വിഡി സതീശൻ ഇതേ നാവ് കൊണ്ടാണ് ജമാഅത്തെ ഇസ്ലാമിക്ക് ക്ലീൻ ചീറ്റ് നൽകിയത്; വിമർശിച്ച് എഎ റഹീം
പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിച്ച് എഎ റഹീം എംപി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങൽ"പരാമർശം നടത്തിയ അതേ നാവു കൊണ്ടാണ് ജമാഅത്തെ ഇസ്ലാമിക്ക് വി ഡി സതീശൻ ക്ളീൻ ചിറ്റ് കൊടുത്തതെന്നും'ജമാ അത്തെ ഇസ്ലാമി മാതരാഷ്ട്ര വാദം ഉപേക്ഷിച്ചു'എന്ന് പറഞ്ഞതും അവരെ ചേർത്തു നിർത്തുന്നതും വോട്ടിനു വേണ്ടിയല്ലേയെന്നും റഹീം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
' ഞാനെന്ന മഹാ സംഭവം!! ഞാൻ മഹാനാണ്, ഞാൻ പേടിക്കാത്ത ആളാണ്, ഞാൻ സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങാത്ത ആളാണ്, ഞാൻ വർഗീയ സംഘടനകളുടെ പിന്തുണ ആവശ്യപ്പെടാത്ത ആളാണ്, ഞാൻ വർഗ്ഗീയ സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കാത്ത ആളാണ്,അധികാരം കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുന്ന ആളാണ് ഞാൻ, സർവ്വോപരി ഞാൻ പുസ്തകം വായിക്കുന്ന ആളുമാണ്.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ അത്രമേൽ സ്നേഹിക്കുന്ന വാക്ക് 'ഞാൻ' ആണെന്ന് തോന്നിയിട്ടുണ്ട്. കേരളത്തിലെ സമുദായിക സംഘടനകളോട് വോട്ട് ചോദിക്കുന്നതോ,അവരെ സന്ദർശിക്കുന്നതോ ഒരു തെറ്റുമുള്ള കാര്യമല്ല. അവർ ജനാധിപത്യ സമൂഹത്തിന്റെ ഭാഗമാണ് .
എന്നിട്ടും എന്തിനാണ് തിണ്ണ നിരങ്ങൽ പ്രയോഗം പ്രതിപക്ഷ നേതാവ് നടത്തിയത്?
താൻ വേറിട്ടൊരു മഹാ സംഭവമാണ് എന്ന് പറയാൻ മാത്രമാണ്.
അതാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായർ ഇന്ന് ശ്രീ വി ഡി സതീശൻ "തിണ്ണ നിരങ്ങിയ"സത്യം തുറന്നു പറയാൻ നിർബന്ധിതമായത്. "സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങൽ"പരാമർശം നടത്തിയ ഇതേ നാവു കൊണ്ടാണ് ജമാഅത്തെ ഇസ്ലാമിക്ക് ശ്രീ വി ഡി സതീശൻ ക്ളീൻ ചിറ്റ് കൊടുത്തത്.'ജമാ അത്തെ ഇസ്ലാമി മാതരാഷ്ട്ര വാദം ഉപേക്ഷിച്ചു'എന്ന് പറഞ്ഞതും അവരെ ചേർത്തു നിർത്തുന്നതും വോട്ടിനു വേണ്ടിയല്ലേ? ആർ എസ് എസിന്റെ പിന്തുണ ശ്രീ വി ഡി സതീശൻ തേടിയിട്ടുണ്ട്,അവരുടെ ചടങ്ങിൽ പോയി ഗോൾവൾക്കാറുടെ ഫോട്ടോക്ക് മുന്നിൽ നട്ടെല്ല് വളച്ചു നിന്ന് വിളക്ക് കൊളുത്തിയിട്ടുമുണ്ട്. അതും വോട്ടിനു വേണ്ടി!.
ആർ എസ് എസ് നോടും ജമാഅത്തെ ഇസ്ലാമിയോടും തരാതരം പോലെ ബന്ധം വയ്ക്കുന്ന ഈ ഏർപ്പാട് എത്രമേൽ നമ്മുടെ നാടിന് അപകടകാരമാണ് എന്ന് അങ്ങ് വായിക്കാറുള്ള പുസ്തകങ്ങളിൽ ഒന്നുമില്ലേ??അടുത്ത വർഷത്തെ വായനയിൽ ജവഹർലാൽ നെഹ്‌റുവിനെ കൂടുതൽ ഉൾപ്പെടുത്തുന്നത് നല്ലതാകും.
അധികാര മോഹവും, അഹങ്കാരവും, ഞാനെന്ന ഭാവവും ഉപേക്ഷിക്കുന്നവരാണ് മഹാന്മാർ എന്ന് ചരിത്രവും സാഹിത്യവും അടിവരയിടുന്നുണ്ട്. വായന നമ്മളെ എല്ലവരെയും, താങ്കളെയും കൂടുതൽ നവീകരിക്കട്ടെ'












Click it and Unblock the Notifications