വേടന് ജാമ്യം... പുറത്തേക്ക്; വനം വകുപ്പിന്റെ വാദങ്ങള്‍ തള്ളി കോടതി
കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചു എന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് ജാമ്യം അനുവദിച്ച് കോടതി. ജാമ്യം നല്‍കാന്‍ പാടില്ല എന്ന വനം വകുപ്പിന്റെ വാദങ്ങള്‍ തള്ളിയാണ് കോടതിയുടെ നടപടി. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ലെങ്കിലും കേസുമായി വേടന്‍ സഹകരിക്കുന്നുണ്ട് എന്ന വനം വകുപ്പിന്റെ മറുപടി മുഖവിലയ്‌ക്കെടുത്താണ് കോടതി നടപടി.
പ്രസ്തുത ലോക്കറ്റ് തനിക്ക് സമ്മാനമായി ലഭിച്ചതാണ് എന്നും യഥാര്‍ത്ഥ പുലിപ്പല്ലാണ് എന്ന് അറിയില്ലായിരുന്നു എന്നുമാണ് വേടന്‍ കോടതിയില്‍ പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കാം എന്നും ഏത് വ്യവസ്ഥയും അംഗീകരിക്കാം എന്നും വേടന്‍ കോടതിയില്‍ വ്യക്തമാക്കി. യഥാര്‍ത്ഥ പുലിപ്പല്ലാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ സമ്മാനമായി ഇത് വാങ്ങില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പുലിപ്പല്ല് തനിക്ക് നല്‍കിയ രഞ്ജിത്ത് കുമ്പിടി എന്നയാളെ കണ്ടെത്താന്‍ വനം വകുപ്പിനൊപ്പം ഏത് സ്ഥലത്തും വരാന്‍ തയ്യാറാണ് എന്നും വേടന്‍ വ്യക്തമാക്കി. താനയാളെ ഒരു തവണ മാത്രമെ കണ്ടിട്ടുള്ളൂ. ഇനി ഒരു തവണ കൂടി കണ്ടാല്‍ തിരിച്ചറിയുമോ എന്ന് അറിയില്ല എന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ട് എന്നും ജാമ്യം നല്‍കരുത് എന്നുമായിരുന്നു വനം വകുപ്പിന്റെ വാദം.
അതേസമയം വനം വകുപ്പിന്റെ വാദം തള്ളിയ കോടതി വേടന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല എന്നും നിരീക്ഷിച്ചു. ഇതിനോടകം തന്നെ തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. തൊണ്ടിമുതല്‍ വനംവകുപ്പിന്റെ കൈവശം ഉണ്ട് എന്നതിനാല്‍ ഇനിയൊരു വിശദമായ ചോദ്യം ചെയ്യലിന്റെ ആവശ്യം വരുന്നില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
അതിനിടെ വേടന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. വേടന്റെ ഇന്‍സ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. കഞ്ചാവ് കൈവശം വെച്ചതിനാണ് വേടനെ ആദ്യം പിടികൂടിയത്.
എന്നാല്‍ ഈ കേസില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് പുലിപ്പല്ല് കൈവശം വെച്ചു എന്ന കുറ്റം ചുമത്തി വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്യുന്നത്. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്‌ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയത്.
മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരനാണ് പുലിപ്പല്ല് മാലം തനിക്ക് സമ്മാനം തന്നത് എന്നാണ് വേടന്‍ പറയുന്നത്. ഇത് തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വെച്ച് രൂപമാറ്റം വരുത്തി മാലയ്‌ക്കൊപ്പം ചേര്‍ത്തു എന്നും വേടന്‍ വനം വകുപ്പിന് മൊഴി നല്‍കിയിരുന്നു.
തിങ്കളാഴ്ച വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വേടന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ പൊലീസിന്റെ പിടിയിലാകുന്നത്. കഞ്ചാവ് കേസില്‍ അന്ന് തന്നെ വേടന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് പുലിപ്പല്ലുമായി ബന്ധപ്പെട്ട് വനം വകുപ്പ് കേസെടുത്തത്. അതേസമയം വേടനെതിരായ നടപടി ഏകപക്ഷീയമാണ് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
പുലിപ്പല്ല് മാല സുരേഷ് ഗോപി ഉപയോഗിക്കുന്നുണ്ട് എന്നും അദ്ദേഹത്തിനെതിരെ ഇല്ലാത്ത നടപടി എന്തുകൊണ്ടാണ് വേടനെതിരെ വനം വകുപ്പ് സ്വീകരിച്ചത് എന്നുമായിരുന്നു വിമര്‍ശനം. മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ കാണിക്കാത്ത തിടുക്കമാണ് വനം വകുപ്പ് വേടന്റെ കാര്യത്തില്‍ കാണിച്ചത് എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications