാന്‍ സതീശനെ പ്രേരിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഉടനീളം ഐ എന്‍ ടി യു സിക്കാര്‍ സതീശനെതിരെ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ പല പരിപാടികള്‍ക്കും ഐ എന്‍ ടി യു സിക്കാരാണ് പോസ്റ്ററൊട്ടിക്കാനും കൊടി നാട്ടാനും ഉണ്ടാകാറെന്നും വെള്ള ഷര്‍ട്ടിട്ട ആരും വരാറില്ലെന്നും ഐ എന്‍ ടി യു സിക്കാര്‍ പ്രതിഷേധത്തില്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സതീശന്റെ പരാമര്‍ശത്തിലുള്ള അതൃപ്തി ചന്ദ്രശേഖരന്‍ അറിയിക്കുമെങ്കിലും പ്രശ്‌നം തീര്‍ക്കണമെന്ന് സുധാകരന്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടേക്കും. അതേസമയം പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐ എന്‍ ടി യു സിക്കുള്ളത്. കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐ എന്‍ ടി യു സി എന്നതില്‍ തര്‍ക്കമില്ലെന്ന് വി ഡി സതീശന്‍ പിന്നീട് പറഞ്ഞിരുന്നു.

അവിഭാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഐ എന്‍ ടി യു സിയെ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം തിരുത്തി പറഞ്ഞിരുന്നു. തനിക്കെതിരെ ഐ എന്‍ ടി യു സി നടത്തിയ പരസ്യ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു. താനല്ല ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം കെ സുധാകരന്‍ ഇടപെട്ട സാഹചര്യത്തില്‍ പ്രശ്‌നം ഒത്ത് തീര്‍പ്പാകാനാണ് സാധ്യത. വി ഡി സതീശന്‍ ഐ എന്‍ ടി യു സി പോര് രൂക്ഷമാകുന്നതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന് നേതാവ് കെ വി തോമസും രംഗത്ത് എത്തിയിരുന്നു.

ഐ എന്‍ ടി യു സിയും കോണ്‍ഗ്രസും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണുള്ളതെന്നും ഐ എന്‍ ടി യു സി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നും കെ വി തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. സതീശന്റെ പരാമര്‍ശത്തിന് പിന്നാലെ കഴിഞ്ഞദിവസം രാത്രി അടിയന്തരമായി ഐ എന്‍ ടി യു സി ഓണ്‍ലൈനിലൂടെ നേതൃ യോഗം ചേര്‍ന്നിരുന്നു. ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്‍ ജില്ലാ അധ്യക്ഷന്‍മാരുടെ യോഗമാണ് വിളിച്ചിരുന്നത്.

ഐ എന്‍ ടി യു സിയെ തള്ളിപ്പറയുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ശരീരഭാഷ പോലും തങ്ങളെ അവഹേളിക്കുന്ന തരത്തിലായിയെന്നാണ് സംഘടനയിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. തൊഴിലാളി യൂണിയനുകള്‍ക്കെതിരായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് സതീശന്റെ പ്രസ്താവനയെന്ന് സമൂഹ മാധ്യമങ്ങളിലും ആക്ഷേപമുണ്ടായിരുന്നു.












Click it and Unblock the Notifications