കൊലവിളി നടത്തി സിപിഎമ്മും ബിജെപിയും; സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: കൊലവിളി നടത്തി സി പി എമ്മും ബി ജെ പിയും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബി.ജെ.പി- സി.പി.എം നേതാക്കള്‍ കൊലവിളി നടത്തുന്നത് സംസ്ഥാനത്ത് മനപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം, ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കില്ല. യു.ഡി.എഫുകാരായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ കേസെടുത്തേനെയെന്നും അദ്ദേഹം പറഞ്ഞു.
'ഇത്തരം കൊലവിളിയും കൊലവിളി മുദ്രാവാക്യങ്ങളും പാടില്ല. എത്ര വലിയ നേതാക്കളാണെങ്കിലും കര്‍ശന നടപടിയെടുക്കണം. സംസ്ഥാനത്ത് ഇരട്ട നീതിയാണ് നിലനില്‍ക്കുന്നത്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ യു.ഡി.എഫ് നടത്തുന്നത്. അതിന് വേണ്ടിയാണ് ബഹുസ്വരതാ സംഗമം സംഘടിപ്പിച്ചത്. ഏക സിവില്‍ കോഡ്, മണിപ്പുര്‍ സംഭവങ്ങളെ ഒന്നിച്ചാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ അവര്‍ ഒറ്റയ്ക്കല്ല, എല്ലാവരും ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോഴാണ് വിഭാഗീയതയുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന്' വിഡി സതീശന്‍ പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവുണ്ടാക്കാനുള്ള ബി.ജെ.പി കെണിയില്‍ സി.പി.എമ്മും വീണിരിക്കുകയാണ്. രണ്ട് പേരും ഒരേ രീതിയിലുള്ള വെല്ലുവിളികളാണ് നടത്തുന്നത്. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളെ അധിക്ഷേപിച്ചതും അപമാനിച്ചതുമായ പരാതികളാണ് പാര്‍ട്ടി നേതൃത്വത്തിന് ലഭിക്കുന്നത്.
പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനായി പരാതികളൊക്കെ ഒതുക്കിത്തീര്‍ക്കുകയാണ്. പാര്‍ട്ടിയല്ല പൊലീസ് സ്റ്റേഷനും കോടതിയും. ഇത്തരം പരാതികള്‍ കിട്ടിയാല്‍ നേതാക്കള്‍ പൊലീസിന് കൈമാറണം. പരാതികള്‍ പൊലീസിന് കൈമാറാതെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റിയും തരംതാഴ്ത്തിയും പാര്‍ട്ടി തന്നെ ശിക്ഷ വിധിക്കുകയാണെങ്കില്‍ നിയമസംവിധാനം രാജ്യത്ത് ഇല്ലെന്നല്ലേ അര്‍ത്ഥം. സാധാരണക്കാരനാണെങ്കില്‍ പൊലീസ് കേസെടുക്കില്ലേ? ആലപ്പുഴയില്‍ നിരന്തരമായി ഇത്തരം സംഭവങ്ങളുണ്ടാകുകയാണ്.
പാര്‍ട്ടിയിലെ സ്ത്രീകള്‍ തന്നെയാണ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കുന്നത്. ഈ പരാതികള്‍ പൊലീസിന് കൈമാറാനുള്ള ആര്‍ജവം സി.പി.എം നേതാക്കള്‍ കാട്ടണം. പരാതി പൊലീസിന് കൈമാറണമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നേതാക്കളോട് നിര്‍ദ്ദേശിക്കണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പാര്‍ട്ടിയില്‍ ഒതുക്കി തീര്‍ക്കേണ്ടതല്ല. തൃശൂരിലെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ പ്രശ്നം തീരുമോ? ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. എല്ലായിപ്പോഴും പാര്‍ട്ടി തന്നെ പൊലീസും കോടതിയുമാകുകയാണന്നും വി ഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications