എല്‍ഡിഎഫില്‍ ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം ആര്‍എസ്എസിനെന്ന് സതീശന്‍; 'എഡിജിപിയെ മാറ്റാത്തതെന്ത്?'
തിരുവനന്തപുരം: എല്‍ഡിഎഫില്‍ ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം ആര്‍എസ്എസിനാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ട് പോലും എഡിജിപി അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞതോടെ ഇക്കാര്യം വ്യക്തമായി എന്ന് അദ്ദേഹം പറഞ്ഞു. എഡിജിപിക്കെതിരെ നടപടിയെടുക്കുന്നത് ആര്‍എസ്എസിനെ വേദനിപ്പിക്കും എന്നതിനാലാണ് മുഖ്യമന്ത്രി ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നം അദ്ദേഹം പറഞ്ഞു.
'ഇത്ര ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും ആര്‍എസ്എസ് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെന്ന് എഡിജിപി അജിത് കുമാര്‍ തന്നെ സമ്മതിച്ചിട്ടും ഒരു വിശദീകരണം ചോദിക്കാനോ നടപടിയെടുക്കാനോ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഇത് തന്നെയാണ് ആര്‍എസ്എസ്-സിപിഎം അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും വലിയ തെളിവ്,' വിഡി സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം ആരോപണം നേരിടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്ത നടപടി അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. അജിത് കുമാറിനെ സംരക്ഷിക്കുന്ന അതേ മുഖ്യമന്ത്രിയാണ് സത്യസന്ധനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് എന്നും ഇതുവരെ ഒരു മോശം ട്രാക്ക് റെക്കോര്‍ഡുമില്ലാത്ത മലപ്പുറം എസ്പിക്കെതിരെ ആഭ്യന്തര വകുപ്പ് എന്തിനാണ് നടപടിയെടുത്തത് എന്നും അദ്ദേഹം ചോദിച്ചു.
ഭരണകക്ഷി എംഎല്‍എയെ തൃപ്തിപ്പെടുത്താനാണ് സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് സതീശന്‍ ആരോപിച്ചു. ഇതിലൂടെ മുഖ്യമന്ത്രി പൊലീസ് സേനയ്ക്കും പൊതുസമൂഹത്തിനും എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരാഞ്ഞു. സ്‌കോട്ട്ലന്‍ഡ് യാര്‍ഡിനെ പോലും വെല്ലുന്ന കേരളത്തിലെ പൊലീസ് സേനയെ ഏറാന്‍മൂളികളുടെ സംഘമാക്കി മാറ്റുകയാണ് പിണറായി വിജയന്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഏകാധിപത്യം ഘടകകക്ഷികളുടെ മേല്‍ പോലും അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്ക് സംഘപരിവാറിനെ പേടിയാണ് എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും ആരോപിച്ചു. സിപിഎമ്മിലും എല്‍ഡിഎഫിലും ആര്‍എസ്എസ് സ്വാധീനം വര്‍ധിപ്പിച്ച് കാവിവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് പിണറായി എന്നും അദ്ദേഹം പറഞ്ഞു.
''സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും തിരുത്താന്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്ക് കഴിയുന്നില്ല. സ്വന്തം നിലപാട് ബലികഴിച്ച് സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങേണ്ട ഗതികേടിലാണ് അവര്‍. ആര്‍എസ്എസിനോടുള്ള തീണ്ടിക്കൂടായ്മ സിപിഎം സൗകര്യപൂര്‍വം മറന്നു. പ്രത്യയശാസ്ത്രപരമായ വെല്ലുവിളിയാണ് സിപിഎം നേരിടുന്നത് ആര്‍എസ്എസ് ബന്ധം ഒരു ക്രെഡിറ്റായാണ് ഇപ്പോള്‍ സിപിഎം കാണുന്നത്' സുധാകരന്‍ പറഞ്ഞു.
'സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെ ബന്ധപ്പെടാന്‍ സൗകര്യമുള്ള പാര്‍ട്ടിയാണ് സിപിഎം എന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. ആര്‍എസ്എസ് പ്രധാന സംഘടനയാണെന്നും അതിന്റെ നേതാക്കളെ കണ്ടതില്‍ എന്താണു തെറ്റെന്നുമാണു സ്പീക്കര്‍ ഷംസീര്‍ ചോദിക്കുന്നത്. ഇപി ജയരാജനും ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ചാ വിവാദത്തില്‍ താനും ബിജെപി നേതാക്കളെ കണ്ടിട്ടുണ്ടെന്നും അതിലെന്താ തെറ്റെന്നുമാണു പിണറായി ചോദിച്ചത്,' സുധാകരന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ആര്‍എസ്എസ് പ്രീണനം സിപിഎമ്മിനെ മൊത്തത്തില്‍ ഗ്രസിച്ചിരിക്കുകയാണ് എന്നും അവരുടെ ഇരട്ടമുഖം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു. അജിത്കുമാറിനെപ്പോലെ സംഘപരിവാര്‍ ബന്ധമുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് സിപിഎമ്മിന് ഇപ്പോള്‍ സ്വന്തം മുന്നണിയിലെ ഘടക കക്ഷിനേതാക്കളെക്കാള്‍ പ്രിയം എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications