വിഡി സതീശന്റെ ശമ്പളം ഇരട്ടിയാകും; മുഖ്യമന്ത്രിക്ക് സൗജന്യങ്ങള്‍ ഏറെ, ശമ്പളം കൂട്ടിയേക്കും
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശന്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. കോണ്‍ഗ്രസ് ഹൈക്കമാന്റ് വിഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു. കെസ വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. ആരെ മുഖ്യമന്ത്രിയാക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച നീണ്ടതോടെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പതിനൊന്നാം ദിവസമാണ് തീരുമാനം വന്നിരിക്കുന്നത്.
വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നതില്‍ സന്തോഷമേയുള്ളൂ എന്നാണ് കെസി വേണുഗോപാല്‍ പ്രതികരിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയായി വിഡി സതീശന്‍ എത്തുന്നതോടെ എംഎല്‍എ എന്ന നിലയില്‍ കിട്ടിയിരുന്നതിനേക്കാള്‍ ഇരട്ടിയില്‍ അധികം ശമ്പളമാണ് ഇനി ലഭിക്കുക (VD Satheesan Salary). എംഎല്‍എമാരെക്കാള്‍ ശമ്പളം മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും കിട്ടും. ഇതിനേക്കാള്‍ കൂടുതല്‍ മുഖ്യമന്ത്രിക്കും.

വഹിക്കുന്ന ചുമതലയും ഉത്തരവാദിത്തവുമാണ് ശമ്പളത്തിന്റെ അളവ് കോല്‍. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ് ശമ്പളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രി തെലങ്കാനയിലാണ്, 4.10 ലക്ഷം രൂപയാണ് പ്രതിമാസം തെലങ്കാന മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്. ഏറ്റവും കുറവ് ശമ്പളം വാങ്ങുന്നത് ത്രിപുര മുഖ്യമന്ത്രിയാണ്, 1.06 ലക്ഷം രൂപ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്.
കേരളത്തില്‍ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ശമ്പളം 1.85 ലക്ഷം രൂപയാണ്. എല്ലാ അലവന്‍സുകളും ചേര്‍ത്താണിത്. എന്നാല്‍ സൗജന്യങ്ങള്‍ ഇതിന് പുറമെയാണ്. ഔദ്യോഗിക വാഹനം, സുരക്ഷ എന്നിവയെല്ലാം മുഖ്യമന്ത്രിക്കുണ്ടാകും. വിമാന-ട്രെയിന്‍ യാത്രാ അലവന്‍സ് കിട്ടും. മുഖ്യമന്ത്രിക്കും കുടുംബത്തിനും സൗജന്യ ചികില്‍സയാണ്. സ്വദേശത്തും വിദേശത്തും ഇത് ലഭിക്കും. കൂടാതെ മരണംവരെ പെന്‍ഷനും.
മുഖ്യമന്ത്രിയുടെ താമസം ഇവിടെ
തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിലാണ് മുഖ്യമന്ത്രി താമസിക്കുക. പേഴ്‌സണല്‍ സെക്രട്ടറിമാര്‍, അസിസ്റ്റന്റുമാര്‍, ജീവനക്കാര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. അതേസമയം, കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം 70,000 രൂപയാണ്. വിവിധ നിയമസഭാ കമ്മിറ്റുകളുടെ സിറ്റിങ് അലവന്‍സ് കൂടി ഉള്‍പ്പെടുമ്പോള്‍ അല്‍പ്പം കൂടും.
എംഎല്‍എയുടെ പ്രതിമാസ സ്ഥിരം അലവന്‍സ് 2000 രൂപയാണ്. മണ്ഡല അലവന്‍സ് 25000 രൂപ, യാത്രാ അലവന്‍സ് 20000 രൂപ, ടെലഫോണ്‍ അലവന്‍സ് 11000, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, മറ്റു അലവന്‍സുകള്‍ 8000 രൂപ എന്നിവയെല്ലാം ചേര്‍ത്താണ് 70000 രൂപ. സംസ്ഥാനത്തും പുറത്തും സഞ്ചരിക്കുമ്പോഴുള്ള യാത്രാ ബത്ത കിട്ടും. കെഎസ്ആര്‍ടിസി യാത്ര സൗജന്യം, ഇന്‍ഷുറന്‍സ്, സ്റ്റാഫ് അലവന്‍സ്, പലിശ രഹിത വാഹന-ഭവന വായ്പ എന്നിവയും എംഎല്‍എക്ക് കിട്ടും.
കേരളത്തില്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ശമ്പളം അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. ഇത് വര്‍ധിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം പഠിക്കാന്‍ ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ശമ്പളം വര്‍ധിപ്പിക്കണം എന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം കാരണം നടപ്പാക്കിയിട്ടില്ല. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കും.















Click it and Unblock the Notifications