ഉദയ്പൂർ കൊലപാതകം ക്രൂരവും നിന്ദ്യവും;ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത ഒരേ ഇനം വിഷം;വിഡി സതീശൻ
തിരുവനന്തപുരം; ബിജെപി നേതാവ് നൂപുർ ശർമ്മയുടെ പോസ്റ്റ് പങ്കുവെച്ചതിന്റെ പേരിൽ ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദയ്പൂരിലെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദയ്പൂരിലെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണ്. തീവ്ര മത നിലപാടുകൾ മനുഷ്യത്വമില്ലാത്ത പ്രവർത്തികളിലേക്ക് തള്ളിവിടുന്നു. മതത്തിന്റെ പേരിലുള്ള ഏത് കൊലയും ഹീനമാണ്. രാജ്യത്ത് കലാപം ഉണ്ടാക്കുകയായിരുന്നു വർഗീയ വാദികളുടെ ലക്ഷ്യം. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരേ ഇനം വിഷം തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിശ്വാസം സ്പിരിച്വാലിറ്റിയിലേക്ക് നയിക്കപ്പെടണം. എങ്കിലെ സഹജീവികളെയും പ്രകൃതിയെയും എല്ലാത്തിനേയും ഉൾക്കൊണ്ട്, സമാധാനവും സ്നേഹവും പുലർത്താനാകൂ. അസഹിഷ്ണുതയുടെയോ ക്രൂരതയുടെയോ വഴിയല്ല ഈശ്വരവിശ്വാസം. അങ്ങേയറ്റത്തെ ആദരവോടെ പിറന്ന നാടിനെയും മതനിരപേക്ഷതയെയും സഹിഷ്ണുതയെയും മനസിൽ സൂക്ഷിക്കാൻ ഓരോരുത്തരും തയാറാകണം. ഓരോ ഭാരതീയനും വിവിധ വിശ്വാസങ്ങളുടെ പിൻതുടർച്ചക്കാരാണ്. ആ തിരിച്ചറിവു മാത്രം മതി സമാധാനം പുലരാൻ.
മത തീവ്രവാദത്തെ നിയന്ത്രിക്കാനാണ് സർക്കാരുകൾ തയാറാകേണ്ടത്, അല്ലാതെ വിഭാഗീയത വളർത്താനല്ല. ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ഉയർത്തിക്കാട്ടാനും ശ്രമിക്കരുത്. അത് ഇന്ത്യയെന്ന മഹത്തായ സങ്കൽപ്പത്തെ തകർക്കും.
"If any person raises his hand to strike down another on the ground of religion, I shall fight him till the last breath of my life, both as the head of the government and from the outside." പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ഈ വാക്കുകൾ മുൻപെങ്ങും ഇല്ലാത്ത വിധം ഇന്ന് പ്രസക്തമാണ്, അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ അപലപിച്ചിരുന്നു.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരിൽ അരങ്ങേറിയത്. വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിൻ്റെ വളർച്ചയാണെന്ന താക്കീതു വീണ്ടും നൽകുന്നു. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാർത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു.
ഏതു മതത്തിൻ്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications