യൂത്ത് കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി: വിഡി സതീശന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സമാനതകളില്ലാത്ത കടുത്ത ധന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ യൂത്ത് കമ്മീഷന്‍ അധ്യക്ഷയായ സി പി എം നേതാവിന്റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.
പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയാണ് അധാര്‍മ്മികമായ ഈ നടപടി. എത്ര ലാഘവത്വത്തോടെയാണ് സര്‍ക്കാര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്! നികുതി പിരിവ് നടത്താതെയും ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് സര്‍ക്കാരും സി.പി.എമ്മും ഓര്‍ക്കണം. ജനാധിപത്യ വ്യവസ്ഥയില്‍ യജമാനന്‍മാരായ ജനങ്ങളെ സര്‍ക്കാരും സി പി എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അടക്കം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനമായ കേരളത്തില്‍ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലവിളിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയിലും, ധൂര്‍ത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേത്യയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജോലിയില്ലാതെ യുവാക്കള്‍ വലയുമ്പോള്‍ മുന്‍കാല പ്രാബല്ല്യത്തില്‍ സിപിഎമ്മുകാരിയായ യുവജന കമ്മീഷന്‍ അദ്ധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണ്.
സമസ്ത മേഖലകളിലും അരാജകത്വം നിലനില്‍ക്കുന്ന കലുഷിത രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. സംസ്ഥാനം എല്ലാ രംഗത്തും പുറംതള്ളപ്പെടുകയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് ഏറ്റവും പിറകിലാണ്. റഗുലര്‍ കോളേജുകളില്‍ എണ്ണായിരത്തോളം ഡിഗ്രി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇവിടെ ഗവേഷണം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ മടിക്കുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ രംഗം അധ:പതിച്ചു. ആരോഗ്യ രംഗത്ത് ഇത്രയും തകര്‍ച്ച നേരിട്ട കാലമുണ്ടായിട്ടില്ല. കോവിഡ് കാലത്തെ മരണനിരക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവച്ചു. റവന്യൂ കമ്മി നികത്താന്‍ കേന്ദ്രം സഹായിച്ചില്ലെങ്കില്‍ കേരളത്തില്‍ ട്രഷറികള്‍ പൂട്ടേണ്ടി വന്നേനെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജനിച്ചു വീഴുന്ന ഓരോ പൗരനും ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് മുകളില്‍ കടക്കാരനാകുന്ന വികസന മാതൃക കേരളത്തില്‍ മാത്രമാണുള്ളത്. ഭരണഘടനയെ അവഹേളിക്കുന്ന മന്ത്രിമാരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. സജി ചെറിയാന്‍ കേരളത്തിന് തീരാകളങ്കമാണ്. മുജാഹിദ് സമ്മേളനത്തില്‍ കലാപാഹ്വനം നടത്തിയ രാജ്യസഭാഗത്തെ പിന്തുണയ്ക്കുന്ന നിലപാട് ആപല്‍ക്കരമാണ്. സാമുദായിക ചേരിതിരിവിനും കലാപവുമുണ്ടാക്കാനും ശ്രമിച്ച രാജ്യസഭാ അംഗത്തിനെതിരേ നടപടിയുണ്ടാകണം.












Click it and Unblock the Notifications