കൊച്ചിയില്‍ വേടന്റെ ആസാദി യാത്ര ഇന്ന്, കേസ് എടുത്തതില്‍ പ്രതിഷേധം ശക്തം
കൊച്ചി: റാപ്പര്‍ വേടന്‍ നയിക്കുന്ന ആസാദി യാത്ര ഇന്ന് കൊച്ചിയില്‍. ഹൈക്കോടതി ജങ്ഷനില്‍ നിന്ന് തുടങ്ങി രാജേന്ദ്ര മൈതാനം വരെയാണ് യാത്ര. ഭരണഘടനയും അംബേദ്കര്‍ ചിത്രങ്ങളും ഉയര്‍ത്തിയാകും പ്രതിഷേധം. നിരവധി പ്രമുഖര്‍ സംബന്ധിക്കുമെന്നാണ് കരുതുന്നത്. ഡല്‍ഹി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചതായിരുന്നു ആസാദി യാത്ര.
ഡല്‍ഹി സമരം ഇന്നലെ അവസാനിച്ചെങ്കിലും ആസാദി യാത്രയുമായി മുന്നോട്ട് പോകുകയാണ് സംഘാടകര്‍. വേടന്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിക്കെതിരെ കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ പല കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ആസാദി യാത്ര. ഇതോടെ പുതിയ കൂട്ടായ്മ കൊച്ചിയില്‍ രൂപപ്പെടുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന 36 ദിവസം നീണ്ട വിദ്യാര്‍ഥി സമരം ശനിയാഴ്ച അവസാനിച്ചു. ഈ സമരത്തിന് പിന്തുണ നല്‍കി കഴിഞ്ഞ ബുധനാഴ്ച കൊച്ചി പനമ്പിള്ളി നഗര്‍ സെന്‍ട്രല്‍ പാര്‍ക്കിനോട് ചേര്‍ന്ന് വേടന്‍ പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ നടന്നിരുന്നു. നിരവധി പ്രമുഖര്‍ പങ്കെടുത്ത ഈ പരിപാടിക്കെതിരെ സൗത്ത് പോലീസ് കേസെടുത്തു.
ഡല്‍ഹി സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സമാധാനപരമായി നടന്ന കൊച്ചിയിലെ സമരത്തിന് എതിരെ കേസെടുത്തത് ശരിയായില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഡല്‍ഹി സമരത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ സമരം നടത്തിയവര്‍ക്കെതിരെ അദ്ദേഹം നയിക്കുന്ന സര്‍ക്കാര്‍ കേസെടുക്കാമോ എന്ന ചോദ്യമാണ് ഉയരുന്നത്.
വേടന്റെ പരിപാടിക്കെതിരെ കേസെടുത്തതില്‍ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പോലീസ് നടപടി പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് രംഗത്തുവന്നു. കേസെടുത്തില്‍ യോജിപ്പില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സൂചിപ്പിച്ചു. പിന്‍വലിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇതുവരെ കേസ് പിന്‍വലിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. വലിയ തോതില്‍ യുവജന പിന്തുണയുള്ള വ്യക്തിയാണ് വേടന്‍. ഇദ്ദേഹത്തിനെതിരായ നടപടി അനാവശ്യമായി പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന തോന്നല്‍ കോണ്‍ഗ്രസ് നേതാക്കളിലുണ്ട്. ഡല്‍ഹി സമരം അവസാനിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ ആസാദി യാത്രയുടെ മുദ്രാവാക്യം 'നമ്മുടെ വിജയം ജനാധിപത്യത്തിന്റെ വിജയം' എന്നായിരിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുടങ്ങുന്ന പദയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications