വേടന് കല്യാണം: വധു നവമിലത: വിവാഹക്കാര്യം പുറത്തുവിട്ടത് എംവി ഗോവിന്ദന്‍: ചടങ്ങുകള്‍ ഇങ്ങനെ
കണ്ണൂര്‍: വ്യത്യസ്തമായ റാപ്പ് ഗാനങ്ങളിലൂടെ മലയാളം ഗാനരംഗത്ത് പുതു വിപ്ലവം സൃഷ്ടിച്ച റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി വിവാഹിതനാകുന്നു. ഫെബ്രുവരി 24-ന് തൃശൂരിലാണ് വിവാഹം നടക്കുന്നത്. രജിസ്റ്റര്‍ വിവാഹമായിരിക്കും. എഴുത്തുകാരിയും തൃശൂര്‍ സ്വദേശിനിയുമായ നവമിലതയാണ് വധു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഗീത പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വിവാഹത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. കണ്ണൂര്‍ തളിപ്പറമ്പില്‍ നടന്ന ഹാപ്പിനെസ് ഫെസ്റ്റ് സമാപന വേദിയിലായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ 'മാഷ് പറഞ്ഞതുപോലെ 24-ാം തീയതി ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്. എന്റെ കല്യാണമാണ്' എന്നാണ് വേടന്‍ കൂട്ടിച്ചേര്‍ത്തു പറഞ്ഞത്.
തൃശൂര്‍ കിരാലൂര്‍ സ്വദേശിയാണ് വേടന്‍. ആരെയും അറിയിക്കാതെ തൃശൂരില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു ഇരുവരും പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ എംവി ഗോവിന്ദന്‍ ഇക്കാര്യം പരസ്യമാക്കിയതോടെ പുറംലോകം അറിയുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും വേടന്റെ കല്യാണത്തിന് വലിയ പ്രചാരണം ലഭിക്കുന്നുണ്ട്. എംവി ഗോവിന്ദന്‍ കല്യാണക്കാര്യം പറഞ്ഞപ്പോള്‍ ആരാധകര്‍ വലിയ കൈയടിയോടെയാണ് ഏറ്റെടുത്തത്.

വേടന്റെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഗാനങ്ങളിലൊന്നായ 'മോണലോവ' നവമിലതയെ കുറിച്ച് എഴുതിയതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. 12 മില്യണ്‍ വ്യൂസാണ് ഈ ഗാനത്തിനു ലഭിച്ചത്.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലെ ഗാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിനു പിന്നാലെയാണ് വിവാഹ വാര്‍ത്തയും പുറത്തു വരുന്നത്. പിതാവിനെ ചലച്ചിത്ര പുരസ്‌കാര വേദിയിലേക്കു വേടന്‍ ക്ഷണിച്ചത് ശ്രദ്ധേയമായിരുന്നു. വോയിസ് ഓഫ് വോയ്‌സ്‌ലെസ് എന്ന പാട്ടിലൂടെയാണ് വേടന്‍ ആദ്യമായി ശ്രദ്ധേയനാകുന്നത്. സ്വതന്ത്ര സംഗീതത്തിലും സിനിമ പിന്നണി ഗാന രംഗത്തും റാപ്പന്‍ വേടന്‍ ഒരുപോലെ ശ്രദ്ധ നേടിക്കഴിഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ആധുനിക ലോകത്തെ ശബ്ദമായിട്ടാണ് വേടനെ വിലയിരുത്തപ്പെടുന്നത്. അവഗണിക്കപ്പെടുന്നവരുടെ വേദനയും രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളാണ് വേടന്‍ പാട്ടുകളിലൂടെ അവതരിപ്പിക്കുന്നത്. ജാതിവിവേചനം, ഭരണകൂട വേട്ട തുടങ്ങിയ വിഷയങ്ങള്‍ പലപ്പോഴും വേടന്റെ പാട്ടുകളിലെ പ്രമേയമാണ്.
അതിനിടെ, ചില വിവാദങ്ങളും വേടനെ തേടിയെത്തിയിരുന്നു. ഒന്നിലേറെ പെണ്‍കുട്ടികളാണ് വേടനെതിരേ ലൈംഗിക പീഡന പരാതികള്‍ പൊലീസിന് നല്‍കിയത്. ഇതുകൂടാതെ പുലിപ്പല്ല് കൈവശം വച്ചതിനും വേടന്‍ അറസ്റ്റിലായിരുന്നു. കേസുകളെ തുടര്‍ന്ന് ചെറിയ കാലത്തേക്ക് സംഗീത പരിപാടികളില്‍ നിന്ന് ഇടവേളയും എടുത്തിരുന്നു. ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുന്നെന്നും അതൊന്നും ആവര്‍ത്തിക്കില്ലെന്നുമുള്ള വേടന്റെ പ്രസ്താവനകള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയിരുന്നു.












Click it and Unblock the Notifications