മരിച്ചുപോയ അമ്മയുടെ ഫോട്ടോ കണ്ട് വേടന്റെ കണ്ണ് നിറഞ്ഞു; ആ സംഭവങ്ങള്‍ പറഞ്ഞ് മെഹ്ജൂറ
കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് കോഴിക്കോട്ടെ വേടന്റെ ഷോ. ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിക്ക് ആയിരങ്ങളാണ് തമ്പടിച്ചത്. പരിപാടി കഴിഞ്ഞതോടെ ഒരു യുവതി വേടനെ കാണാന്‍ വന്നു. ഫ്രെയിം ചെയ്ത ഫോട്ടോ കൈമാറി. അത് കണ്ടതോടെ വേടന്റെ കണ്ണുകള്‍ നിറഞ്ഞു. വേടന്റെ അമ്മയുടെ ഫോട്ടോയാണ് യുവതി കൈമാറിയത്.
ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടിയായ മാവേലിക്കസിന്റെ ലോഗോ പ്രകാശന ചടങ്ങിലാണ് വേടന്‍ എത്തിയതും ജനങ്ങളെ ഇളക്കിമറിച്ച പാട്ടുകള്‍ പാടിയതും. മാങ്കാവിലെ ലുലു മൈതാനത്തായിരുന്നു പരിപാടി. മന്ത്രി മുഹമ്മദ് റിയാസും വേടനും ഒരുമിച്ചാണ് ഓണാഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചതും ലോഗോ പ്രകാശനം ചെയ്തതും.

വേദിയില്‍ നിന്ന് ഇറങ്ങാനിരിക്കെയാണ് യുവതി ഫോട്ടോയുമായി വേടന്റെ അരികിലെത്തിയത്. മുക്കം മണാശേരി സ്വദേശിയായ മെഹ്ജൂറയായിരുന്നു അത്. അവര്‍ ഫ്രെയിം ചെയ്ത വേടന്റെ അമ്മയുടെ ഫോട്ടോയുമായിട്ടാണ് എത്തിയത്. വേടന് ഫോട്ടോ സമ്മാനിക്കുക എന്നതായിരുന്നു ലക്ഷ്യം. ഫോട്ടോ കണ്ടതോടെ വേടന്റെ മുഖം ദുഃഖത്താല്‍ തളംകെട്ടി.
കൊവിഡ് കാലത്ത് മെഹ്ജൂറയുടെ വീട്ടില്‍ താമസിച്ചിരുന്നു വേടന്റെ അമ്മ. മകന്‍ പാട്ടുകാരനാണെന്നും യുട്യൂബില്‍ ചെറുതായി പാടാറുണ്ട് എന്നും അമ്മ തന്നോട് പറഞ്ഞിരുന്നു എന്ന് മെഹ്ജൂറ മീഡിയവണ്ണിനോട് സംസാരിക്കവെ സൂചിപ്പിച്ചു. വേടന്റെ പാട്ടുകള്‍ യുട്യൂബില്‍ കാണിച്ചുതന്നിരുന്നു. അമ്മ മടങ്ങുന്ന വേളയില്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ വച്ച് മെഹ്ജൂറ എടുത്ത സെല്‍ഫിയാണ് വേടന് അവര്‍ കൈമാറിയത്.
വേടനില്‍ അമ്മയ്ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അവന്‍ നല്ല പാട്ടുകാരാനായാല്‍ കുടുംബം രക്ഷപ്പെടുമെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മകന്‍ ലോകം അറിയുന്ന പാട്ടുകാരനായപ്പോള്‍ കാണാന്‍ അമ്മ ഇല്ലാതെ പോയി. ഒട്ടേറെ വിഷമങ്ങളുണ്ടായിരുന്നു അമ്മയ്ക്ക്. ഒന്നും അവര്‍ മക്കളെ അറിയിച്ചിരുന്നില്ല എന്നും മെഹ്ജൂറ പറഞ്ഞു.
വേടന്റെ അച്ഛനമായും സഹോദരിയുമായും തനിക്ക് നല്ല ബന്ധമുണ്ടെന്ന് മെഹ്ജൂറ പറഞ്ഞു. വേടനെ നേരിട്ട് കണ്ടിരുന്നില്ല. കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനാണ് പറഞ്ഞത് കോഴിക്കോട് വരുന്നുണ്ടെന്നും അപ്പോള്‍ വേദിയില്‍ കയറി ഫോട്ടോ കൈമാറണം എന്നും. അതിന് വേണ്ടിയാണ് മണാശേരിയില്‍ നിന്ന് എത്തിയതെന്നും മെഹ്ജൂറ പറഞ്ഞു.
മരിച്ചുപോയ അമ്മയുടെ ഫോട്ടോ കണ്ടതോടെ വേടന്‍ അപ്‌സറ്റായി എന്ന് മെഹ്ജൂറ പറഞ്ഞു. നേരിട്ട് സംസാരിക്കണമെന്നും വിളിക്കാമെന്നും വേടന്‍ പറഞ്ഞുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. വേടന്റെ അമ്മയുമായി വാട്‌സാപ്പില്‍ ബന്ധമുണ്ടായിരുന്നു. എന്നാല്‍ മാസങ്ങളായി റിപ്ലേ കിട്ടിയിരുന്നില്ല. അച്ഛനെ വിളിച്ചപ്പോഴാണ് അമ്മ മരിച്ച വിവരം അറിഞ്ഞത്. തുടര്‍ന്നാണ് ഫോട്ടോ ഫ്രെയിം ചെയ്ത് കൈമാറാന്‍ തീരുമാനിച്ചതെന്നും മെഹ്ജൂറ പറഞ്ഞു. ഭര്‍ത്താവിനെയും മക്കളെയും കൂട്ടി മണാശേരിയിലെ വീട്ടില്‍ വരുമെന്ന് വേടന്റെ അമ്മ പറഞ്ഞിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ അവര്‍ക്ക് സാധിച്ചില്ലെന്നും മെഹ്ജൂറ പറഞ്ഞു.












Click it and Unblock the Notifications