'കുഞ്ഞു പരിപാടിയായിരുന്നു': ഭരണഘടനയെ സാക്ഷിയാക്കി വേടനും നവമിലതയും വീട്ടില്‍ വിവാഹിതരായി
തൃശൂര്‍: റാപ്പര്‍ വേടനും എഴുത്തുകാരി നവമിലതയും വിവാഹിതരായി. തൃശൂരിലെ തന്റെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ദീര്‍ഘകാല പ്രണയിനിയായ നവമിലതയെ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി സ്വന്തമാക്കിയത്. മലപ്പുറം മഞ്ചേരി സ്വദേശിയാണ് എഴുത്തുകാരിയായ നവമിലത. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. വേടന്റെ ബന്ധുക്കളും നവമിലതയുടെ ബന്ധുക്കളും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ലളിതമായ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
തൃശൂര്‍ മുളങ്കുന്നത്തുകാവിലെ വീട്ടില്‍ സബ് രജിസ്ട്രാര്‍ എത്തിയ ശേഷമാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. വേടന്റെ സ്ഥിരം വേഷമായ കറുത്ത കുര്‍ത്തയാണ് അറിഞ്ഞിരുന്നത്. പീകോക്ക് ബ്ലൂ നിറമുള്ള സാരിയില്‍ അതിമനോഹരിയായാണ് നവമിലത വേടന്റെ വീട്ടിലെത്തിയത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിട്ടുള്ള രഞ്ജു രഞ്ജുമാരാണ് വധുവിനെ ഒരുക്കിയത്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. വലിയ ആര്‍ഭാടങ്ങളോ ചടങ്ങുകളോ ഇല്ലാതെയാണ് വീട്ടില്‍ വച്ച് വിവാഹം നടത്തിയത്. ഇതിനുശേഷം പൂമലയിലെ റിസോര്‍ട്ടില്‍ ബന്ധുക്കള്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കും ആയി ചെറിയ രീതിയില്‍ വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്.

രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം നടത്തിയാല്‍ അത് ആരാധകരുടെ വലിയ തിരക്കിനിടയാക്കും എന്ന കാരണത്താലാണ് വിവാഹ രജിസ്‌ട്രേഷന്‍ വീട്ടിലേക്ക് മാറ്റിയത്. കുറച്ചുദിവസം മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ ബാച്ചിലേഴ്‌സ് പാര്‍ട്ടിയുടെ ചിത്രങ്ങള്‍ വേടനും നവമിലതയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. വിവാഹശേഷം ഇരുവരും ബാല്‍ക്കണിയില്‍ എത്തി ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയിലെ ഗാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനു പിന്നാലെയാണ് ഇരട്ടി മധുരമായി വിവാഹവും നടന്നത്.
വിവാഹശേഷം വേടന്റെ ആദ്യ പ്രതികരണം ഇങ്ങനെ: 'ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണിത്. എന്റെ വിജയത്തിലും എപ്പോഴും കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദിയുണ്ട്. പ്രതീക്ഷിച്ചതിനേക്കാളും അടിപൊളിയായിട്ടാണ് പരിപാടികള്‍ നടന്നത്. അതിന് കാരണം നിങ്ങള്‍ എല്ലാവരുടെയും അനുഗ്രഹമാണ്. ഒരുപാട് സന്തോഷമുണ്ട്. വളരെ കുഞ്ഞു പരിപാടിയായിരുന്നു. എന്റെ വീട് പോലും അലങ്കരിച്ചിട്ടില്ല. അത്രയും കുഞ്ഞു പരിപാടിയായിരുന്നു. എന്റെ ആരാധകര്‍ക്ക് അത് മനസിലാകും. ഭരണഘടനയെ സാക്ഷി നിര്‍ത്തിയാണ് വിവാഹം കഴിച്ചത്. അത് ഭാവിയില്‍ നമ്മുടെ മക്കള്‍ക്കും എല്ലാവര്‍ക്കും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു'.












Click it and Unblock the Notifications