ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശൻ
ശബരിമല സ്ത്രീപ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.അനുകൂലിക്കുന്നുണ്ട് എങ്കിൽ സത്യവാങ്ങ്മൂലത്തിൽ അവർ ഉറച്ചു നിൽക്കണം.ഇനി അനുകൂലിക്കുന്നില്ലെങ്കിൽ സത്യവാങ്മൂലം പിൻവലിക്കണം. അല്ലെങ്കിൽ ഇനി യു.ഡി.എഫ് സർക്കാർ വരുമ്പോൾ ഞങ്ങളുടെ നിലപാട് സത്യവാങ്മൂലത്തിലൂടെ പറയുമെന്നും സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളോടാണ് പ്രതികരണം.
'ശബരിമല സ്ത്രീ പ്രവേശനത്തിന് വേണ്ടി ശക്തമായ നിലപാടാണ് ഒന്നാം പിണറായി സർക്കാർ എടുത്തത്. പക്ഷെ അതിൽ ശക്തിയായ പ്രതിഷേധം ഉണ്ടായതിനു ശേഷം പതുക്കെ അതിൽ നിന്ന് പിൻവലിഞ്ഞു. പിന്നീട് വീടുകളിൽ കയറി മാപ്പ് പറയുന്ന അവസ്ഥ വരെ ഉണ്ടായി. ഇപ്പോൾ ആഗോള അയ്യപ്പ സംഗമം നടത്തി എല്ലാത്തിൽ നിന്നും പിന്മാറുകയാണ് എന്നുള്ള രീതിയിൽ പ്രഖ്യാപിച്ചു. പക്ഷേ സുപ്രീം കോടതിയിൽ ഈ കേസ് വരുമ്പോൾ സർക്കാർ ഒരു സത്യവാങ്മൂലം കൊടുത്തിട്ടുണ്ട്. ആ സത്യവാങ്മൂലം മാറ്റി കൊടുക്കാൻ സർക്കാർ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതിൽ ഒളിച്ചുകളി പറ്റില്ല. എന്താണ് നിലപാട്എന്ന് കൃത്യമായിട്ട് പറയണം. സ്ത്രീ പ്രവേശനത്തെ ഇപ്പോഴും സർക്കാർ അനുകൂലിക്കുന്നുണ്ടോ? അനുകൂലിക്കുന്നുണ്ട് എങ്കിൽ ഈ സത്യവാങ്ങ്മൂലത്തിൽ അവർ ഉറച്ചു നിൽക്കുക .

ഇനി അനുകൂലിക്കുന്നില്ലെങ്കിൽ സത്യവാങ്മൂലം പിൻവലിക്കണം. അല്ലെങ്കിൽ ഇനി യു.ഡി.എഫ് സർക്കാർ വരുമ്പോൾ ഞങ്ങളുടെ നിലപാട് സത്യവാങ്മൂലത്തിലൂടെ പറയും. പക്ഷെ നാളെ സുപ്രീം കോടതിയിൽ കേസ് വരുമ്പോൾ സത്യവാങ് മൂലത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. അത് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. അയ്യപ്പന്റെ പേരിലാണ് മുഴുവൻ കളവ് നടന്നത്, കൊള്ള നടന്നത്, അതിക്രമം നടന്നത്, ആയിരക്കണക്കിന് ആളുകൾക്കെതിരായിട്ട് കേസ് എടുത്തത്, ഇപ്പോൾ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തി .കോടികളാണ് അയ്യപ്പന്റെ പേരിൽ സിപിഎം മാറ്റിയിരിക്കുന്നത്.
എന്നിട്ട് കേരളം മുഴുവൻ ഫ്ലെക്സ് വെച്ച് അതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ശ്രമിച്ചു. എന്നിട്ട് ഇപ്പോൾ കൈകഴിയി മാറുകയാണ്. അയ്യപ്പ സംഗമത്തിന്റെ പൈസ അടിച്ചുകൊണ്ടു പോയത് ആരാണെന്ന് ദേവസ്വം മന്ത്രിക്ക് അറിയില്ല എന്നാണ് പറയുന്നത്. അതുവരെ സർക്കാർ അതിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു. സർക്കാരിന് അതിൽ പങ്കില്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രിയുടെ പടം വെച്ച് കേരളം മുഴുവൻ ആഗോള അയ്യപ്പ സംഘം എന്ന് കോടിക്കണക്കിന് രൂപ ചെലവാക്കി ഹോഡിങ്സ് വെച്ചത്. മുഖ്യമന്ത്രി അവിടെ ആ പരിപാടിയിൽ പങ്കെടുത്തു, ദേവസം ബോർഡിനെ കൊണ്ടാണ് ഇത് ചെയ്യിപ്പിക്കുന്നത്, സർക്കാരിന്റെ പിന്തുണയോട് കൂടിയാണെന്ന് പറഞ്ഞു.
ദേവസം ബോർഡും സർക്കാരും തമ്മിൽ എന്താ ബന്ധമില്ലേ. അവര് നടത്തിയ കള്ളകണക്കുകൾ ആണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്.കോടികളാണ് അവിടുന്ന് അടിച്ചു മാറ്റിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
അതിൽ നിന്നും കൈകഴുതാൻ നോക്കുകയാണ്. ശബരിമല വിടാതെ ഈ സർക്കാരിനെ പിന്തുടരുകയാണ് .കാരണം അത്രമാത്രം ക്രമക്കേടുകളും അത്രമാത്രം വൃത്തികേടുകളും അത്രമാത്രം വലിയ കൊള്ളയുമാണ് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ ശബരിമലയിൽ നടന്നിരിക്കുന്നത്', വിഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications